ന്യൂഡൽഹി: രാജ്യസഭയിലെ യാത്രയയപ്പു സമ്മേളനത്തിൽ തന്നെപ്പറ്റി സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതുമ്പിയതിൽ വിശദീകരണവുമായി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഈ വർഷം ഫെബ്രുവരി 9ന് രാജ്യസഭയിൽനിന്നു വിരമിക്കുന്ന അംഗങ്ങളുടെ യാത്രയയപ്പു സമ്മേളനത്തിലാണു ഗുലാം നബിയെപ്പറ്റി പരാമർശിക്കവെ പ്രധാനമന്ത്രി മോദി വികാരാധീനനായത്.

അന്നു കോൺഗ്രസ് നേതാവായിരുന്ന ഗുലാം നബിയെപ്പറ്റി പറയുമ്പോൾ സഭയിൽ മോദി കരഞ്ഞതു വലിയ വാർത്തയായിരുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചു ഗുലാം നബി രാജിവച്ചപ്പോൾ ഇതു വീണ്ടും ചർച്ചയായി. ''ആ പ്രസംഗത്തിലെ ഉള്ളടക്കമാണ് ശ്രദ്ധിക്കേണ്ടതും വായിക്കേണ്ടതും. ഞാൻ സഭയിൽനിന്നു പോകുന്നതിലെ സങ്കടത്തെക്കുറിച്ചല്ല പ്രധാനമന്ത്രി പറഞ്ഞത്. മുൻപത്തെ ഒരു സംഭവത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്'' ഗുലാം നബി പറഞ്ഞു.

''കശ്മീരിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഗുജറാത്തിൽനിന്നുള്ള കുറച്ചു സഞ്ചാരികൾ കൊല്ലപ്പെട്ടു. 2007ൽ ഗുജറാത്തിൽ മോദിയും കശ്മീരിൽ ഞാനും മുഖ്യമന്ത്രിമാരായിരിക്കെ ആയിരുന്നു ഭീകരാക്രമണം. സംഭവമറിഞ്ഞു മോദി എന്റെ ഓഫിസിലേക്കു വിളിച്ചു. ക്രൂരമായ ആക്രമണ വിവരത്തെ പറയുമ്പോൾ ഞാൻ പൊട്ടിക്കരയുകയായിരുന്നു. അദ്ദേഹത്തോട് എനിക്കു സംസാരിക്കാനായില്ല. എന്റെ ജീവനക്കാർ ഫോൺ എനിക്കു കൈമാറുമ്പോൾ, എന്റെ കരച്ചിൽ അദ്ദേഹം കേട്ടു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വീണ്ടെടുത്ത ശേഷം മോദിയോടു പിന്നെ സംസാരിക്കാമെന്നു ജീവനക്കാരെ അറിയിച്ചു. ആക്രമണത്തെപ്പറ്റിയും കൊല്ലപ്പെട്ടവരെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയാൻ മോദി ഇടയ്ക്കിടെ ഓഫിസിലേക്കു വിളിച്ചിരുന്നു. മൃതദേഹങ്ങളും പരുക്കേറ്റവരെയുംകൊണ്ട് രണ്ടു വിമാനങ്ങൾ ലാൻഡ് ചെയ്തു. ഇതുകണ്ട് ആകുലപ്പെട്ട എന്നെ ടിവിയിൽ കണ്ടപ്പോൾ മോദി വീണ്ടും വിളിച്ചു.

അപ്പോഴും എനിക്കൊന്നും സംസാരിക്കാനായില്ല. കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കൾ അലമുറയിട്ടു കരഞ്ഞു. ഇതെല്ലാം കണ്ടപ്പോൾ എനിക്കു കരച്ചിലടക്കാനായില്ല. ഇക്കാര്യങ്ങൾ ഓർമിച്ചപ്പോഴാണു പ്രധാനമന്ത്രി വിതുമ്പിയത്. മോദി സാഹിബ് പരുക്കനായ മനുഷ്യനാണെന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. അദ്ദേഹത്തിനു ഭാര്യയോ കുട്ടികളോ ഇല്ല. എല്ലാത്തിനെയും നിസ്സാരമായി എടുക്കുന്നയാളാകുമെന്നു കരുതി. പക്ഷേ, അദ്ദേഹം മനുഷ്യത്വം പ്രകടിപ്പിച്ചു'' ഗുലാം നബി പറഞ്ഞു.

രാജ്യസഭയിലെ യാത്രയയപ്പ് വേളയിൽ, ''ആസാദ് ജി, സഭയിൽനിന്നു പോയാലും എന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിടും. താങ്കളെ ദുർബലനാകാൻ ഞാൻ അനുവദിക്കില്ല' നിറകണ്ണുകൾ തുടച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആക്രമണ വിവരം ഫോണിലൂടെ പറഞ്ഞ ആസാദ് പൊട്ടിക്കരയുകയായിരുന്നു എന്നു പറഞ്ഞപ്പോൾ മോദിയുടെ കണ്ണു നിറഞ്ഞു. ഗുലാം നബിയെ സല്യൂട്ട് ചെയ്താണ് മോദി പ്രസംഗം നിർത്തിയത്. മറുപടി പ്രസംഗത്തിൽ ആസാദും സഭയിലെ നല്ല നിമിഷങ്ങൾ പങ്കുവച്ച് വിതുമ്പി.

കോൺഗ്രസിൽ നിന്ന് പുറത്തുപോകാനുള്ള സാഹചര്യത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിൽ നിന്ന് പുറത്തുപോകാൻ താൻ നിർബന്ധിതനാവുകയായിരുന്നു. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് കോൺഗ്രസ് നേതൃത്വം തനിക്ക് നൽകിയത്. കോൺഗ്രസിന് തന്നോട് എക്കാലവും നീരസം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനമുന്നയിച്ചുകൊണ്ടാണ് ഗുലാം നബി ആസാദ് പാർട്ടി വിട്ടത്. രാജിക്ക് പിന്നാലെ താൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. ജമ്മുകശ്മീർ കേന്ദ്രീകരിച്ചാകും പാർട്ടി രൂപീകരിക്കുക. രാജി തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നും ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.