ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി സാമ്പത്തിക വിദഗ്ധനും നിർമല സീതാരാമന്റെ ഭർത്താവുമായ ഡോ. പരകാല പ്രഭാകർ. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തിന് ദുരന്തമാകുമെന്നാണ് ഡോ. പരകാല പ്രഭാകറിന്റെ വിലയിരുത്തൽ. നരേന്ദ്ര മോദിക്ക് ഒന്നിനെ കുറിച്ചും ധാരണയില്ലെന്നും അദ്ദേഹം വിമർശിക്കുന്നു.

ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിൽ മോദിഭരണം കഴിവുറ്റതാണെങ്കിലും സമ്പദ് വ്യവസ്ഥയെയും മറ്റ് കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ ഏറെ പിന്നിലാണെന്നാണ് അദ്ദേഹം വിമർശിച്ചു. 'ദ വയറി'ന് നൽകിയ അഭിമുഖത്തിലാണ് പ്രഭാകർ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്. 'ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സെയ്‌സ് ഓൺ എ റിപ്പബ്ലിക്ക് ഇൻ ക്രൈസിസ്' എന്ന പരകാലയുടെ പുസ്തകം മെയ് 14ന് ബെംഗളൂരുവിൽ പുറത്തിറക്കിയിരുന്നു. മോദി ഭരണകൂടം സമ്പത്ത് വ്യവസ്ഥ, രാഷ്ട്രീയം, മറ്റു കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള കുറിപ്പുകൾ അടങ്ങുന്നതാണ് പുസ്തകം. ഇതുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു പരകാല മോദിക്കതിരെ വിമർശനങ്ങൾ ഉയർത്തിയത്.

2014ലെ തെരഞ്ഞെടുപ്പിൽ 'വികസന'ത്തിന്റെ തട്ടകത്തിൽ വിജയിച്ച ബിജെപി ഹിന്ദുത്വയെ ഉയർത്തികൊണ്ട് വരികയായിരുന്നെന്ന് ഡോ. പ്രഭാകർ പറഞ്ഞു. 2024-ൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ ദുരന്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹിന്ദുത്വയിൽ നിന്നും പ്രചോദനം ഉൾകൊണ്ട്, ആളുകളെ അണിനിരത്താനുള്ള കഴിവിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ജനപ്രീതി ഉയർന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു.

'സാമ്പത്തികരംഗത്തടക്കം മോദിയുടെ കഴിവില്ലായ്മ അമ്പരപ്പിക്കുന്നു. 2024ൽ മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യത്ത് സർവനാശമുണ്ടാകും. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി ബിജെപി മാറ്റും. സമ്പദ്വ്യവസ്ഥ പൂർണ തകർച്ചയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പദ്വ്യവസ്ഥയിൽ മാത്രമല്ല, മറ്റ് പല മേഖലകളിലും കാര്യക്ഷമതയില്ലാത്തവനായി മാറിയിരിക്കുന്നു. എന്നാൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയും വർഗീയ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നതടക്കം ചില കാര്യങ്ങളിൽ അദ്ദേഹം കാര്യക്ഷമനാണ്. രാജ്യത്ത് നടക്കുന്ന തെറ്റായ സംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. നമ്മുടെ രാജ്യം ഇപ്പോൾ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ അതിന്റെ സ്ഥാപക തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും അകന്നു. നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളാണ് ഈ പുസ്തകം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. എന്തിനാണ് വിമർശിക്കുന്നതെന്നും നല്ലതൊന്നും കാണുന്നില്ലേയെന്നും എന്നോട് പലരും ചോദിക്കാറുണ്ട്. ഞാൻ അവരോടെല്ലാം പറയുന്നു, ബദൽ എന്താണെന്ന് ജനങ്ങൾ തീരുമാനിക്കും' -ഡോ. പ്രഭാകർ പറഞ്ഞു.

രതാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സംബന്ധിച്ച് സർക്കാർ പ്രതിനിധികളും മന്ത്രിമാരും തെറ്റായ വിവരങ്ങളാണ് ജനങ്ങളോട് പറയുന്നതെന്ന് പ്രഭാകർ പറഞ്ഞു. 'കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ നമ്മുടെ സമ്പദ്വ്യവസ്ഥ മന്ദഗതിയിലായിരുന്നു. ഇക്കാലത്ത് നമ്മൾ തെറ്റായ നയങ്ങളാണ് സ്വീകരിച്ചത്. ഭാരതീയ ജനതാ പാർട്ടിക്ക് തുടക്കം മുതലേ സാമ്പത്തിക തത്വശാസ്ത്രമോ യോജിച്ച ചിന്തയോ ഇല്ലായിരുന്നു. സമ്പദ്വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്. 1980-ൽ ബിജെപി രൂപീകരിച്ചപ്പോൾ അത് ഗാന്ധിയുടെ ആശയങ്ങളെയും സോഷ്യലിസത്തെയും എതിർത്തു.

ഏത് സാമ്പത്തിക വിദഗ്ധന്റെ ഉപദേശപ്രകാരമാണ് അദ്ദേഹം നോട്ട് നിരോധനം പോലുള്ള അതിരുകടന്നതും അപ്രായോഗികവുമായ തീരുമാനം എടുത്തതെന്ന് അറിയില്ല. 1990നു ശേഷം ആദ്യമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. തൊഴിലില്ലായ്മ കുതിക്കുന്നു. സമ്പത്ത് കുറച്ചുപേരിൽമാത്രം കേന്ദ്രീകരിക്കുന്നു. മന്ത്രിമാരും മോദി അനുകൂലികളും സത്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്. ഏതെങ്കിലും ധനമന്ത്രിയെ വ്യക്തിപരമായി വിമർശിക്കുന്നില്ല' -അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പണം വാരിയെറിഞ്ഞ് അട്ടിമറിക്കുന്നു. തിരഞ്ഞെടുപ്പുകളെ പരിഹാസ്യമാക്കുയാണ് ച്യെുന്നത്. സ്വച്ഛഭാരത് പോലെ പല മുദ്രാവാക്യങ്ങളുണ്ടാക്കി പ്രചണ്ഡമായ പ്രചാരണങ്ങൾ നടത്തുന്നു. അത്തരം പദ്ധതികളിൽ ഒന്നും നടക്കുന്നില്ല. ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയിൽ 79% ചെലവിട്ടത് പരസ്യത്തിനായിരുന്നുവെന്ന കണക്കുകൾ പുറത്തുവന്നിട്ടും ആ രീതിക്കു മാറ്റമില്ല ഇങ്ങനെ പല വിഷയങ്ങളും അക്കമിട്ട് നിരത്തുകയാണ് നിർമ്മലയുടെ ഭർത്താവ് ചെയ്യുന്നത്.

യുവതലമുറയിൽ അന്ധമായ ആരാധനയും സൈനികവാദവും ആക്രമണോത്സുകമായ മതചിന്തയും കുത്തിവെക്കുകായണ് മോദി ചെയ്യുന്നത്. പരമോന്നത നേതാവു പറയുന്നതു മാത്രം ശരിയെന്നു വിശ്വസിക്കുന്നവരെ വളർത്തിയെടുത്തു. അന്വേഷണഏജൻസികളെയും പൊലീസിനെയും ഉപയോഗിച്ച് വിമർശകരെ അടിച്ചമർത്തുന്നു. മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുന്നു, ഭീഷണിപ്പെടുത്തുന്നു. പൊതുസമൂഹത്തോട് യുദ്ധം ചെയ്യാൻ ജുഡീഷ്യറിയെയും കൂട്ടുപിടിക്കുകയും ചെയ്യുന്നു. സ്വന്തം ജനങ്ങളോടു യുദ്ധം ചെയ്യുന്ന സർക്കാർ അതിർത്തിയിൽ ചൈന നടത്തുന്ന കയ്യേറ്റങ്ങളെക്കുറിച്ചു മിണ്ടുന്നില്ലെന്നും അദ്ദേഹം വിമർശിക്കുന്നു. മുമ്പും മോദി ഭരണകൂടത്തെ വിമർശിച്ച് പ്രഭാകർ രംഗത്തെത്തിയിട്ടുണ്ട്.