തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി അഡ്വ. എസ്.എസ്.ജീവനെ നിയമിക്കും. ഇത് സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയായി. സിപിഐയുടെ നോമിനിയായിട്ടാണ് ജീവന്റെ നിയമനം. കാനം രാജേന്ദ്രനോട് ചേർന്ന് നിൽക്കുന്ന ആളാണ് ജീവൻ. അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമാകും.

സിപിഐ പ്രതിനിധിയായിരുന്ന മനോജ് ചരളേൽ ഒരുമാസം മുമ്പ് അന്തരിച്ച ഒഴിവിലാണ് പുതിയ നിയമനം. സിപിഐക്ക് നീക്കി വച്ചിരിക്കുന്ന സീറ്റാണിത്. ബോർഡിൽ ഒഴിഞ്ഞുകിടക്കുന്ന അംഗത്തിന്റെ സ്ഥാനത്തേക്ക് അഡ്വ. എസ്.എസ്.ജീവനെ പാർട്ടി നിർദ്ദേശിച്ചിരുന്നു. നിയമപരിജ്ഞാനവും ഭരണപാടവവും ഉള്ള പാർട്ടി പ്രവർത്തകൻ ബോർഡംഗമാകണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം ബാറിലെ അഭിഭാഷകനും സിപിഐ. അംഗവുമാണ് അഡ്വ.എസ്.എസ്. ജീവൻ. അന്തരിച്ച സിപിഐ. നേതാവ് കെ.വി. സുരേന്ദ്രനാഥിന്റെ സഹോദരീപുത്രനാണ് അഡ്വ. ജീവൻ. ദേവസ്വം ബോർഡംഗം ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടയിൽ നിന്നുതന്നെ വേണമെന്ന കാഴ്ചപ്പാടിലാണ് കഴിഞ്ഞതവണ മനോജ് ചരളേലിന് നിയമനം കിട്ടിയത്. എന്നാൽ ഇക്കുറിയും അത്തരമൊരു നിർദ്ദേശം ഉണ്ടായെങ്കിലും പത്തനംതിട്ട ജില്ലയിൽനിന്ന് പറ്റിയ ഒരാളെ പാർട്ടിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

രണ്ടുകൊല്ലത്തിനുശേഷം ശബരിമല തീർത്ഥാടനം പൂർണതോതിൽ ഇക്കൊല്ലം നടക്കുമ്പോൾ ഒരംഗത്തിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കരുതെന്ന് സർക്കാരും നിർദേശിച്ചിരുന്നു.