ന്യൂഡൽഹി: യുപിഎ സർക്കാരിന് ആരോഗ്യകരമായ സമ്പദ് വ്യവസ്ഥ കയ്യിൽ കിട്ടിയെങ്കിലും 10 വർഷത്തിനകം പ്രവർത്തനരഹിതമാക്കിയെന്ന് കേന്ദ്രസർക്കാർ. ഘടനാപരമായി ദുർബലമായ സമ്പദ് വ്യവസ്ഥയും, നൈരാശ്യത്തിന്റെ അന്തരീക്ഷവുമാണ് 2014 ൽ യുപിഎ പുറത്തുപോകുമ്പോൾ അവശേഷിപ്പിച്ചതെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ധവളപത്രത്തിൽ കുറ്റപ്പെടുത്തി. നഷ്ടപ്പെട്ട ഒരു പതിറ്റാണ്ടെന്നും യുപിഎ ഭരണകാലത്തെ ബിജെപി സർക്കാർ വിശേഷിപ്പിച്ചു.

യുപിഎയുടെ പത്തു വർഷത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള പത്തുവർഷത്തെയും താരതമ്യം ചെയ്തുള്ള ധവളപത്രത്തിലാണ് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തൽ. പൊതു ധനകാര്യം ദുരുപയോഗം ചെയ്യുകയും ഹ്രസ്വദൃഷ്ടിയോടെ കൈകാര്യം ചെയ്യുകയുമാണ് യുപിഎ സർക്കാർ ചെയ്തത്. ഇതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തുരങ്കം വയ്ക്കുന്ന സമീപനമായിരുന്നു. ഇതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തുരങ്കം വയ്ക്കുന്ന സമീപനമായിരുന്നുവെന്നു പാർലമെന്റിൽ അവതരിപ്പിച്ച ധവളപത്രത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

2004ൽ യുപിഎ സർക്കാർ പ്രവർത്തനം തുടങ്ങുമ്പോൾ സമ്പദ്വ്യവസ്ഥ എട്ടു ശതമാനത്തിനു മുകളിലായിരുന്നു വളർച്ച. വ്യവസായ, സേവന മേഖലകളിലെ വളർച്ച ഏഴു ശതമാനത്തിനു മുകളിലും കാർഷിക മേഖലയിലെ വളർച്ച ഒമ്പതു ശതമാനത്തിനു മുകളിലുമായിരുന്നു. സാമ്പത്തിക കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കമില്ലായ്മയും വ്യാപകമായ അഴിമതിയും യുപിഎ സർക്കാരിലുണ്ടായിരുന്നുവെന്നും ധവളപത്രത്തിൽ കുറ്റപ്പെടുത്തുന്നു.

ഭരണനേട്ടങ്ങൾ എണ്ണിപറഞ്ഞാണ് കേന്ദ്രസർക്കാർ ധവളപത്രം അവതരിപ്പിച്ചത്. 59 പേജുള്ള ധവളപത്രത്തിൽ ആദ്യത്തെ 25 പേജുകളിലും യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ട്. യുപിഎ സർക്കാർ ദീർഘവീക്ഷണമില്ലാതെ സമ്പദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്തതാണ് രാജ്യത്തെ പിന്നോട്ടടിച്ചത്. എന്നാൽ പത്തുവർഷം കൊണ്ടു ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാൻ മോദി സർക്കാരിനു കഴിഞ്ഞു. സാമ്പത്തികരംഗത്തു വലിയ കുതിച്ചുച്ചാട്ടം നടത്താനും ലോകം ശ്രദ്ധിച്ച പരിഷ്‌കാരങ്ങൾ കൊണ്ടുവരാനും മോദി സർക്കാരിനായി.

എന്നാൽ വലിയതോതിൽ കടം വാങ്ങിക്കൂട്ടിയ യുപിഎ സർക്കാർ ആ പണം പോലും കൃത്യമായി വിനിയോഗിക്കാതെ ബാധ്യതയുണ്ടാക്കുകയായിരുന്നു. അടിസ്ഥാന സൗകര്യമേഖലയെ അപ്പാടെ തഴയുകയും സാമൂഹിക സുരക്ഷ പദ്ധതികളെ അട്ടിമറിക്കുകയും ചെയ്തു. 2004നും 2014നും ഇടയിലുള്ള ശരാശരി പണപ്പെരുപ്പ നിരക്ക് 8.2 ശതമാനമായിരുന്നു. പണപ്പെരുപ്പം തടയുന്നതിനു വേണ്ട കൃത്യമായ ഒരു പദ്ധതിയും യുപിഎ സർക്കാർ നടപ്പാക്കിയില്ലെന്നും ധവളപത്രത്തിൽ പറയുന്നു.

സാമ്പത്തിക പിടിപ്പുകേടും അച്ചടക്കമില്ലായ്മയും വ്യാപക അഴിമതിയും അക്കാലത്തുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടമായിരുന്നു അന്നെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. കൂടുതൽ പരിഷ്‌കാരങ്ങൾക്ക് സജ്ജമായിരുന്ന, ആരോഗ്യകരമായ സമ്പദ്വ്യവസ്ഥയായിരുന്നു യു.പി.എ. സർക്കാരിന് ലഭിച്ചത്. എന്നാൽ പത്തുകൊല്ലം കൊണ്ട് അതിനെ നിഷ്‌ക്രിയമാക്കിയെന്ന് ധവളപത്രം ആരോപിക്കുന്നു.

2014ലെ കൽക്കരി കുംഭകോണം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചെന്ന് ധവളപത്രത്തിൽ പറയുന്നു. 2012 ജൂലായിൽ വൈദ്യുതി തടസപ്പെട്ടതിനെക്കുറിച്ചും പരാമർശമുണ്ട്. ഇതേത്തുടർന്ന് 62 കോടി ജനങ്ങൾ ഇരുട്ടിലാവുകയും ദേശീയസുരക്ഷ അപകടത്തിലാവുകയും ചെയ്തു.

2ജി സ്‌പെക്ട്രം അഴിമതിയെയും നയരൂപവത്കരണത്തിലെ താമസത്തെയും തുടർന്ന് ഇന്ത്യയുടെ ടെലികോം മേഖലയ്ക്ക് വിലയേറിയ പത്തുകൊല്ലം നഷ്ടമായെന്നും ധവളപത്രം വിമർശിക്കുന്നു. ഡിജിറ്റൽ ശാക്തീകരണത്തിന്റെ ചിഹ്നമായ ആധാറും യു.പി.എ. കാലത്ത് വേണ്ടവിധത്തിൽ കൈകാര്യം ചെയ്യപ്പെട്ടില്ല. പ്രതിരോധ മേഖലയിലെ അഴിമതിയും വിവാദങ്ങളും തീരുമാനം കൈക്കൊള്ളുന്നതിൽ കാലതാമസം വരുത്തുന്നതിലേക്ക് നയിച്ചു. ഇത് രാജ്യം പ്രതിരോധ സജ്ജമാകുന്നതിനെ ബാധിച്ചു.

വികസന പദ്ധതികൾ മോശം രീതിയിലാണ് നടപ്പാക്കിയത്. യു.പി.എ. കാലത്തുണ്ടായിരുന്ന നിരുത്സാഹപ്പെടുത്തുന്ന നിക്ഷേപാന്തരീക്ഷം, ആഭ്യന്തര നിക്ഷേപകരെ വിദേശത്തേക്ക് പോകുന്നതിന് വഴിവെച്ചു. യു.പി.എ. കാലത്ത് നേതൃത്വ പ്രതിസന്ധിയുണ്ടായിരുന്നെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു.