തിരുവനന്തപുരം : കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ, കേരളത്തിലെ മുതിർന്ന നേതാക്കൾ പക്ഷം പിടിക്കുന്നതിൽ ശശി തരൂർ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും,മല്ലികാജുൻ ഖാർഗേക്കായി പ്രചാരണത്തിന് ഇറങ്ങാൻ രമേശ് ചെന്നിത്തല. വിവിധ സംസ്ഥാനങ്ങളിൽ ഖാർഗെക്കൊപ്പം പ്രചാരണം നടത്തും. 7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളിൽ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും പ്രചാരണം നടത്തും.

നിലവിൽ ചെന്നിത്തല കോൺഗ്രസിന്റെ ഔദ്യോഗിക പദവിയൊന്നും വഹിക്കാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാർഗനിർദ്ദേശത്തിന് വിരുദ്ധമാകില്ല. നേരത്തെ ചെന്നിത്തലക്ക് പിന്നാലെ കെ സുധാകരൻ, വി.ഡി സതീശൻ തുടങ്ങിയ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഖാർഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പാർട്ടി പ്രവർത്തന പരിചയവും പാരമ്പര്യവും മല്ലിഗാർജുൻ ഖാർഗേക്ക് തന്നെയാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്നും ചെന്നിത്തല വിശദീകരിച്ചു. ഞങ്ങളാരും തരൂരിനെ എതിർത്തിട്ടില്ല. അദ്ദേഹം മൂന്ന് തവണ പാർലമെന്റേറിയനായിരുന്നു. കേന്ദ്രമന്ത്രിയുമാക്കി. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ കൂടി പിന്തുണയോടെയാണ് അതെല്ലാമുണ്ടായത്. പക്ഷേ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന ഒരാൾക്ക് പാർട്ടി രംഗത്ത് പ്രവർത്തിച്ച മുൻകാല പരിചയം വേണം. അതുകൊണ്ടാണ് പാർട്ടിയിൽ പ്രവർത്തന പരിചയമുള്ള ഖാർഗെയെ പിന്തുണക്കുന്നത്. മഹാഭൂരിപക്ഷം ഡെലിഗേറ്റുകളും ഖാർഗെയെ പിന്തുണക്കുമെന്നാണ് താൻ കരുതുന്നതെന്നും ചെന്നിത്തല വിശദീകരിച്ചു.

കേരളത്തിൽ നിന്നുള്ള നേതാക്കളാണ് തന്നെ എതിർക്കുന്നതെന്ന തരൂരിന്റെ വാക്കുകളോടും ചെന്നിത്തല പ്രതികരിച്ചു. ഇത് ദേശീയ കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള മത്സരമാണെന്നും അതിനെ കേരളത്തിൽ നിന്നുള്ള പിന്തുണയില്ലെന്ന രീതിയിൽ വിലയിരുത്തരുതെന്നും ചെന്നിത്തല പറഞ്ഞു. യുവനേതാക്കൾ ശശി തരൂരിനെ പിന്തുണക്കുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോൺഗ്രസ് അധ്യക്ഷനാകാൻ മല്ലികാർജുൻ ഖർഗെയാണ് പറ്റിയ ആളെന്നും തന്റെ വോട്ട് അദ്ദേഹത്തിനായിരിക്കുമെന്നും കെ.മുരളീധരൻ എംപി. തന്റെ സ്‌നേഹം തരൂരിനും വോട്ട് ഖർഗെയ്ക്കുമായിരിക്കുമെന്ന് കെ.മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ മനസ്സ് അറിയുന്ന ആളാകണം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു വരേണ്ടത്. അധ്യക്ഷൻ താഴേത്തട്ടിൽനിന്നു സ്വന്തം അധ്വാനത്തിലൂടെ ഉയർന്നു വന്ന മല്ലികാർജുൻ ഖർഗെ ആകണം. തരൂരിനു സാധാരണക്കാരുമായുള്ള ബന്ധം അൽപ്പം കുറവാണ്. അതിന് അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ല. തരൂർ വളർന്നുവന്ന സാഹചര്യം വ്യത്യസ്തമാണ്. അദ്ദേഹം നയതന്ത്ര രംഗത്താണ് പ്രവർത്തിച്ചത്.

പാർട്ടിക്ക് സാധാരണക്കാർ മുതൽ നയതന്ത്ര വിദഗ്ധരെ വരെ ആവശ്യമുണ്ട്. തരൂരിനും പാർട്ടി ഘടനയിൽ സ്ഥാനമുണ്ട്. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ യോജിച്ചയാൾ മല്ലികാർജുൻ ഖർഗെയാണ്. അദ്ദേഹത്തിന് 80 വയസായി എന്നാണ് ഒരു ആരോപണം. മനസ്സ് എത്തുന്നിടത്ത് ശരീരം എത്തിയാൽ പ്രായം പ്രശ്‌നമല്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആഭ്യന്തര പ്രശ്‌നങ്ങളുണ്ടാകുമ്പോൾ പരിഹരിക്കുന്നത് ഖർഗെയാണ്.

കേരളത്തിൽ പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ പരിഹാര നിർദേശങ്ങൾ നൽകിയതും രാജസ്ഥാനിലെ പ്രശ്‌നങ്ങൾ പരിഹരിച്ചതും ഖർഗെയാണ്. ഇതിനർഥം തങ്ങളാരും തരൂരിന് എതിരാണെന്നല്ലെന്നും എല്ലാവരും ഒരുമിച്ചാണ് ബിജെപിക്കെതിരെ പോരാടുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു. പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ജനങ്ങളെ ആകർഷിക്കാനും ഖർഗെയ്ക്കു കഴിയും. മറ്റു പാർട്ടികളെ യോജിപ്പിച്ച് ബിജെപിക്കെതിരെ പോരാടുന്ന നേതാവാണ് അദ്ദേഹം. തരൂർ മുന്നോട്ടുവച്ച ആശയങ്ങളോടു യോജിപ്പുണ്ട്. അദ്ദേഹം കാണാൻ ക്ഷണിച്ചാൽ തന്റെ നിലപാടുകൾ നേരിട്ടു പറയും. ആര് എഐസിസി പ്രസിഡന്റായി വന്നാലും താൻ അംഗീകരിക്കും. തരൂർ മികച്ച പാർലമെന്റേറിയനാണ്. എന്നാൽ, പാർട്ടിയിലെ എല്ലാവരെയും നയിക്കാൻ പറ്റിയ നേതാവ് ഖാർഗെയാണ്.

അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ഭാരത് ജോഡോ യാത്ര ഉണ്ടാക്കിയ ഉണർവിനെ തകർക്കാനായിട്ടില്ല. അധികാര സ്ഥാനങ്ങളിലേക്കുള്ള നോമിനേഷനുകളിൽ പലർക്കും പരാതിയുണ്ട്. അതിനു പരിഹാരം തിരഞ്ഞെടുപ്പാണ്. അടുത്ത തവണ കേരളത്തിൽ ബൂത്ത് തലംമുതൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തും. കോൺഗ്രസിനെ വിമർശിക്കുന്നവർ പോലും പാർട്ടിയിൽ ഇപ്പോൾ ജനാധിപത്യം വന്നു എന്ന അഭിപ്രായക്കാരാണ്. അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒന്നിച്ചുണ്ടാകുമെന്നും കെ.മുരളീധരൻ പറഞ്ഞു.

കൂടുതൽ എതിർക്കുന്നത് കേരളത്തിലെ നേതാക്കളെന്ന് ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിലും മറ്റു കാര്യങ്ങളും തന്നെ ഏറ്റവും കൂടുതൽ എതിർക്കുന്നത് കേരളത്തിലെ നേതാക്കളെന്ന് ശശി തരൂർ. മറ്റൊരാളെ ചവിട്ടി താഴ്‌ത്തി നേടുന്ന വിജയം വിജയമല്ല. മറ്റൊരാൾക്ക് വിഷം കൊടുത്തോ ചവിട്ടി താഴ്‌ത്തിയോ വളർന്ന നേതാവല്ല താനെന്നും തരൂർ ഓർമിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സിന്ധു സൂര്യകുമാറിന് നല്കിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്രയധികം വിരോധം വേറെയെവിടെനിന്നും കേട്ടിട്ടില്ല. എല്ലാവർക്കും അവരവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും തരൂർ പറഞ്ഞു.

തരൂരിനെതിരെ നീക്കങ്ങൾ നടത്തുന്നത് കെ.സി വേണുഗോപാലാണോ എന്ന ചോദ്യത്തിന് അത്തരമൊരു അറിവ് മാധ്യമങ്ങളിലൂടെ മാത്രമേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്നോട് ആരും ഇക്കാര്യം പറഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കെ.സി വേണുഗോപാലിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'പാർട്ടിൽ ആരെയും ഞാൻ ഇതുവരെ വിമർശിച്ചിട്ടില്ല. എനിക്കെതിരെ സംസാരിച്ച പലരും ഉണ്ടെന്ന് എനിക്കറിയാം. കാരണം, മാധ്യമങ്ങളിൽ അതൊക്കെ കാണുന്നുണ്ടല്ലോ. ആർക്കെതിരെയും സംസാരിക്കുന്നത് പക്ഷേ എന്റെ രീതിയല്ല', തരൂർ പറഞ്ഞു.