ന്യൂഡൽഹി: പുൽവാമ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ചപറ്റിയെന്നും മോദിക്കൊപ്പമുള്ളവർ അഴിമതിക്കാരാണെന്നുമുള്ള ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ ആരോപണത്തിൽ കേന്ദ്രത്തിനെതിരേ പ്രതിഷേധം ഉയർത്താൻ ഒരുങ്ങി കോൺഗ്രസ്. സത്യപാൽ മാലിക്കിന്റേത് ഗൗരവമേറിയ വെളിപ്പെടുത്തലാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പ്രതികരണം നടത്തണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കുറവ് ഭരണം, പരമാവധി നിശബ്ദത എന്നതാണ് ബിജെപിയുടെ നയമെന്ന് ജയ്റാം രമേശ് വിമർശിച്ചു. സത്യം മൂടിവെക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും എന്നാൽ, കോൺഗ്രസ് പിൻതിരിയില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദത വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സത്യപാൽ മാലിക്കിന്റെ സുരക്ഷയിൽ കോൺഗ്രസ് നേതാക്കളായ പവൻ ഖേരയും സുപ്രിയ ശ്രീനേതും ആശങ്ക രേഖപ്പെടുത്തി. ടിവി ആങ്കർമാരും സിനിമാ സംവിധായകരും നടീനടന്മാരുമെല്ലാം ഉയർന്ന സുരക്ഷ ലഭിക്കുമ്പോൾ, ഒരു ഉദ്യോഗസ്ഥന്റെ മാത്രം സുരക്ഷയിൽ സത്യപാൽ മാലികിന് വാടകവീട്ടിൽ കഴിയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.

ബിജെപിയിലെ ഉന്നത നേതാവാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. സത്യം പുറത്ത് വന്നു കൊണ്ടേയിരിക്കും. പ്രധാനമന്ത്രിയുമായി അടുത്തു നിന്ന വ്യക്തിയുടെ പ്രസ്താവനയാണ്. അതിനാൽ വിഷയത്തിന്റെ ഗൗരവം കൂടുന്നു. പ്രധാനമന്ത്രിയെ തുറന്ന് കാണിച്ചതിനാണ് സത്യപാൽ മല്ലിക്കിന് മതിയായ സുരക്ഷയും വീടും നൽകാത്തത്. വിഷയം പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഖാർഗെ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

പുൽവാമ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ചപറ്റിയെന്നും മോദിക്കൊപ്പമുള്ളവർ അഴിമതിക്കാരാണെന്നുമായിരുന്നു 'ദ വയറി'ന് നൽകിയ അഭിമുഖത്തിൽ സത്യപാൽ മാലിക്കിന്റെ ആരോപണം. പുൽവാമ ഭീകരാക്രമണത്തിൽ പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ്. എയർക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ജിം കോർബറ്റ് നാഷണൽ പാർക്കിൽവെച്ച് പുൽവാമ ഭീകരാക്രമണത്തിലെ വീഴ്ചകൾ പ്രധാനമന്ത്രിയോട് ധരിപ്പിച്ചപ്പോൾ ആരോടും പറയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞെന്നും സത്യപാൽ മാലിക്ക് അഭിമുഖത്തിൽ ആരോപിച്ചിരുന്നു.

പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തന്നോട് ആവശ്യപ്പെട്ടെന്നും സത്യപാൽ മല്ലിക് വെളിപ്പെടുത്തിയിരുന്നു.

300 കിലോ ഗ്രാം ആർ.ഡി.എക്സ്. പാക്കിസ്ഥാനിൽനിന്ന് എത്തി, ജമ്മു കശ്മീരിൽ 10-15 ദിവസത്തോളം ആർക്കും കണ്ടെത്താനാകാതെ കൈമാറിപ്പോയി എന്നത് ഇന്റലിജൻസിന്റെ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 2019 ഫെബ്രുവരിയിൽ 40 ജവാന്മാരുടെ ജീവൻ നഷ്ടമായ പുൽവാമ ഭീകരാക്രമണ സമയത്തും ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും ജമ്മു കശ്മീരിൽ സത്യപാൽ മാലിക് ആയിരുന്നു ഗവർണർ.