മുംബൈ: രണ്ടുപതിറ്റാണ്ടിലേറെ എൻസിപിയെ നയിച്ച ശരദ് പവാറിനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് അജിത് പവാർ വിഭാഗം നീക്കി. പാർട്ടിയിലെ പിളർപ്പിന് രണ്ടുദിവസം മുമ്പായിരുന്നു നടപടി. 40 ഓളം എംഎൽഎമാരും, എംഎൽസികളും, എംപിമാരും ചേർന്നാണ് അജിത് പവാറിനെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. നിയമ കുരുക്കുകൾ ഒഴിവാക്കാൻ ആയിരുന്നു ഈ തന്ത്രം

ജൂൺ 30 നാണ് വിമതവിഭാഗം അജിത് പവാറിനെ ദേശീയ അദ്ധ്യക്ഷനായി വാഴിച്ചത്. ശിവസേനയുടെ പിളർപ്പുമായി ബന്ധപ്പെട്ട കേസിൽ, രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി അല്ലാതെ നിയമസഭാ കക്ഷിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അതായത്, ഒരുകൂട്ടം എംഎൽഎമാർ സ്വന്തമായി തീരുമാനമെടുത്ത ശേഷം ഭൂരിപക്ഷം തെളിയിച്ചാലും കൂറുമാറ്റ നിരോധന നിയമത്തിന്റെ സംരക്ഷണം കിട്ടില്ലെന്നായിരുന്നു കോടതി വിധി.

ശരദ് പവാറിനെ നീക്കി അജിത് പവാറിനെ അദ്ധ്യക്ഷനാക്കിയതോടെ, വിമത ക്യാമ്പ് രാഷ്ട്രീയ കക്ഷിയായി മാറി. തങ്ങളാണ് യഥാർഥ എൻസിപിയെന്നും, അതുകൊണ്ട് പാർട്ടി പേരും ചിഹ്നവും അവകാശപ്പെടാൻ അർഹതയുണ്ടെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെയുള്ള വാദം.ചില വിമത എംപിമാർക്കും, എംഎൽഎമാർക്കും എതിരായ അയോഗ്യതാ നടപടിക്രമങ്ങളെ കുറിച്ച് ശരദ് പവാർ പക്ഷത്തെ ജയന്ത് പാട്ടീലിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

അജിത് പവാർ വിഭാഗം, ഇന്ന് 29 എംഎൽഎമാരെ ശക്തിപ്രകടനത്തിനായി എത്തിച്ചു. ശരദ് പവാർ പക്ഷത്ത് 17 പേരും. എന്നാൽ, ചില എംഎൽഎമാർ ഇരുപക്ഷത്തും പ്രത്യക്ഷപ്പെട്ടപ്പോൾ, മറ്റുചിലർ ഒഴിഞ്ഞുനിൽക്കുകയായിരുന്നു. സംഖ്യകളിൽ കാര്യമില്ലെന്നും, തങ്ങൾക്ക് പാർട്ടി ചിഹ്നം നഷ്ടപ്പെടില്ലെന്നുമാണ് ശരദ് പവാർ അനുയായികളെ അറിയിച്ചത്.

' ഇന്നത്തെ ചർച്ച നമ്മൾക്കൊപ്പം എത്ര എംഎൽഎമാരുണ്ടെന്നാണ്. ഞാനത് ശ്രദ്ധിക്കുന്നില്ല. പണ്ട് എനിക്കൊപ്പം 68 എംഎൽഎമാരുണ്ടായിരുന്നു. പിന്നീട് അത് 62 ആയും, ആറായും ഒക്കെ മാറി. തിരഞ്ഞടുപ്പിൽ, 62 ൽ നാലുപേർ മാത്രമേ തിരിച്ചുവരാൻ തയ്യാറായുള്ളു. ഞങ്ങൾ പുതുമുഖങ്ങളെ വച്ച് വിജയിച്ചു. നമ്മുടെ ചിഹ്നം എടുക്കുമെന്ന് ആരെങ്കിലും, പറഞ്ഞാൽ,ഞാൻ നിങ്ങളോട് പറയുന്നു, ചിഹ്നം നമുക്കൊപ്പം തന്നെ ഉണ്ടായിരിക്കുമെന്ന്. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ പ്രവർത്തകർ വിശ്വസിക്കുന്നുണ്ടെങ്കിൽ, നമ്മൾ ആശങ്കപ്പെടേണ്ട കാര്യമില്ല, നിരവധി ചിഹ്നങ്ങൾക്ക് വേണ്ടി ഞാൻ പോരാടിയിട്ടുണ്ട്', ശരദ് പവാർ പറഞ്ഞു.

കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ പെടാതിരിക്കാനും അയോഗ്യരാവാതിരിക്കാനും, അജിത് പവാറിന് 36 എംഎൽഎമാർ വേണം. എന്നാൽ, താൻ നിയമവഴി നോക്കുന്നില്ലെന്നും, ജനങ്ങളുടെ വിധിക്കായി കാത്തിരിക്കുമെന്നുമാണ് ശരദ്പവാർ പറഞ്ഞത്.

ശരദ് പവാറിന്റെ എൻസിപി, 83 കാരനായ നേതാവിന്റെ ജനപ്രിയതയിലും, അനുഭവ പരിചയത്തിലുമാണ് ആശ്രയം കണ്ടെത്തുന്നത്. അജിത് പവാർ ക്യാമ്പാകട്ടെ, എംഎൽഎമാരോട് പ്രായോഗിക തീരുമാനം എടുക്കാനാണ് ആവശ്യപ്പെടുന്നത്. ഇരുപക്ഷത്തിന്റെയും പോസ്റ്ററുകൾ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ഉയർന്നിട്ടുണ്ട്. ഒറ്റയ്ക്ക് പോരാടുന്ന 83 കാരനായ നേതാവിനെ പിന്തുണയ്ക്കൂ എന്നാണ് ശര് പവാറിന്റെ വീടിന് മുന്നിലെ പോസ്റ്ററുകളിൽ പറയുന്നത്.

ഇന്നു ബാന്ദ്രയിലെയും നരിമാൻ പോയിന്റിലെയും യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരാകും, തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ പേരും ചിഹ്നവും നിശ്ചയിക്കുമ്പോൾ നിർണായക പങ്കുവഹിക്കുക. തനിക്ക് 43 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അജിത് പവാർ അവകാശപ്പെടുന്നത്. എന്നാൽ, തങ്ങൾ എന്തിലാണ് ഒപ്പിടുന്നത് എന്ന് അറിയാതയാണ് ഒപ്പിട്ടതെന്ന് ചില എംഎൽഎമാർ പറഞ്ഞതായി ശരദ് പവാർ പക്ഷത്തെ ജയന്ത് പാട്ടീൽ പറഞ്ഞു.

ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ ചേർന്ന അജിത് പവാറിനെയും, എട്ട് എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാർ ക്യാമ്പ് നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറെ സമീപിച്ചിട്ടുണ്ട്.

ശരദ് പവാർ വിരമിക്കട്ടെ

ബാന്ദ്രയിലെ യോഗത്തിൽ, ശരദ് പവാർ ആണ് തന്റെ പ്രചോദനമെന്ന് അജിത് പവാർ പറഞ്ഞെങ്കിലും 83 വയസായില്ലേ, ഇനിയും വിരമിക്കുന്നില്ലേ എന്ന ചോദ്യവും ഉയർത്തി. ബിജെപിയിൽ നേതാക്കൾ 75ാം വയസിൽ വിരമിക്കാറുണ്ടെന്നും, ശരദ് പവാറിനെ പരിഹസിച്ച് അജിത് പവാർ പറഞ്ഞു. 2024 ൽ മോദിക്ക് ബദൽ ഇല്ല. ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാനായി തനിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകണമെന്നും അദ്ദേഹം തുറന്നടിച്ചു. താങ്കൾ വിശ്രമിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. താങ്കൾ യാത്രകൾ നടത്തിയാൽ ഞാനും വെറുതെയിരിക്കില്ല, ശരദ് പവാറിനോടായി അജിത് പവാർ പറഞ്ഞു.