ന്യൂഡൽഹി: സിപിഎമ്മിലെ ആൺകോയ്മക്കെതിരെ തുറന്നു പറച്ചിലുമായി പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. സ്ത്രീ എന്ന തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാൻ പാർട്ടി തയ്യാറായില്ലെന്നാണ് വൃന്ദയുടെ തുറന്നു പറച്ചിൽ. സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചെന്നാണ് അവർ വ്യക്തമാക്കുന്നത്. സിപിഎമ്മിലെ രാഷ്ട്രീയ ഭിന്നതകളുടെ സന്ദർഭങ്ങളിൽ ഈ സമീപനം കൂടുതലായിരുന്നുവെന്നും വൃന്ദ ചൂണ്ടിക്കാട്ടുന്നു.

'ആൻ എജ്യുക്കേഷൻ ഫോർ ഗീത' എന്ന പേരിൽ ലെഫ്റ്റ് വേർഡ് ബുക്‌സ് പുറത്തിറക്കുന്ന ഓർമകുറിപ്പുകളിൽ 'ബീയിങ് എ വുമൺ ഇൻ ദ പാർട്ടി' എന്ന തലക്കെട്ടിലെ കുറിപ്പിലാണ് വൃന്ദയുടെ വെളിപ്പെടുത്തൽ. ''1982നും 1985നും ഇടയിൽ പ്രകാശായിരുന്നു പാർട്ടി ഡൽഹി ഘടകം സെക്രട്ടറി. അക്കാലത്ത് ഞാൻ വിലയിരുത്തപ്പെടുന്നുവെന്നോ എന്റെ പ്രവർത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേർത്തുവായിക്കപ്പെടുന്നുവെന്നോ ഒരിക്കലും തോന്നിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷെ, പിന്നീട് അതായിരുന്നില്ല അനുഭവം.-വൃന്ദ പറയുന്നു.

ഡൽഹിക്ക് പുറത്ത് ദേശീയ തലത്തിൽ പാർട്ടിയിലും മറ്റു സംഘടനകളിലും ഞാൻ കൂടുതൽ ചുമതലകൾ ഏറ്റെടുത്തു. എന്നാൽ, ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവൻ സമയ പാർട്ടി പ്രവർത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ അപ്പാടെ പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഇത് രാഷട്രീയ ഭിന്നതകളുടെ സമയത്ത്... അങ്ങനെ പല തവണ ഉണ്ടായി... രൂക്ഷമായി. ദുഷ്ടലാക്കോടെ മാധ്യമങ്ങളിൽ വരുന്ന ഗോസിപ്പുകളും അതിന് കാരണമായി. സഖാക്കളുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് കൂടുതൽ ബോധവതിയാവാൻ ഞാൻ നിർബന്ധിതയായി. അധികമായ സൂക്ഷ്മപരിശോധനയുടെ ഭാരം ഞാൻ നേരിടേണ്ടിവന്നു.'

റീത എന്നത് അടിയന്തരാവസ്ഥക്കാലത്ത് വൃന്ദയ്ക്ക് പാർട്ടി നൽകിയ വിളിപ്പേരായിരുന്നു. 75 മുതൽ 85 വരെയുള്ള വൃന്ദയുടെ ലണ്ടൻ ജീവിതം, അവിടെ എയർ ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ സാരി ഉടുക്കാനായി നടത്തിയ സമരം, കൊൽക്കത്തയിലെ സിപിഎം പ്രവർത്തനം, പ്രകാശ് കാരാട്ടുമായുള്ള പ്രണയവും വിവാഹവും, ഡൽഹിയിൽ ട്രേഡ് യൂണിയൻ രംഗത്തും സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും നടത്തിയ പോരാട്ടങ്ങൾ, ദുഃഖം നിറഞ്ഞ വേർപാടുകൾ എന്നിവയാണ് ഓർമകുറിപ്പുകളിൽ ഉൾപ്പെടുന്നത്.

ഒരു കോസ്‌മോപൊളിറ്റൻ ജീവിതം

പഞ്ചാബിയായ പിതാവ്, ബംഗാളിയായ അമ്മ. ജീവിത പങ്കാളി മലയാളി. പാശ്ചാത്യ വിദ്യാഭ്യാസത്തിനുശേഷം വൻതുക ശമ്പളമുള്ള എയർഹോസ്റ്റസ് ജോലി വലിച്ചെറിഞ്ഞ് എടുത്ത് ചാടിയത് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക്. ശരിക്കും നമുക്ക് വിചിത്രം എന്ന് നോന്നാവുന്ന ഒരു ജീവിതമാണ് വൃന്ദ കാരാട്ടിന്റേത്.

കൊൽക്കൊത്തയിൽ 1947 ഒക്ടോബർ 17നാണ് ബൃന്ദ ജനിക്കുന്നത്. സൂരജ് ലാൽ ദാസ് എന്നാണ് അച്ഛന്റെ പേര്. ഒരു സഹോദരനും മൂന്ന് സഹോദരികളുമുണ്ട്. അഞ്ചാം വയസ്സായപ്പോഴേക്കും ബൃന്ദക്ക് അമ്മ ഒഷ്‌റുകോന മിത്ര നഷ്ടമായി. പിന്നീട് ബൃന്ദയുടെ അച്ഛൻ രണ്ടാം വിവാഹം ചെയ്തതും ഒരു മലയാളിയെയാണ്. പ്രകാശ്കാരാട്ടുമായി വിവാഹം കഴിക്കുന്നതിന് മുമ്പേ തന്നെ തനിക്ക് കേരളവുമായി ബന്ധം തുടങ്ങിയിരുന്നുവെന്ന് ബൃന്ദ പറയുന്നത് ഇതിന്റെ പേരിലാണ്.

'''എനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്, 1953ൽ. അച്ഛൻ വീണ്ടും വിവാഹിതനായി, 1960ൽ. വധു അന്ന് കൊൽക്കത്തയിലുണ്ടായിരുന്ന കോട്ടയംകാരി സുശീല കുരുവിള. രാജ്യത്തിന്റെ ആദ്യ ധനകാര്യമന്ത്രി ജോൺ മത്തായിയുടെ മകൻ ദുലീപിന്റെ ആദ്യ ഭാര്യയായിരുന്നു സുശീല. അവർ വിവാഹബന്ധം വേർപെടുത്തി ഏതാനും വർഷം കഴിഞ്ഞ് സുശീല എന്റെ അച്ഛനെ വിവാഹം ചെയ്തു. അവർ തമ്മിൽ 20 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. ഞാൻ കുട്ടിയായിരിക്കുമ്പോൾ എത്രയോ തവണ അവർക്കൊപ്പം കോട്ടയത്തു വന്നിരിക്കുന്നു. സുശീലയുടെ അമ്മയെ അമ്മച്ചിയെന്നും അച്ഛനെ അപ്പച്ചിയെന്നുമാണ് ഞാൻ വിളിച്ചിരുന്നത്. നിറയെ റബറൊക്കെയുള്ള വീടാണ്. സുറിയാനി ക്രിസ്ത്യാനികൾ.

സുശീലയുടെ ആദ്യ വിവാഹത്തിലെ മകനും ഞങ്ങൾക്കൊപ്പമാണു വളർന്നത്. സുശീല ഏതാനും വർഷം മുൻപ് മരിച്ചു, കൂനൂരിൽവച്ച്. കേരളത്തിലെ പ്രസംഗങ്ങളിൽ മലയാളപദങ്ങൾ പ്രയോഗിക്കുന്നതിന്റെ രഹസ്യം കോട്ടയത്തെ ബാല്യകാലദിവസങ്ങളാണ്. 'എനിക്കു മലയാളം പറയാൻ അറിയില്ല. കേട്ടാൽ മനസ്സിലാവും. പ്രകാശിന്റെ അമ്മ ജീവിച്ചിരുന്നെങ്കിൽ താൻ മലയാളം പഠിക്കുമായിരുന്നു'- ബൃന്ദ കാരാട്ട് ഒരു അഭിമുഖത്തിൽ പറഞ്ഞു.

ബൃന്ദയുടെ സഹോദരിയായ രാധിക റോയ്, എൻഡിടിവി എഡിറ്ററും ഉടമയുമായ പ്രാണോയ് റോയിയെയാണ് വിവാഹം ചെയ്തത്. ബൃന്ദകുടുംബത്തിലെ പലരും പല മേഖലകളിലായി പ്രശ്‌സതരാണ്. ഡെറാഡൂണിലെ വെൽഹാം ഗേൾസ് സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 16ാം വയസ്സിൽ മിരിൻഡ ഹൗസ് എന്ന ഡൽഹി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജിൽ നിന്നും ബി.എ പൂർത്തിയാക്കി.1971 ൽ കൽക്കത്ത സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.

മിനി സ്‌കർട്ടിൽ എയർ ഇന്ത്യയെ മുട്ടുകുത്തിച്ചു

അക്കാലത്ത് തന്റെ മനസ്സു നിറയെ നാടക മോഹമായിരുന്നുവെന്ന് പല അഭിമുഖങ്ങളിലും ബൃന്ദ പറഞ്ഞിട്ടുണ്ട്. ലണ്ടനിലെ നാടക സ്‌കൂളുകളായ റാഡയിലോ ലാംഡയിലോ പഠിക്കണമെന്നു മോഹം. എന്നാൽ, അതിനുമുൻപ് സ്വന്തം കാലിൽനിൽക്കാൻ കെൽപുവേണമെന്ന് അച്ഛൻ. അങ്ങനെയാണ് എയർ ഇന്ത്യയിൽ എത്തുന്നത്. ആദ്യം കൊൽക്കത്തയിൽ. ലണ്ടനിൽ ഒഴിവുവന്നപ്പോൾ അവിടേക്ക്. ജോലിക്കൊപ്പം നാടകം പഠിക്കാൻ സായാഹ്ന കോഴ്സുകൾക്കും ചേർന്നു. ആ സമയത്താണ് പ്രസിദ്ധമായ മിനി സ്‌കർട്ട് സമരം ഉണ്ടായത്.

വനിതാ ജീവനക്കാർ നിർബന്ധമായും മിനി സ്‌കർട്ട് ധരിക്കണം എന്ന നിയമത്തെ അവർ എതിർത്തു.മിനി സ്‌കർട്ട് യൂനിഫോം നിയമത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു. ഒടുവിൽ എയർ ഇന്ത്യ മാനേജ്മെന്റ് ഡ്രസ് കോഡ് ഭേദഗതി ചെയ്തു. വനിതാ ജീവനക്കാർക്ക് സാരിയും സ്‌കർട്ടും തിരഞ്ഞെടുക്കാൻ അനുമതി കിട്ടി. ബൃന്ദ നടത്തിയ ആദ്യത്തെ സമരം അതായിരുന്നു. ''സാരിക്കുവേണ്ടിയുള്ള സമരമായിരുന്നില്ല അത്. വേഷം അടിച്ചേൽപ്പിക്കുമെന്ന് ധാർഷ്ട്യത്തിന് എതിരെയായിരുന്നു. ആ സമരം പിന്നീട് സമാനമായ വിഷയങ്ങളിൽ ഇടപെടുന്നവർക്ക് ഊർജ്ജമായി''- ബൃന്ദ പിന്നീട് പറഞ്ഞു.

വൻതുക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുന്ന ഒരു യുവതിക്ക് വട്ടാണെന്നാണ് അന്നും ഇന്നും പറയുക. വെറും 22ാമത്തെ വയസ്സിലാണ് ബൃന്ദ എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് വിപ്ലവ പാതയിലേക്ക് എടുത്തു ചാടുന്നത്. നിരന്തരായ വായനയും, അക്കാലത്തെ ലോക രാഷ്ട്രീയവും അവരുടെ വീക്ഷണത്തെ മാറ്റിമറിക്കയായിരുന്നു.

ലണ്ടനിൽവച്ചാണ് വൃന്ദ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെക്കുറിച്ചു മനസ്സിലാക്കുന്നതും സിപിഎമ്മിൽ ചേരാൻ തീരുമാനിക്കുന്നതുമൊക്കെ. അതേ കാലത്താണ് വെലംസ് സ്‌കൂളിലെ സഹപാഠി സുഭാഷിണി അലി ലണ്ടൻവഴി നാട്ടിലേക്കു മടങ്ങുന്നത്. ലണ്ടനിലെ ഒരു റസ്റ്ററന്റിൽ കണ്ടുമുട്ടുകയും കമ്യൂണിസ്റ്റാവാൻ തീരുമാനിച്ചുവെന്നു രണ്ടു പേരും പരസ്പരം പറയുകയുമായിരുന്നു. വൈകാതെ വൃന്ദ കൊൽക്കത്തയിലെത്തി. സുഭാഷിണിയുടെ പരിചയക്കാരനായ ഒരു സഖാവിലൂടെയാണ് ഞാൻ ബിമൻ ബോസിനെ പരിചയപ്പെട്ട് പാർട്ടിയിലേക്കു കടക്കുന്നത്. വൃന്ദയ്ക്കുശേഷം സുഭാഷിണിയും പൊളിറ്റ് ബ്യൂറോ അംഗമായി. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെയും മുൻ സിപിഎം സെക്രട്ടറി സുന്ദരയയ്യുടെയുമൊക്കെ പിന്തുണ അവൾക്ക് ഉണ്ടായിരുന്നു.

കാരാട്ടിനെ പ്രണയിച്ച് ദാമ്പത്യത്തിലേക്ക്

ആദ്യം കൊൽക്കത്തിയിലും പിന്നീട് ഡൽഹിയിലുമാണ് അവർ പ്രവർത്തിച്ചത്. ഈ ഡൽഹിക്കാലത്തിലാണ് സിപിഎം നേതാവ് പ്രകാശ് കാരാട്ടുമായി പ്രണയത്തിൽ ആവുന്നത്. അന്ന് എകെജിയുടെ സെക്രട്ടറിയായിരുന്നു പ്രകാശ്. അതേക്കുറിച്ച് ബൃന്ദ പിന്നീട് ഇങ്ങനെ പറഞ്ഞു.-''പാർട്ടിയിലായിരിക്കെയാണു ഞാൻ പ്രകാശുമായി പ്രണയത്തിലാവുന്നത്. എന്റെ ജീവിത്തിലെ ഏറ്റവും പ്രധാന സംഗതി പാർട്ടിയാണ്. അതിന്റെ ഭാഗമല്ലാത്ത ഒരാളെ വിവാഹം ചെയ്യുക ആലോചിക്കാനാവില്ല. അടിസ്ഥാന ആശയഗതികൾ യോജിക്കാത്തവർ എങ്ങനെ ഒത്തുപോകും?''- അവർ പറയുന്നു. ''പരസ്പരം രക്തഹാരം അണിയിക്കുംമുൻപ് ഞങ്ങൾ രണ്ടു പേരും ഓരോ പ്രതിജ്ഞ എഴുതിത്ത്ത്ത്ത്ത്ത്തയാറാക്കിയിരുന്നു. പരസ്പരം ആലോചിക്കാതെ, പരസ്പരം കാണിക്കാതെ. ഞങ്ങളതു വായിച്ചു. കേട്ടവർക്കു വിശ്വസിക്കാനായില്ല, രണ്ടു പ്രതിജ്ഞകളുടെയും സത്ത ഏതാണ്ട് ഒന്നുതന്നെ. ഞങ്ങളുടെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പങ്കാളിത്തം എപ്പോഴും ഞങ്ങളുടെ പ്രവർത്തനത്തെയും വിപ്ലവാഭിമുഖ്യത്തെയും ശക്തിപ്പെടുത്തണമെന്ന്''.ബൃന്ദ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

''വിവാഹത്തിനു മുൻപ് ഞങ്ങൾ പരസ്പരം ധാരാളം സംസാരിച്ചിട്ടുള്ളതാണല്ലോ. അതുകൊണ്ടുകൂടിയാവാം ആ പ്രതിജ്ഞകളിലെ ആശയം ഒരേപോലെയായത്''. ഈ പ്രതിജ്ഞകൾ പിന്നീട് കാണാതായി. കണ്ടെടുക്കാൻ ബൃന്ദയും പ്രകാശും പിന്നീടു പലതവണ ശ്രമിക്കുകയും, കിട്ടിയില്ല. അത് കിട്ടാഞ്ഞത് നന്നായി എന്നും കിട്ടിയിരുന്നെങ്കിൽ അവയ്ക്കു പാർട്ടി രേഖകൾക്കു തുല്യമായ പദവി കൈവരുകയും അവയിലെ വാക്കുകൾ മാത്രമല്ല കുത്തും കുനിപ്പും വിശകലനവിധേയമാകുകയും തർക്കം ഉടലെടുക്കുകയും ചെയ്യുമായിരുന്നുവെന്നും ബൃന്ദ പിന്നീട് തമാശപോലെ പറഞ്ഞിരുന്നു.

ബൃന്ദയെ പ്രകാശ് ആദ്യം കാണുന്നത് പക്ഷേ കൊൽക്കത്തയിലെ എസ്എഫ്ഐ ആസ്ഥാനത്തു വച്ചല്ല, ലണ്ടനിൽവച്ചാണ്. ബൃന്ദയന്ന് എയർ ഇന്ത്യയിൽ ജോലിക്കാരിയാണ്. പ്രകാശ് എഡിൻബറ സർവകലാശാലയിൽ എംഎസ്സി വിദ്യാർത്ഥി.ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മിഷൻ നടത്തിയ ചടങ്ങിൽ സത്യജിത് റേയെത്തി. റേയെ കാണാനെത്തിയതാണു പ്രകാശ്. അവിടെ റേയോട് ഓരോരോ ചോദ്യങ്ങൾ ചോദിക്കുന്ന പെൺകുട്ടികളിൽ വെളുത്തു മെലിഞ്ഞ സുന്ദരിയെ പ്രകാശ് പ്രത്യേകമായി നോക്കി. അന്ന് മൊട്ടിട്ട അനുരാഗമാണ് പിന്നീട് വളർന്നത്.

വിവാഹം നടക്കുമ്പോൾ ബൃന്ദക്ക് 27വയസ്സായിരുന്നു. പ്രകാശിനേക്കാൾ നാലുമാസം മൂപ്പ്. 1975 നവംബർ ഏഴിന്, ഒക്ടോബർ വിപ്ലവവാർഷിക ദിവസം, ഡൽഹിയിൽ വീണാ മജുംദാറിന്റെ വീട്ടിൽ നടന്ന പ്രതിജ്ഞവായന കേട്ടതും വിവാഹച്ചടങ്ങിൽ പങ്കെടുത്തതും എ.കെ.ഗോപാലൻ, സുശീല ഗോപാലൻ, ഹർകിഷൻ സിങ് സുർജിത്, തുടങ്ങി മുപ്പതോളം പേരാണ്.

എതായും അവർ ആഗ്രഹിച്ചതുപോലെയുള്ള ഒരു രാഷ്ട്രീയ ജീവിതമാണ് പിൽക്കാലത്ത് ഉണ്ടായത്. ഭർത്താവ് സിപിഎം ജനറൽ സെക്രട്ടറിയായപ്പോൾ, ഭാര്യ പിബി അംഗമായി. 2005ൽ സിപിഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി ബൃന്ദ കാരാട്ട് മാറി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി 1993 മുതൽ 2004 വരെ പ്രവർത്തിച്ചിട്ടുള്ള അവർ ഇപ്പോൾ അതിന്റെ വൈസ് പ്രസിഡണ്ടാണ്. രാജ്യസഭാംഗം എന്ന നിലയിലും സ്ത്യത്യർഹമായ പ്രകടനമാണ് അവർ കാഴ്ചവെച്ചത്.

പക്ഷേ പ്രകാശ് കാരാട്ടിനെപ്പോയെ ത്വാത്വക വിഷയങ്ങളിൽ ആയിരുന്നില്ല പത്‌നിയുടെ ഫോക്കസ്. നിരവധി ജനകീയ സമരങ്ങളാണ് അവർ ഏറ്റെടുത്തത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ രാജ്യസഭാഗം കൂടിയായ അവർ എക്കാലവും മുന്നിൽ നിന്നിരുന്നു. ലിംഗവിവേചനം സിപിഎമ്മിൽ പോലും ഉണ്ടെന്ന് തുറന്നടിച്ചു. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.