ന്യൂഡൽഹി: നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ പേരിലാണ് അനിൽ ആന്റണിക്ക് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനങ്ങൾ നഷ്ടമായത്. ഇപ്പോൾ വീണ്ടും തന്റെ നിലപാടിൽ ഉറച്ചു നിന്നു കൊണ്ട് വീണ്ടും രംഗത്തുവന്നിരിക്കയാണ് അനിൽ. ബിബിസിക്കെതിരെ വീണ്ടും വിമർശനമാണ് എ കെ ആന്റണിയുടെ മകൻ ഉന്നയിക്കുന്നത്.

കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ മുമ്പ് പലതവണ ബിബിസി നൽകിയിട്ടുണ്ടെന്നും അനിൽ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്തു കൊണ്ട് ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കു വച്ചാണ് അനിലിന്റെ ട്വീറ്റ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും അനിലിനെതിരെ നേരത്തെ വിമർശനമുന്നയിച്ച് രംഗത്തെത്തിയ മുതിർന്ന നേതാവ് ജയ്‌റാം രമേശിനെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

ഭാരത് ജോഡോ യാത്ര കാശ്മീരിൽ സമാപിക്കാനിരിക്കേയാണ് കാശ്മീരിനെ പരാമർശിച്ചു കൊണ്ടുള്ള അനിൽ ആന്റണിയുടെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്. ഇതോടെ അനിൽ എന്താണ് ഉന്നം വെക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. എ കെ ആന്റണിയുടെ മകൻ എന്ന നിലയിൽ അനിലിനെ രണ്ടും കൈയും നീട്ടി സ്വീകരിക്കനൻ ബിജെപി തയ്യാറാണ്. ഭാവിയിൽ എന്താകുമെന്ന് പറയാനാകില്ലെന്ന് പറഞ്ഞ് അനിൽ അത്തരം സാധ്യതകൾ നേരത്തെ തള്ളിയിരുന്നുമില്ല.

കുറച്ചുനാളായി ബിജെപി. നേതൃത്വവുമായി അനിലിന് അടുത്ത ബന്ധമുണ്ടെന്ന നിരീക്ഷണങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. പ്രമുഖ ക്രൈസ്തവസഭയുടെ പിന്തുണയും അനിലിനുണ്ടെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. സഭയുടെ പിന്തുണയോടെ കേരളത്തിൽ മൂന്നു സീറ്റാണു ബിജെപി. ഉന്നം വയ്ക്കുന്നത്. നാലു സീറ്റിൽ മികച്ച മുന്നേറ്റം നടത്താമെന്നും പാർട്ടി കണക്കുകൂട്ടുന്നു. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി പ്രഫഷണലുകളെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ബിജെപി. ശ്രമം നടത്തുന്നുണ്ട്. ഈ നീക്കത്തിൽ അനിലിന് ഏറെ സഹായിക്കാനാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

കോൺഗ്രസ് പ്രവർത്തക സമിതി അംഗത്തിന്റെ മകനെതന്നെ ലഭിച്ചാൽ, ദേശീയ തലത്തിലും ബിജെപിക്കു വലിയ നേട്ടമാണ്. ഉയർന്ന സ്ഥാനം നൽകാൻ അവർ തയാറുമാണ്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി സി.ബി.സിഐ. പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി. നേതൃത്വവുമായി സഹകരിക്കാൻ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഈ സന്ദർശനവും അനിലിന്റെ നിലപാടുകളും കൂട്ടിവായിക്കുന്നവരുണ്ട്.

കേരളത്തിൽ ക്രൈസ്തവ സമൂഹത്തിൽനിന്ന് ഉയർത്തിക്കാണിക്കാവുന്ന മുഖം ഇപ്പോൾ ബിജെപിക്കില്ല. അൽഫോൻസ് കണ്ണന്താനം, പി.സി. തോമസ് എന്നിവരെയടക്കം പരീക്ഷിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് അനിൽ ആന്റണിയെ അടുപ്പിക്കാനുള്ള ബിജെപി. നീക്കം. ബിജെപി. മാത്രമാണ് അനിലിനെ പിന്തുണച്ചു രംഗത്തു വന്നതെന്നതും ശ്രദ്ധേയം. ബി.ബി.സിയുടെ ഡോക്യുമെന്ററിയെ എതിർത്തതിലൂടെ കോൺഗ്രസ്സിൽ നിന്ന് രൂക്ഷ വിമർശനം നേരിടേണ്ടിവന്നതോടെ പാർട്ടിയിൽ നിന്നു രാജിവച്ച അനിൽ ഉടനേ വേറെ പാർട്ടിയിലേക്കില്ലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ബിജെപി. പ്രതീക്ഷയിലാണ്.

ശശി തരൂരിനെതിരായ പാർട്ടി നിലപാടോടെയാണു അനിൽ കോൺഗ്രസിൽ നിന്നും അകന്നത്. അനിലിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൊന്നും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയേപ്പറ്റി യാതൊന്നും പരാമർശമില്ല. കെപിസിസി. ഡിജിറ്റൽ മീഡിയ കൺവീനർ, എ.ഐ.സി.സി. ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ ഇരുന്നുകൊണ്ടു അനിൽ ഫലപ്രദമായി ഒന്നും ചെയ്തില്ലെന്ന ആരോപണമുണ്ട്.