ന്യൂഡൽഹി: പ്രതിപക്ഷ നിരയിലെ ബഹുഭൂരിപക്ഷം എംപിമാരേയും സസ്പെൻഷനിലൂടെ പുറത്ത് നിർത്തി സുപ്രധാന നിയമം പാസാക്കി കേന്ദ്രസർക്കാർ. രാജ്യത്തെ ക്രിമിനൽ നിയമം പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകളാണ് കേന്ദ്ര സർക്കാർ എതിർശബ്ധങ്ങളില്ലാതെ ലോക്്‌സഭയിൽ പാസക്കിയത്.

കിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോക്സഭയിൽ പാസാക്കിയത്. നേരത്തെ ഓഗസ്റ്റിൽ അവതരിപ്പിച്ച ബില്ലുകൾ പിൻവലിച്ച് ഭേദഗതി വരുത്തിയശേഷം പുതിയ ബില്ലുകളായി ചൊവ്വാഴ്ച വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയുടെ പരിഗണനയ്ക്കുവെച്ചിരുന്നു. പ്രതിപക്ഷത്തെ മൂന്നിൽ രണ്ട് എംപിമാരും സസ്പെൻഡ് ചെയ്യപ്പെട്ട് പുറത്തുനിൽക്കുമ്പോൾ ശബ്ദ വോട്ടോടെയാണ് ബില്ലുകൾ ലോക്സഭയിൽ പാസാക്കിയെടുത്തത്.

1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898ലെ ക്രിമിനൽ നടപടിച്ചട്ടവും (സി.ആർ.പി.സി.), 1872ലെ ഇന്ത്യൻ തെളിവ് നിയമത്തിനും പകരമായിട്ടാണ് യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) നിയമങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്.

പുതിയ ക്രിമിനൽ നിയമങ്ങൾ സംബന്ധിച്ച് പാർലമെന്റിൽ പ്രസ്താവന നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ക്രിമിനൽ നിയമങ്ങളിൽ ആൾക്കൂട്ടാക്രമണത്തിന് വധശിക്ഷയാണ് ശിപാർശ ചെയ്തിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹനിയമം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരസേനാനികളെ ദീർഘകാലം ജയിലിലിട്ടത് ഈ നിയമം ഉപയോഗിച്ചാണെന്നും അമിത് ഷാ പറഞ്ഞു.

രാജ്യദ്രോഹനിയമം ബ്രിട്ടീഷുകാരാണ് ഉണ്ടാക്കിയത്. ഇതുപ്രകാരം ബാലഗംഗാധര തിലകൻ, മഹാത്മ ഗാന്ധി, സർദാർ പട്ടേൽ തുടങ്ങി നിരവധി നേതാക്കൾക്ക് വർഷങ്ങളോളം ജയിൽ കഴിയേണ്ടി വന്നു. ഇതാദ്യമായി രാജ്യദ്രോഹനിയമം മുഴുവനായും ഒഴിവാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും ഷാ പറഞ്ഞു.ഇന്ത്യയിലെ ക്രിമിനൽ നീതി സംവിധാനത്തിന്റെ പൊളിച്ചെഴുത്താണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നീതിക്കാണ് പുതിയ ബില്ലിൽ കൂടുതൽ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമിതാഷാ ബിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷ ബെഞ്ചിൽ 11 അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിപക്ഷമില്ലാത്ത പാർലമെന്റിൽ ക്രിമിനൽ ബിൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ ബിൽ തുടങ്ങിയ നിർണായക ബില്ലുകൾ പാസാക്കിയെടുക്കാനാണ് നീക്കമെന്ന് നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു.

543 അംഗ ലോക്സഭയിൽ ഒഴിവുള്ള സീറ്റുകൾ കഴിച്ചാൽ 522 അംഗങ്ങളാണുള്ളത്. ഇതിൽ പ്രതിപക്ഷത്തെ 95 പേരേയും കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. കേരളത്തിൽനിന്നുള്ള എംപിമാരായ തോമസ് ചാഴിക്കാടനേയും എ.എം. ആരിഫിനേയും ബുധനാഴ്ചയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലുകൾ പാസാക്കുന്നത്. സഭയിൽ ബാക്കിയുള്ള 45 പ്രതിപക്ഷ എംപിമാരിൽ 34 പേരും നിർണായക ഘട്ടങ്ങളിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന വൈ.എസ്.ആർ. കോൺഗ്രസ്, ബിജു ജനതാദൾ പാർട്ടികളിൽനിന്നുള്ളവരാണ്.