ആലപ്പുഴ: ആലപ്പുഴ ജില്ലിയിലെ സി പി എമ്മിലെ വിഭാഗീയത സംബന്ധിച്ച് ഇതുവരെ ഗാലറിയിൽ ഇരുന്ന് കളി കണ്ട് സംസ്ഥാന നേതൃത്വം ഇനി അതിന് മുതിരില്ലന്ന് വ്യക്തമായി. ഉടൻ വരാൻ പോകുന്ന ലോക്സഭാ തെരെഞ്ഞടുപ്പിന് ഇപ്പോഴത്തെ പ്രശ്നങ്ങൾ കാരണം വലിയ വില നല്കേണ്ടി വരുമെന്ന് സി പി എം കണക്കു കൂട്ടുന്നു. അതു കൊണ്ട് തന്നെ വിഭാഗീയത തുടച്ചു നീക്കാൻ വലിയൊരു ശുദ്ധി കലശത്തിനാണ് പാർട്ടി തയ്യാറെടുക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ പ്രശ്ന പരിഹാരത്തിനായി നേരിട്ട് ഇറങ്ങുകയാണ്. ആരോഗ്യ മേഖലയിലെ അശ്രദ്ധയും അവഗണനയും ഒപ്പം ലഹരി മാഫിയയുടെ കടന്നു കയറ്റവും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സർക്കാർ വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ജി.സുധാകരൻ രംഗത്ത് എത്തിയിരുന്നു. സുധാകരൻ ലക്ഷ്യം വെയ്ക്കുന്നത് പഴയ ശിക്ഷ്യനായ മന്ത്രിയെയാണെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.

ജില്ലയിലെ പൊതു പ്രശ്നങ്ങൾ എടുത്തു കൊണ്ട് പാർട്ടി മന്ത്രിയെ പ്രതികൂട്ടിൽ നിർത്തുന്നതിനെ സംസ്ഥാന നേതൃത്വം അംഗീകരിക്കുന്നില്ല. എന്നാൽ പാർട്ടി ചുമതലകൾ ഒന്നുമില്ലാത്ത സുധാകരനെ പിണക്കുന്നത് അപകടവുമാണ്. അതു കൊണ്ട് സുധാകരനെ കൂടെ നിർത്തി ആലപ്പുഴയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ആലപ്പുഴയിലെ പാർട്ടിയെ കാർന്നു തിന്നുന്ന ചില അസാന്മാർഗിക പ്രവണതകൾ വെച്ചു പൊറുപ്പിക്കല്ലന്നു സംസ്ഥാന നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.

ലഹരി മാഫിയ ബന്ധം ആരോപിക്കപ്പെടുന്ന നഗര സഭ കൗൺസിലർ കൂടിയായ നേതാവിനെ മന്ത്രി സംരക്ഷിക്കുന്നവെന്നാണ് സുധാകരൻ ഉൾപ്പെടെയുള്ളവരുടെ പരാതി. കൂടാതെ ജില്ലാ സെക്രട്ടറി നാസറും സുധാകരനോടു അടുപ്പം പുലർത്തുന്നതിനാൽ ജില്ലിയിലെ പാർട്ടിയിൽ ഹോൾഡ് നഷ്ടപ്പെട്ടിരിക്കുകയാണ് പാർട്ടി മന്ത്രിക്ക്.കൂടാതെ ലഹരി കേസിൽ പ്രതികൂട്ടിൽ ആയ നേതാവിനെ സംരക്ഷിക്കാൻ ഇറങ്ങിയെന്ന പേരു ദോഷവും കേട്ടു തുടങ്ങി. കുട്ടനാട് അടക്കമുള്ള മേഖലകളിൽ നിന്നും പാർട്ടി അംഗങ്ങൾ കൊഴിഞ്ഞു പോകുന്നതും പ്രതിസന്ധിയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ നിയമസഭാ തെരെഞ്ഞടുപ്പ് വരെ ആലപ്പുഴയിൽ നേർക്ക് നേർ നിന്നിരുന്നത് സുധാകരനും ആരിഫുമായിരുന്നു.

എന്നിരുന്നാലും തെരെഞ്ഞടുപ്പിൽ വെള്ളം ചേർക്കാനോ കാലു വാരാനോ പര്സരം ശ്രമിച്ചിരുന്നില്ല. എന്നാൽ പിന്നീട് അങ്ങോട്ട് സമവാക്യങ്ങൾ മാറി. ആരിഫ് അപ്രസക്തനായി സുധാകരന്റെ ശക്തി ക്ഷയിച്ചു. അമ്പലപ്പുഴയിൽ നിന്നു തന്നെ എതിർ ശബ്ദങ്ങൾ രൂപപ്പെട്ടു. സുധാകരൻ കാലുവാരിയെന്ന് അമ്പലപ്പുഴ എം.എൽ എ എച്ച് സലാം പാർട്ടി വേദിയിൽ പരാതി ഉന്നയിക്കുകയും സുധാകരൻ പ്രതികൂട്ടിലാവുകയും ചെയ്തിരുന്നു. എന്നാൽ സുധാകരനെ അറിയുന്ന സംസ്ഥാന നേതൃത്വം നടപടിക്ക് മുതിർന്നില്ല. പിന്നീട് സംസ്ഥാന കമ്മിറ്റിയിൽ നിന്നും പ്രായത്തിന്റെ പേരിൽ ഒഴിവായി രാഷ്ട്രീയ വനവാസത്തിലേയ്ക്ക് നീങ്ങിയെങ്കിലും

സുധാകരന്റെ ജനപ്രിയതയും സ്വീകാര്യതയും ഇന്നും നിലനിൽക്കുന്നുണ്ട്. പാർട്ടി അണികളിൽ ആവേശം നിറയ്ക്കാൻ സുധാകരനോളം ആരും അവിടെ ഇല്ല എന്നതാണ് വസ്തുത ഈ വസ്തുത ബോധ്യപ്പെട്ടു കൊണ്ടുള്ള നീക്കങ്ങളാണ് പാർട്ടി നടത്തുന്നത്. വേണ്ടി വന്നാൽ ജില്ലാ കമ്മിറ്റിയിൽ അടക്കം അടിമുടി മാറ്റം ഉണ്ടായേക്കും. ലോക്സഭാ തെരെഞ്ഞടുപ്പിൽ തോൽവി ഉണ്ടായാൽ അത് സംസ്ഥാന പാർട്ടിക്ക് കിട്ടുന്ന കനത്ത തിരിച്ചടി തന്നെയാവും അതിലേക്ക് പോകാതെയുള്ള പ്രശ്ന പരിഹാര സാധ്യതകളാണ് സി പി എം തേടുന്നത്. അതു കൊണ്ടു തന്നെയാണ് വിമർശന മുനകൾ തൊടുത്തു വിട്ടിട്ടും സുധാകരനെ കൂടെ നിർത്തി ആലപ്പുഴ ഓപ്പറേഷന് സി പി എം തയ്യാറെടുക്കുന്നത്.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന ഒരു ചടങ്ങിലാണ് ആരോഗ്യമേഖല ഉൾപ്പെടെ സർക്കാർ വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുന്മന്ത്രി ജി. സുധാകരൻ രംഗത്ത് എത്തിയത്. ലഹരിക്കെതിരെ ആത്മാർഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതായും ലഹരിക്കു വേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്‌കാരം വളരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ലഹരിസംഘങ്ങൾ സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടി ചെറുപ്പക്കാരെ ഉപയോഗിക്കുന്നുവെന്നും സുധാകരൻ ആരോപിച്ചിരുന്നു. ആരോഗ്യ മേഖലയിൽ അശ്രദ്ധയും അവഗണനയുമാണ്. മെഡിക്കൽ കോളജിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ഡോക്ടർമാരെ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നില്ലന്നും സുഥാകരൻ കുറ്റപ്പെടുത്തിയിരുന്നു.

സ്ഥലംമാറ്റിയവർക്കു പകരം ഡോക്ടർമാരെ നിയമിച്ചില്ല. ആലപ്പുഴ മെഡിക്കൽ കോളജ് വികസനം എവിടെയും എത്തിയില്ല. ഇവിടെ വീട് വയ്ക്കുന്നതിന് എന്തെങ്കിലും ശാസ്ത്രീയതയുണ്ടോ. മുകളിൽ കുറെ ഉദ്യോഗസ്ഥർ ഇരുന്ന് പ്ലാൻ ഇടുന്നതല്ല ആസൂത്രണം. റേഷൻ വിതരണം ചെയ്യുന്നതോ, ഓണത്തിനും വിഷുവിനും സാധനങ്ങൾ വില കുറച്ചു നൽകുന്നതോ അല്ല ആസൂത്രണം. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും തോടുകളുമാണ് ഇപ്പോഴും. കനാലുകൾ ആധുനികവൽക്കരിച്ചില്ല.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ കടുത്ത അഴിമതിയാണ്. നഗരസഭയിൽ പൈപ്പ് പൊട്ടുന്നതിനും പഴകിയ ആഹാരത്തിനുമെല്ലാം കാരണം അഴിമതിയാണ്. ചില പ്രാദേശിക ജനപ്രതിനിധികളും അഴിമതിക്കു കൂട്ട് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആലപ്പുഴ സൗഹൃദ വേദി സംഘടിപ്പിച്ച 'ആരോഗ്യ പ്രശ്നങ്ങൾ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.