തിരുവനന്തപുരം: സിപിഎമ്മിൽ തെറ്റുതിരുത്തൽ പ്രക്രിയയമായി രംഗത്തുവന്ന എം വി ഗോവിന്ദനും അതിന് കൂട്ടുനിന്ന് വാദം ഉന്നയിച്ച പി ജയരാജനും തൽക്കാലം വിവാദങ്ങളിൽ നിന്നും പിന്നോട്ടു വലിയുകയാണ്. അണികൾക്കിടയിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ച വിവാദം ഇതോടെ അവസാനിക്കുകയാണെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജനെതിരേ ഉയർന്ന ആരോപണത്തിൽ ഈയാഴ്ച ചേരുന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് നിർണായക തീരുമാനമെടുക്കും. പാർട്ടിക്ക് കേടില്ലാതെ വിഷയം അവസാനിപ്പിക്കാനാണ് നീക്കം. പ്രശ്‌നത്തിൽ പി.ബി. നിർദ്ദേശം പാലിച്ചാവും സെക്രട്ടേറിയറ്റിന്റെ നടപടി. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധിയിലായിരുന്ന ഇ.പി. സെക്രട്ടേറിയറ്റിൽ പങ്കെടുത്ത് വിശദീകരണം നൽകാനാണ് സാധ്യത. ഇതോട വിഷയം തീരുമെന്നാണ് കരുതുന്നത്. പാർട്ടിയിൽ ഇപിക്കെതിരെ ഉയർന്ന ആരോപണം ഭാവിയിൽ തനിക്കും ബാധകമാകുമെന്ന് പിണറായിയും കണക്കൂട്ടിയിട്ടുണ്ട്. ഇതോടെയാണ് വിഷയം തീർക്കാൻ അദ്ദേഹം ഇടപെട്ടതും.

അതേസമയം, സംസ്ഥാന കമ്മിറ്റിയിൽ ഇ.പി.ക്കെതിരേ തുറന്നടിച്ച കണ്ണൂർ മുൻജില്ലാസെക്രട്ടറി പി. ജയരാജൻ ഇതുവരെ ആരോപണം എഴുതി നൽകിയിട്ടില്ലെന്നതാണ് നേതൃത്വത്തിനുമുന്നിലെ വെല്ലുവിളി. പി ജയരാജനുമായി പിണറായി ചർച്ച നടത്തിയിരുന്നു. ഇതോടെ പി ജയരാജൻ പരാതി എഴുതി നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണെന്നും സൂചനകളുണ്ട്.

ആരോപണം അന്വേഷിക്കണമെന്ന് പി. ജയരാജൻ ആവശ്യപ്പെട്ടപ്പോൾ പരാതി രേഖാമൂലം നൽകാനായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി. അതു ചെയ്യാമെന്ന് പി. ജയരാജൻ സമ്മതിച്ചെങ്കിലും ഇതുവരെ എഴുതിനൽകിയിട്ടില്ല. പ്രശ്‌നം പി.ബി. പരിഗണിച്ചശേഷവും അദ്ദേഹം പരാതി രേഖാമൂലം നൽകിയില്ലെങ്കിൽ ഇപ്പോഴത്തെ തർക്കം പാർട്ടിയിൽ ഒത്തുതീരാനുള്ള വഴിയൊരുങ്ങും.

വിവാദങ്ങൾ കത്തിപ്പടർന്നതിൽ പ്രതിരോധത്തിലാണ് പാർട്ടി. സാധാരണ ഇത്തരം ആക്ഷേപങ്ങളുയരുമ്പോൾ പാർട്ടിയെ രക്ഷിക്കാൻ രംഗത്തിറങ്ങാറുള്ള സൈബർ സംഘങ്ങളും മിണ്ടുന്നില്ല. പരസ്യമായി വിവാദം ചൂടുപിടിച്ചിട്ടും സിപിഎം. നേതൃത്വമോ സെക്രട്ടറിയോ നിഷേധക്കുറിപ്പ് പുറപ്പെടുവിച്ചില്ല. ആരോപണം പ്രതിപക്ഷം ഏറ്റെടുത്ത സാഹചര്യത്തിലാണ് എല്ലാം മാധ്യമസൃഷ്ടിയാണെന്ന് എം വി ഗോവിന്ദന്റെ ദുർബലമായ പ്രതികരണം.

കേരളത്തിലെ വിഷയമടക്കം ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി വിഷയത്തിൽ ആദ്യമായി പ്രതികരണം നടത്തിയിട്ടുള്ളത്. പി. ജയരാജന്റെ ആരോപണം മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുത്തതിന് പിന്നാലെയാണ് പാർട്ടിയുടെ തന്ത്രപരമായ ചുവടുമാറ്റം എന്നതും ശ്രദ്ധേയമാണ്. തിരുത്തൽ വാദം തൽക്കാലം അവസാനിപ്പിക്കുകയാണെന്നാണ് എം വി ഗോവിന്ദന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

ഇ.പി. ജയരാജന് അനധികൃത സമ്പാദ്യമുണ്ടെന്ന പി. ജയരാജന്റെ ആരോപണമാണ് സിപിഎമ്മിൽ പുകയുന്നത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സിപിഎം. മുൻ കണ്ണൂർ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജന്റെ ആരോപണം. സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത തെറ്റുതിരുത്തൽ രേഖയുടെ ചർച്ചയിൽ ഇ.പി.ക്കെതിരേ പി. ജയരാജൻ തുറന്നടിക്കുകയായിരുന്നു.

''ആദ്യം ഇ.പി.യായിരുന്നു ആയുർവേദ റിസോർട്ടിന്റെ ഡയറക്ടർ, പിന്നീട് ഭാര്യയും മകനും ഡയറക്ടർമാരായി. റിസോർട്ടിന്റെപേരിൽ ഇ.പി. അനധികൃതമായി സ്വത്തുണ്ടാക്കി. ഉത്തമബോധ്യത്തിലും ആധികാരികതയുടെ അടിസ്ഥാനത്തിലുമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ മറുപടി പറയവേ, ആരോപണം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തള്ളിയില്ല. പകരം, രേഖാമൂലം പരാതി നൽകിയാൽ അന്വേഷിക്കാമെന്നായിരുന്നു മറുപടി. നൽകാമെന്ന് പി. ജയരാജൻ അറിയിച്ചു. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധിയെടുത്തിട്ടുള്ള ഇ.പി. പങ്കെടുത്തിരുന്നില്ല.

അതേസമയം, പി.ബിയിൽ പങ്കെടുക്കാൻ തിങ്കളാഴ്ച തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയാരോപണത്തെ 'തണുപ്പൻ' മറുപടിയിലൂടെയാണ് നേരിട്ടത്. ഇ.പി. ജയരാജൻ വിഷയം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമോ എന്ന ചോദ്യത്തിന്,'ഡൽഹിയിൽ തണുപ്പ് എങ്ങനെയുണ്ട്' എന്നായിരുന്നു പിണറായിയുടെ മറുപടി. നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അങ്ങോട്ട് വരുമെന്നും പിണറായി പറഞ്ഞു.

പോളിറ്റ് ബ്യൂറോ യോഗ അജണ്ട മുൻകൂട്ടി തീരുമാനിച്ചതിനാൽ ഇ.പി വിഷയം ഉൾപ്പെട്ടിട്ടില്ല. എന്നാൽ, കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ അദ്ദേഹത്തിനെതിരെ ഉയർന്ന പരാതി പോളിറ്റ് ബ്യൂറോയിൽ ചർച്ചയാകും. ഇതിന്മേൽ അന്വേഷണത്തിന് പാർട്ടി നിർബന്ധിതരാകും. എന്നാൽ, കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ അന്വേഷണത്തിൽ ഇ.പിക്കെതിരെ നടപടിയെടുക്കണമെങ്കിൽ പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും അംഗീകാരം വേണം. പരാതി കേന്ദ്ര കമ്മിറ്റിക്കു മുമ്പാകെ വന്നാൽ മാത്രമേ കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും വിശദ ചർച്ചക്ക് സാധ്യതയുള്ളൂ. ഇതിനിടെ, ഇ.പിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പി. ജയരാജനെതിരെയും നേതൃത്വത്തിന് മുന്നിൽ പരാതിപ്രളയം.

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി പി. ജയരാജനുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി ലഭിച്ചത്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത്-ക്വട്ടേഷൻ സംഘവുമായി പി. ജയരാജന് ബന്ധമുണ്ടെന്നും ഇതിൽ പാർട്ടി അന്വേഷണം വേണമെന്നുമാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രധാന ആവശ്യം. ഇ.പിയുമായി അടുപ്പമുള്ളവരാണ് കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തിയ പരാതിക്ക് പിന്നിൽ. ഇ.പി നേരത്തെ ജില്ല സെക്രട്ടറിസ്ഥാനം വഹിച്ചിരുന്ന തൃശൂരിൽനിന്നുള്ള കേന്ദ്രങ്ങളിൽ നിന്നാണ് കൂടുതലായും പരാതികൾ പോയത്. ഇപ്പോഴത്തെ നിലയിൽ സെക്രട്ടറിയേറ്റ് യോഗത്തോടെ വിഷയം അവസാനിക്കാനാണ് സാധ്യത.