ന്യൂഡൽഹി: പുണ്യഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബുമായി ഇന്ത്യയിലേക്ക് വരാനൊരുങ്ങിയ 60 സിഖുകാരെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം തടഞ്ഞു. സരൂപ് എന്നറിയപ്പെടുന്ന പുണ്യഗന്ഥത്തിന്റെ പകർപ്പ് ഒപ്പം കൊണ്ടുവരാനാണ് അനുമതി നിഷേധിച്ചത്. ബിർ എന്നും പഞ്ചാബിയിൽ ഇതറിയപ്പെടുന്നു. ഓരോ ബിറിനും 1430 പേജുകളുണ്ട്. ഓരോ പേജിലെയും സൂക്തങ്ങൾ ഒന്നുതന്നെയാണ്. ഗുരുഗ്രന്ഥ സാഹിബിന്റെ സരൂപിനെ ജീവിക്കുന്ന ഗുരുവായി, വളരെ ആദരവോടെയാണ് സിഖുകാർ കണക്കാക്കുന്നത്.

മതസൂക്തങ്ങൾ അഫ്ഗാനിസ്ഥാന്റെ പൈതൃകത്തിന്റെ ഭാഗമായതുകൊണ്ട് ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ ആകില്ലെന്ന വിചിത്ര ന്യായമാണ് താലിബാൻ പറയുന്നത്. സിഖുകാരുടെ മതകാര്യങ്ങളിലുള്ള നേരിട്ടുള്ള ഇടപടലാണ് ഇതെന്നും, താലിബാൻ സർക്കാർ നടപടിയെ ശക്തമായി അപലപിക്കുന്നുനെന്നും അമൃത്സർ കേന്ദ്രമായുള്ള സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് ഹർജിന്ദർ സിങ് ധാമി പ്രതികരിച്ചു.

ഡിസംബറിൽ, താലിബാൻ ഭരണകൂടം അധികാരമേറ്റ ശേഷം, അടിയന്തര ഒഴിപ്പിക്കലുകൾ ഇന്ത്യ നടത്തുന്നതിടെ, അഫ്ഗാൻ സിഖുകാർക്ക് പുണ്യ ഗ്രന്ഥം കൊണ്ടുവരുന്നതിന് തടസ്സങ്ങൾ നേരിട്ടിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ നീക്കം, അഫ്ഗാൻ സിഖ് സമുദായത്തിന് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അഫ്ഗാനിൽ തന്നെ തങ്ങുന്ന സിഖുകാർക്ക് നാട്ടിൽ കുടുംബമുണ്ട്. ഗുരുദ്വാരകൾ സംരക്ഷിക്കാൻ വേണ്ടിയാണ് വളരെ കാലം മുമ്പേ കുടിയേറിയവർ അവിടെ തുടരുന്നത്. 20,000 അഫ്ഗാൻ സിഖുകാരുണ്ടെന്നാണ് കണക്ക്. അവരിൽ ഏറിയ പങ്കും ഡൽഹിയിലാണ്. 1990 കൾ മുതലാണ് അഫ്ഗാൻ സിഖുകാർ അവിടം വിടാൻ തുടങ്ങിയത്. ഇപ്പോൾ ആകെ 100 ൽ താഴെ പേർ മാത്രമേ അവിടെ തങ്ങുന്നുള്ളു.

ഗുരുദ്വാരകൾക്ക് നേരേ ഉണ്ടാകുന്ന ആക്രമണങ്ങൾ പൊറുതിമുട്ടിച്ചിരിക്കുന്നതിടെയാണ് സർക്കാർ തന്നെ പുതിയ പീഡനമുറയുമായി ഇറങ്ങിയിരിക്കുന്നത്. അവിടെ നടക്കുന്ന അക്രമങ്ങൾ കാരണമാണ് ഉള്ളവർ കൂടി അഫ്ഗാനിസ്ഥാൻ വിടുന്നതെന്ന് ഹർജിന്ദർ സിങ് ധാമി പറഞ്ഞു.

സിഖുകാർക്ക് അവിടെ തുടരാൻ ആയില്ലെങ്കിൽ, ഗുരുദ്വാര സാഹിബുകൾ ആരു നോക്കുമെന്നതാണ് സമുദായത്തിന്റെ ആശങ്ക. പ്രധാനമന്ത്രിയും, വിദശകാര്യമന്ത്രിയും വിഷയത്തിൽ ഇടപെട്ട്, അഫ്ഗാനിസ്ഥാനിലെ സിഖുകാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാണ് സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ആവശ്യപ്പെടുന്നത്.

സിഖുകാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ തടസ്സമില്ലെങ്കിലും, ഗുരുഗ്രന്ഥ സാഹിബ് എടുക്കരുത് എന്നാണ് താലിബാൻ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഉത്തരവ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഘം ഡൽഹിയിൽ എത്തേണ്ടിയിരുന്നത്. ശ്രീ ദർബാർ സാഹിബിൽ ആരാധന നടത്താനാണ് അവർ വരാനിരുന്നത്. ഇതോടെ, സംഘം യാത്ര ഉപേക്ഷിച്ചു. അഫ്ഗാനിൽ തുടർന്നില്ലെങ്കിൽ, ഗുരുദ്വാരകളും, ഗുരുഗ്രന്ഥസാഹിബും എങ്ങനെ സംരക്ഷിക്കുമെന്നാണ് സിഖുകാരുടെ ആശങ്ക. അതുകൊണ്ടാണ് ഇന്ത്യയിലേക്ക് വരുമ്പോൾ, ഗുരുഗ്രന്ഥ സാഹിബ് കൂടി ഒപ്പം കൊണ്ടുവരുന്നത്.