ന്യൂഡൽഹി: ലോ ഫ്‌ളോർ ബസ് ഇടപാടിൽ അഴിമതി ആരോപണം ഉയർന്നതോടെ ഡൽഹിയിലെ ആംആദ്മി സർക്കാറിനെതിരേ വീണ്ടും സിബിഐ അന്വേഷണം. ഡൽഹി ലെഫ്. ഗവർണർ വികെ സക്സേനയാണ് അന്വേഷണത്തിന് അനുമതി നൽകിയത്. മദ്യനയ ക്രമക്കേടിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എഎപി സർക്കാരിനേതിരായ മറ്റൊരു കേസുകൂടി സിബിഐയ്ക്ക് വിട്ടത്.

ഡൽഹിയിലെ ആം ആദ്മി സർക്കാർ 1000 ലോ ഫ്‌ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 2021 ഓഗസ്റ്റ് 16ന് 1000 ലോ ഫ്‌ളോർ ബസുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെനന്നായിരുന്നു ബിജെപിയുടെ പരാതി. ഇക്കാര്യം അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആവശ്യപ്പെട്ടിരുന്നു. ഡൽഹി മുൻ എൽജി അനിൽ ബൈജൽ ഇക്കാര്യം പരിശോധിക്കാൻ മൂന്നംഗ സമിതി രൂപീകരിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

2019-ൽ ബസുകൾ വാങ്ങിയതിലും വാർഷിക അറ്റകുറ്റപ്പണികൾക്കായുള്ള 2020-ലെ കരാറിലും അഴിമതിയുണ്ടെന്ന പരാതി മാസങ്ങൾക്ക് മുൻപാണ് ഗവർണർക്ക് ലഭിച്ചത്. ഇതിൽ പ്രാഥമികമായ പരിശോധന നടത്താനും സർക്കാർ വകുപ്പുകളിൽ നിന്ന് വിശദീകരണം തേടാനും ലഫ്.ഗവർണർ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ചില ക്രമക്കേടുകൾ പദ്ധതി നടത്തിപ്പിലുണ്ടായി എന്ന റിപ്പോർട്ടാണ് ചീഫ് സെക്രട്ടറി സമർപ്പിച്ചത്. ഇതേത്തുടർന്നാണ് ഗവർണർ കേസിലെ അന്വേഷണം സിബിഐയ്ക്ക് ശുപാർശ ചെയ്തത്.

ബസ്സുകൾ ടെൻഡർ നൽകുന്നതിനും വാങ്ങുന്നതിനുമായുള്ള കമ്മറ്റിയുടെ ചെയർമാനായി ഗതാഗത മന്ത്രിയെ നിയമിച്ചത് അഴിമതി നടത്താനാണ് എന്ന ആക്ഷേപം പരാതിയിലുണ്ട്. നേരത്തേ ഗവർണറുടെ ശുപാർശ പ്രകാരമാണ് മദ്യനയക്കേസിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, ഗുരുതരമായ ഒട്ടേറെ ആരോപണങ്ങൾ നേരിടുന്നയാളാണ് ലഫ് ഗവർണറെന്നും ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സംസ്ഥാന സർക്കാരിനെതിരേ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചതെന്നും എഎപി ആരോപിച്ചു. എഎപി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.