ന്യൂഡൽഹി: താങ്ങുവില ഉറപ്പാക്കാൻ നിയമ നിർമ്മാണമടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇരുനൂറോളം കർഷക സംഘടനകൾ ആഹ്വാനം ചെയ്ത കർഷകരുടെ ഡൽഹി മാർച്ചിനെ നേരിടാൻ ഹരിയാന ഡൽഹി അതിർത്തികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞയും ഇൻർനെറ്റ് നിരോധനവും പ്രഖ്യാപിച്ചു. കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ അതിർത്തികൾ അടച്ചു. താങ്ങുവില ഉൾപ്പെടെ പ്രധാനമായും ഏഴ് ആവശ്യങ്ങൾ മുൻനിർത്തി ഇരുനൂറോളം കർഷക സംഘടനകളാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് വർഷം മുൻപ് നടന്ന കർഷക സമരത്തിലെ സാഹചര്യം ആവർത്തിക്കാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഹരിയാന ഡൽഹി അതിർത്തികളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിൽ നിന്ന് ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ അതിർത്തികൾ പൊലീസ് ബാരിക്കേഡും കോൺക്രീറ്റ് ബ്ലോക്കുകളും അടച്ചു. ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് കടക്കുന്ന ഭാഗങ്ങളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പതിമൂന്നിനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും നാളെ തന്നെ പഞ്ചാബിൽ നിന്ന് കർഷകർ ട്രാക്ടർ മാർച്ച് തുടങ്ങിയേക്കും . ഇരുപതിനായിരത്തോളം കർഷകർ രണ്ടായിരം ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് വരുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ കർഷകർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതരവ വിഭാഗം ഉൾപ്പെടെയുള്ള ഇരുനൂറോളം കർഷക സംഘടനകളാണ് മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഏഴ് ജില്ലകളിലെ നിരോധനാജ്ഞക്ക് പുറമെ പലയിടങ്ങളിലും ഇന്റർനെറ്റും നിരോധിച്ചിട്ടുണ്ട്. കർഷക സമരത്തിന് കോൺഗ്രസ് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കർഷക സമരത്തെ നേരിടാൻ അതിർത്തികൡ ആണികളും കന്പികളും നിരത്തിയതിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി അതിരൂക്ഷ വിമർശനം ഉയർത്തി. കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും അതിന്റെ വിജ്ഞാപനം ഇതുവരെ ഇറങ്ങിയില്ലെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.

സമരം പ്രഖ്യാപിച്ച കർഷകരമായുള്ള രണ്ടാം ഘട്ട മന്ത്രിതല ചർച്ച നാളെ വൈകിട്ട് നടക്കും. കൃഷിമന്ത്രി അർജുൻ മുണ്ടെ, പീയുഷ് ഗോയൽ , നിത്യാനന്ദ റായ് എന്നിവകരാണ് ചണ്ഡീഗഡിൽ വച്ച് കർഷകരമായി ചർച്ച നടത്തുന്നത്. എന്നാൽ ഒരു വശത്ത് കർഷകരെ അനുനയിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലം മറുവശത്ത് പ്രകോപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി. ലോകസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡൽഹിയിലേക്കുള്ള കർഷക സമരം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണ്.

കേരളത്തിൽ നിന്ന് സമരത്തിൽ ആദ്യഘട്ടത്തിൽ പങ്കെടുക്കുക 500 പേരാണ് ഫെബ്രുവരി 13 രാവിലെ ട്രാക്ടറുകൾ ഡൽഹി അതിർത്തിയിലെത്തും. ഹരിയാണയിലേയും പഞ്ചാബിലേയും ഗ്രാമങ്ങളിൽ കർഷകർ സമരത്തിനൊരുങ്ങുന്നു. സമരത്തെ നേരിടാൻ കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന ഹരിയാണ സർക്കാരും സർവ്വസന്നാഹവുമൊരുക്കുന്നുണ്ട്.

ഹരിയാണ-പഞ്ചാബ് അതിർത്തിയായ ശംഭു ഹരിയാണ സർക്കാർ അടച്ച് സീൽചെയ്തു. വലിയ കോൺക്രീറ്റ് സ്ലാബുകൾ വെച്ചും ബാരിക്കേഡ് തീർത്തും പൊലീസിനെ നിയോഗിച്ചും രണ്ട് ദിവസം മുൻപുതന്നെ കർഷകരെ നേരിടാൻ ഹരിയാണ ഒരുങ്ങി. സംസ്ഥാനത്ത് ഇന്ധനവിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. കർഷകർക്ക് പരമാവധി 10 ലിറ്റർ മാത്രം ഇന്ധനം വിറ്റാൽ മതിയെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന കർഷകർക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് പൊലീസ് ഗ്രാമങ്ങളിൽ മൈക്ക് കെട്ടി വിളിച്ചുപറയുന്നുവെന്ന് കർഷക നേതാക്കൾ ആരോപിക്കുന്നു.

ഡൽഹിയുടെ എല്ലാ അതിർത്തികളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിക്രി, സിംഗു, ഗസ്സിപ്പൂർ, ബദർപ്പൂർ എന്നീ അതിർത്തി പ്രദേശങ്ങളിൽ വൻ പൊലീസ് സന്നാഹവും അർധ സൈനിക വിഭാഗവും ക്യാംപ് ചെയ്യുന്നു. പലയിടത്തും ബിഎസ്എഫ് ക്യാംപ് ചെയ്യുന്നു. കർഷകർ ഡൽഹിയിലേയ്ക്ക് കടക്കാൻ ശ്രമിച്ചാൽ വൈകാതെ ടിയർ ഗ്യാസ് ഷെല്ലുകൾ ഉപയോഗിക്കാനാണ് ഡൽഹി പൊലീസിന്റെ തീരുമാനം. ടിയർ ഗ്യാസ് പ്രയോഗിക്കാനുള്ള പരിശീലനം രണ്ടിടത്തായി ഡൽഹി പൊലീസ് നടത്തുന്നു.

അതേസമയം, പൊലീസ് തടഞ്ഞാൽ അത് മറികടന്ന് മുന്നോട്ടുപോകാനുള്ള പരിശീലനം കർഷകരും നടത്തുന്നുണ്ട്. ഹരിയാണയിലേയും പഞ്ചാബിലേയും നാൽപ്പതിടങ്ങളിലാണ് ട്രാക്ടറുമായി കർഷകർ പരിശീലനം നടത്തുന്നത്. ഒന്നാം കർഷക സമരത്തിൽ പൊലീസിന്റെ എല്ലാ തടസ്സവും തകർത്ത് കർഷകർ ചെങ്കോട്ടയിലും ഇന്ത്യാഗേറ്റിലുമെല്ലാം എത്തിയിരുന്നു. ഇതെല്ലാം മുൻകൂട്ടിക്കണ്ട് ശക്തമായ സുരക്ഷാസന്നാഹമാണ് രാജ്യതലസ്ഥാനത്ത് ഒരുക്കുന്നത്.

ഉറപ്പുകൾ പാലിക്കാതെയും കോർപ്പറേറ്റ് അനുകൂലമായ നയസമീപനങ്ങൾ നടപ്പിലാക്കിയും കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിക്കുന്നുവെന്ന് സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) ആരോപിക്കുന്നു. ഇരുന്നൂറോളം കർഷക സംഘടനകളാണ് ഡൽഹിയിലേക്കുള്ള രണ്ടാംവരവിൽ അണിചേരുന്നത്. പ്രധാനമായും ഏഴ് ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെക്കുന്നത്.

1. താങ്ങുവില ഉറപ്പാക്കാൻ നിയമ നിർമ്മാണം നടത്തണം.
2. കാർഷിക കടങ്ങൾ എഴുതിത്ത്തള്ളണം.
3. സ്വതന്ത്ര വ്യാപാര കരാറുകളിൽനിന്ന് ഇന്ത്യ പുറത്തുവരണം.
4. എല്ലാ കാർഷിക ഉത്പന്നങ്ങളുടേയും ഇറക്കുമതി തീരുവ വർധിപ്പിക്കണം. സ്വതന്ത്ര വ്യാപാര ഉടമ്പടി ചർച്ചകൾ അവസാനിപ്പിക്കണം.
5. വൈദ്യുത ബോർഡുകൾ സ്വകാര്യവത്കരിക്കരുത്.
6. കൃഷിയും ചില്ലറ വ്യാപാരവും ചെറുകിട സംരംഭകർക്കായി സംവരണം ചെയ്യുക. കാർഷിക മേഖലയിൽ ഇ-കൊമേഴ്‌സ് ഉൾപ്പെടെ എല്ലാ വൻകിട വ്യാപാരവും നിരോധിക്കുക. കാർഷിക, ചില്ലറ വിൽപ്പന മേഖലയിലെ കോർപ്പറേറ്റ് വത്കരണം തടയുന്നതിനുള്ള നിയമം നിർമ്മിക്കുക.
7. കർഷക പെൻഷൻ പ്രതിമാസം അയ്യായിരം രൂപയായി വർധിപ്പിക്കുക.