കണ്ണൂർ: കൊത്തികൊത്തി മുറത്തിൽ കയറി കൊത്തിയപ്പോൾ കണ്ണൂരിലെ പൊലീസിനെതിരെതിരെ തിരിഞ്ഞ് സി.പി. എം പ്രവർത്തകർ. മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന പൊലീസ് യാതൊരു പരിഗണനയും നൽകാതെ പാർട്ടി പ്രവർത്തകർക്കെതിരെ കാപ്പ ചുമത്തുന്നതിനെതിരെയാണ് പ്രതിഷേധം പുകയുന്നത്. ഇതിന്റെ ഭാഗമായി പാനൂരിലെ സി.പി. എം പ്രാദേശിക നേതാവിനെ കാപ്പ ചുമത്തി നാടുകടത്തിയതിൽ പ്രതിഷേധിച്ച് സി.പി. എം പ്രവർത്തകർ മീത്തലെ ചമ്പാട് പ്രതിഷേധ പ്രകടനംനടത്തി.

കെ.സി.കെ നഗർ മുൻബ്രാഞ്ച് സെക്രട്ടറി കണിയാൻങ്കണ്ടി ഹൗസിൽ രാഗേഷിനെതിരെയാണ് പൊലീസ് കാപ്പചുമത്തി നാടുകടത്തിയത്. ഇതിൽ പ്രതിഷേധിച്ചാണ് മീത്തലെ ചമ്പാടിൽ സി.പി. എം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം അൻപതിലേറെ പേർ പങ്കെടുത്തു.

രാഗേഷിനെതിരെ കാപ്പചുമത്തിയതിൽ സി.പി. എം പ്രാദേശിക നേതൃത്വത്തിനും അതൃപ്തിയുണ്ട്. കാപ്പ ബോർഡിൽ ഇതിനതിരെ അപ്പീൽ നൽകാനും തീരുമാനിച്ചിട്ടുണ്ട്. പന്ന്യന്നൂർ സ്വദേശിയായ രാഗേഷിനെതിരെ പാനൂർ പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ നിലവിലുണ്ട്. ദോഹോപദ്രവം, സ്ഫോടക വസ്തു കൈക്കാര്യം ചെയ്യൽ, വീട്ടിൽ അതിക്രമിച്ചു കയറൽ, ലഹള നടത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ എന്നിങ്ങനെയാണ് ഇയാൾക്കെതിരെയുള്ള കുറ്റങ്ങൾ. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത്കുമാറിന്റെ റിപ്പോർട്ടുപ്രകാരം കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജിയാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്താൻ ഉത്തരവിട്ടത്. 2023-കാലയളവിൽ ഇതുവരെയായി 55 പേർക്കെതിരെയാണ് കാപ്പ ചുമത്താൻ ശുപാർശനൽകിയത്.

ഇതിൽ 14- പേരെ ജില്ലയിൽ പ്രവേശിക്കുന്നതു വിലക്കികൊണ്ടു പൊലിസ് കാപ്പ ചുമത്തി നാടുകടത്തുകയായിരുന്നു. ബിജെപി, സി.പി. എംപ്രവർത്തകർക്കെതിരെയാണ് കൂടുതൽ കാപ്പ ചുമത്തിയിട്ടുള്ളത്. സാമൂഹ്യവിരുദ്ധ തടയൽ(2007) നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിനു വേണ്ടി കണ്ണൂർ ജില്ലാകലക്ടർക്കും റെയ്ഞ്ച് ഡി. ഐ.ജിക്കുമാണ് കണ്ണൂർ സിറ്റിപൊലീസ് കമ്മിഷണർ റിപ്പോർട്ടു നൽകുന്നത്. സംഘർഷബാധിത പ്രദേശങ്ങളുള്ള പൊലിസ് സ്റ്റേഷനുകളിൽ നിന്നാണ് ഇതിനായുള്ള വിവരങ്ങൾ ശേഖരിക്കുന്നത്.

ഇതിൽ കാപ്പ സെക്ഷൻ മൂന്ന്-പ്രകാരം 25 സാമൂഹ്യവിരുദ്ധരെ കരുതൽ തടങ്കൽ പാർപ്പിക്കുന്നതിനും കാപ്പ ആക്ട് 15-പ്രകാരം മുപ്പത് സാമൂഹ്യവിരുദ്ധരെ ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടും ഇത്തരക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ശുപാർശ നൽകിയത്. ഇതുപ്രകാരം 13- പേർക്കെതിരെ കണ്ണൂർ കലക്ടർ എസ്. ചന്ദ്രശേഖർ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കണ്ണൂർ ഡി. ഐ.ജിയുടെ ഉത്തരവ് പ്രകാരം പതിനാലുപേർക്കെതിരെ ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടും സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിച്ചുകൊണ്ടും ഉത്തരവിടുകയും ചെയ്തു. ശുപാർശകൾ നടത്തിയതിൽ പൊലിസ് നടപടി സ്വീകരിച്ചുവരികയാണ്.തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പ ആക്ടുപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് സിറ്റിപൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ അറിയിച്ചു.