ചെന്നൈ: രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുന്നു എന്ന വാർത്തകൾക്കിടെ രാഷ്ട്രീയം പറഞ്ഞ് നടൻ വിജയ്. പണം വാങ്ങി വോട്ട് നൽകുന്നവർ സ്വന്തം വിരൽ കൊണ്ട് സ്വന്തം കണ്ണിൽ കുത്തുകയാണ് ചെയ്യുന്നതെന്ന് വിജയ് പ്രതികരിച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളത്തെ വോട്ടർമാരാണ് നിങ്ങൾ എന്നു പറഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ വിജയ് ചൂണ്ടിക്കാട്ടിയത്. ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവർ ഒന്നര ലക്ഷം പേർക്ക് അതുകൊടുക്കുന്നുണ്ടെങ്കിൽ അത് 15 കോടി രൂപയാണ്. അപ്പോൾ അയാൾ അതിന് മുൻപ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. നിങ്ങൾ വീട്ടിൽ ചെന്ന് മാതാപിതാക്കളോട് പറയൂ, ഈ കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന്. നിങ്ങൾ പറഞ്ഞാൽ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാൻ പലരും ഉണ്ടാകും. നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവർത്തിക്കണം, വിജയ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ വാർത്തകൾക്കു പിന്നിൽ ഒളിപ്പിച്ച ലക്ഷ്യങ്ങളുണ്ട്. അത് തിരിച്ചറിയണമെങ്കിൽ പാഠപുസ്തകങ്ങൾക്ക് അപ്പുറത്തേക്ക് പഠിക്കണം. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. നമ്മുടെ നേതാക്കളെക്കുറിച്ച്, അംബേദ്കർ, പെരിയാർ, കാമരാജ് ഇവരെക്കുറിച്ചൊക്കെ പഠിക്കണം. എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്, വിജയ് പറഞ്ഞു.

നമ്മുടെ കയ്യിൽ ഭൂമി ഉണ്ടെങ്കിൽ അതിനെ തട്ടിയെടുക്കും പണം ഉണ്ടെങ്കിൽ പിടിച്ചുപറിക്കും പക്ഷെ വിദ്യാഭാസം മാത്രം ആർക്കും തട്ടിയെടുക്കാൻ സാധിക്കില്ല എന്നും വിജയ് പറഞ്ഞു. തന്നെ ഒരുപാട് ചിന്തിപ്പിച്ച സംഭാഷണം ആണിതെന്നും അതിലെ ഓരോ കാര്യവും 100 ശതമാനം ശരിയാണെന്നും വിജയ് പറഞ്ഞു. കൂടാതെ പണം വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കണമെന്നും വിജയ് വിദ്യാർത്ഥികളോട് പറഞ്ഞു.

സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് വിജയ് ഉപഹാരവും കാഷ് അവാർഡും സമ്മാനിച്ചു. നടൻ വിജയുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ആണ് ചടങ്ങ് സംഘടിപ്പിച്ചത്. നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള നടപടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ആണ് വിജയ്‌യുടെതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ലളിത് കുമാറിന്റെ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസും ജഗദീഷ് പളനിസ്വാമിയുടെ ദ റൂട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, മിഷ്‌കിൻ, ഗൗതം മേനോൻ, ബാബു ആന്റണി, മാത്യൂ തോമസ് എന്നിവരാണ് ലിയോയിലെ മറ്റു താരങ്ങൾ. ചിത്രത്തിലെ ആദ്യ ഗാനം വിജയ്യുടെ പിറന്നാൾ ദിനമായ ജൂൺ 22ന് പുറത്തിറങ്ങും.