ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന കത്ത്. ദിവ്യമായ ഒരു അനുഗ്രഹമായിട്ടാണ് ഇതിനെ കാണുന്നത്. ആസാദി കാ അമൃത് കാലിലൂടെ ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിനാണ് നാം ആഗ്രഹിക്കുന്നത്. കർണാടക ഈ സ്വപ്നത്തെ യഥാർത്ഥ്യമാക്കുന്നതിൽ നേതൃപരമായ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

തുടർച്ചയായി രണ്ടാം തവണയും സംസ്ഥാനഭരണം നേടാമെന്നുള്ള ബിജെപിയുടെ പ്രതീക്ഷകൾക്ക് കരുത്ത് പകരുന്ന വിധത്തിലാണ് കർണാടകജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിയുടെ കത്ത്. കത്തിനൊപ്പം വീഡിയോ സന്ദേശവും ട്വിറ്ററിൽ മോദി ഷെയർ ചെയ്തിട്ടുണ്ട്.

കർണാടകയിലെ ഓരോ പൗരന്റേയും സ്വപ്നമാണ് എന്റെ സ്വപ്നം. കർണാടകയെ രാജ്യത്തെ നമ്പർ വൺ സംസ്ഥാനമാക്കാൻ മെയ്‌ പത്തിന് എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും വീഡിയോ സന്ദേശത്തിൽ മോദി ആവശ്യപ്പെട്ടു.

കർണാടകയിൽ അടിസ്ഥാനസൗകര്യവികസനവും ഗതാഗതമേഖലയിൽ ആധുനികവത്കരണവും നടപ്പാക്കുമെന്നും ഗ്രാമീണ-നാഗരികമേഖലകളിൽ ജനജീവിതം കൂടുതൽ മെച്ചപ്പെടുത്തുമെന്നും വനിതകൾക്കും യുവാക്കൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

ബിജെപി സർക്കാർ അടുത്ത തലമുറയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ശ്രമിക്കുന്നത്. ഗതാഗതസംവിധാനങ്ങൾ ആധുനികവത്കരിക്കുക , ജീവിതനിലവാരം മെച്ചപ്പെടുത്തുക, സ്ത്രീകൾക്കും യുവാക്കൾക്കും അവസരങ്ങൾ സൃഷ്ടിക്കുകയെന്നതും ബിജെപിയുടെ ലക്ഷ്യമാണ്. എല്ലാ പൗരന്മാരും സ്വപ്നം കാണുന്ന അതേ കർണാടകയെ തന്നെയാണ് ഞാനും സ്വപ്നം കാണുന്നത്.'' മോദി വ്യക്തമാക്കി.

നിങ്ങൾ എക്കാലവും എന്റെമേൽ ചൊരിഞ്ഞ സ്നേഹവും വാൽസല്യവും ദൈവികമായ വരപ്രസാദമായാണ് എനിക്ക് അനുഭവപ്പെടുന്നതെന്ന് മോദി കത്തിൽ പറയുന്നു. ആസാദി കാ അമൃത് കാൽ പരിപാടിയിലൂടെ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ഒരു വികസിതരാജ്യമാക്കാനാണ് നാം ലക്ഷ്യമിടുന്നത്. ആ ലക്ഷ്യപൂർത്തീകരണത്തിനായി ആസാദി കാ അമൃത് കാൽ പദ്ധതിക്ക് നേതൃത്വം നൽകാൻ കർണാടക എല്ലാതരത്തിലും പ്രാപ്തമാണെന്ന് മോദി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. നമ്മുടെ അടുത്ത ലക്ഷ്യമെന്നത് ആദ്യമൂന്ന് സ്ഥാനങ്ങളിൽ ഒന്നിലെത്തുക എന്നതാണ്. അത് സാധ്യമാകണമെങ്കിൽ ലക്ഷം കോടി രൂപ മതിപ്പുള്ള സമ്പദ്ഘടനയായി കർണാടകയുടെ ത്വരിതഗതിയിലുള്ള വികസനം ആവശ്യമാണ്, മോദി കത്തിൽ പറഞ്ഞു.

കോവിഡ് കാലത്ത് ബിജെപി സർക്കാരിന്റെ കീഴിൽ കർണാടകയ്ക്ക് 90,000 കോടി രൂപയുടെ വാർഷിക വിദേശനിക്ഷേപമാണ് ലഭിച്ചത്. മുൻ സർക്കാരിന്റെ കാലത്ത് ഇത് വെറും 30,000 കോടി രൂപ മാത്രമായിരുന്നു. നിക്ഷേപം, വ്യവസായം, നവീകരണം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം എന്നിവയിൽ കർണാടകയെ നമ്പർ വണ്ണാക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, മോദി കൂട്ടിച്ചേർത്തു.

ബിജെപിയുടെ 224 സ്ഥാനാർത്ഥികളാണ് കർണാടകയിൽ ജനവിധി തേടുന്നത്. 223 കോൺഗ്രസ് സ്ഥാനാർത്ഥികളും 207 ജെഡിഎസ് സ്ഥാനാർത്ഥികളും കർണാടകയിൽ മത്സരരംഗത്തുണ്ട്. നാളെയാണ് വോട്ടെടുപ്പ്. ഫലം മെയ്‌ 13 ന് പ്രഖ്യാപിക്കും. 5.2 കോടി വോട്ടർമാരിൽ 9.17 ലക്ഷം പേർ കന്നി വോട്ടർമാരാണ്.