കാസർകോട്: പാർട്ടിയെ പ്രതിസന്ധിയിലാക്കിയ തില്ലങ്കേരി വിവാദവും സംസ്ഥാനസർക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധവും കനയ്ക്കുന്നതിനിടെ സിപിഎം. സംസ്ഥാന ജാഥയ്ക്ക് തിങ്കളാഴ്ച മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ തുടക്കമാകുന്നത്. എം വി ഗോവിന്ദൻ എന്ന സംസ്ഥാന സെക്രട്ടറിയെ അടയാളപ്പെടുത്തുന്ന യാത്രയാകും ഇതെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. സർക്കാറിനെ പ്രതിരോധിക്കുന്നതിനൊപ്പം പാർട്ടിക്കുള്ളിലെ പുഴുക്കുത്തുക്കൾക്കെതിരെ കൂടിയാണ് ജനകീയ പ്രതിരോധ ജാഥ.

എല്ലാ വിവാദവും പ്രതിരോധിക്കുംവിധമാകും ജാഥയുടെ പ്രയാണം. ഓരോ സ്വീകരണവേദിയിലും പാർട്ടിനിലപാട് വ്യക്തമാക്കും. ഇന്ന് വൈകീട്ട് 4.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പതാക കൈമാറി ജനകീയ പ്രതിരോധജാഥ ഉദ്ഘാടനം ചെയ്യും. കേന്ദ്ര അവഗണന തുറന്നുകാട്ടുന്നതിനും സംസ്ഥാനത്ത് നടക്കുന്ന ജനകീയ വികസനപ്രവർത്തനങ്ങളും വിശദീകരിക്കുന്നതിനുമാണ് ജാഥ നടത്തുന്നത്. ഓരോ മണ്ഡലത്തിലും സ്വീകരണയോഗങ്ങൾ സംഘടിപ്പിക്കും.

കാസർകോട് ജില്ലയിൽ അഞ്ചിടങ്ങളിലായി അരലക്ഷത്തിലേറെ പ്രവർത്തകർ സ്വീകരണപരിപാടികളിൽ പങ്കെടുക്കും. ജാഥയുടെ പ്രചാരണത്തിന്റെ ഭാഗമായി അനുബന്ധ പരിപാടികൾ കീഴ്ഘടകങ്ങളുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് 5.30-ന് ചെർക്കളയിൽ സ്വീകരണം നൽകും. ചൊവ്വാഴ്ച രാവിലെ കാസർകോട് സർക്കാർഅതിഥിമന്ദിരത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി എം വി ഗോവിന്ദൻ കൂടിക്കാഴ്ച നടത്തും.

രാവിലെ പത്തിന് ഉദുമയിലെ കുണ്ടംകുഴി, 11-ന് കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാൻഡ്, മൂന്നിന് തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് ജാഥാ മാനേജർ. സി.എസ്. സുജാത, എം. സ്വരാജ്, ജെയ്ക് സി. തോമസ്, കെ.ടി. ജലീൽ എംഎ‍ൽഎ. എന്നിവരാണ് ജാഥാംഗങ്ങൾ.

കേന്ദ്ര സർക്കാരിനെതിരെയാണ് യാത്രയുടെ പ്രധാന ലക്ഷ്യമെങ്കിലും ലൈഫ് മിഷൻ കേസിൽ അടക്കം എം വി ഗോവിന്ദൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ആകാശ് തില്ലങ്കേരി സിപിഎമ്മിന് അടഞ്ഞ അധ്യായമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. . ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ആവശ്യം ഇനിയും ഉയർന്നാൽ എതിർക്കണോയെന്ന് സർക്കാർ തീരുമാനിക്കും. ഇഡിക്ക് മുന്നിൽ ശിവശങ്കർ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൈക്കൂലി വാങ്ങിയെങ്കിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജയിലിൽ കിടക്കട്ടെയെന്നും കൈക്കൂലിയുടെ വിഹിതം തങ്ങളാരും പറ്റിയിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമക്കി. കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിടുകയാണെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. മറ്റ് നേതാക്കളാരും ശിവശങ്കറിനെ തള്ളാത്ത ഘട്ടത്തിലാണ് എം വി ഗോവിന്ദൻ തന്റെ നിലപാട് അറിയിച്ചതെന്നതാണ് ശ്രദ്ധേയം.

കൈക്കൂലിയുടെ വിഹിതം തങ്ങളാരും പറ്റിയിട്ടില്ലെന്ന് പറഞ്ഞ എം.വി ഗോവിന്ദൻ അത്‌കൊണ്ട് ഭയക്കുന്നില്ലെന്നും വ്യക്തമാക്കി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ അന്വേഷണ പരിധിയിൽ കൊണ്ടുവന്നാലും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ അഴിമതി കേസിൽ അറസ്റ്റിലായ എം.ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരമൊരു ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അത് രാഷ്ട്രീയപ്രേരിതമാണെന്നും ശിവശങ്കറിന്റെ അറസ്റ്റ് ആദ്യമായല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രതിപക്ഷ സമരത്തിന്റെ പേരിൽ ഒരു രൂപ പോലും ഇന്ധന സെസ്‌കുറക്കില്ല. അക്കാര്യം ജനങ്ങളോട് ഉറപ്പിച്ച് പറയാനാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളെ എക്കാലവും പൊതു ഖജനാവിൽ നിന്ന് പണം നൽകി സംരക്ഷിക്കാനാവില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ''ഒന്നുകിൽ ഈ ഗവൺമെന്റ് നിലനിൽക്കണോ അല്ലെങ്കിൽ ഈ ഗവൺമെന്റിന്റെ അന്ത്യം വേണോ?, സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള ഗൂഢാലോചന തന്നെയാണ് കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക നയം. അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഇടപെടലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്നത്. കോൺഗ്രസും ബിജെപിയും കൂടിയാണ് ഇന്ധനവില ഈ നിലയിലെത്തിച്ചത്''- എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇന്ധന സെസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താൻ പ്രതിപക്ഷത്തിന് അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ധന സെസ് എന്ത്‌കൊണ്ട് കുറയ്ക്കാതിരിക്കുന്നുവെന്നതിൽ സർക്കാരിന് കൃത്യമായ കാരണങ്ങളുണ്ട്. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 40000 കോടി രൂപയോളം കേന്ദ്രം കേരളത്തിന് നൽകാനുണ്ട്. ആ തുക നൽകാതെ കേന്ദ്രം സംസ്ഥാന സർക്കാരിനെ ഞെക്കി കൊല്ലാനുള്ള ശ്രമം നടത്തുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബിജെപി, യു.ഡി.എഫ് സമരം അപഹാസ്യമാണെന്നും അതിന് വഴങ്ങില്ലെന്നും വ്യക്തമാക്കിയ എം.വി ഗോവിന്ദൻ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.