കോഴിക്കോട്: ഗവർണറോടുള്ള സമീപനത്തിൽ യുഡിഎഫിലേയും കോൺഗ്രസിലേയും ഭിന്നത തുടരുന്നു. വി ഡി സതീശനെയും കെ സുധാകരനെയും തള്ളി കെ മുരളീധരൻ എംപി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശീയ നയം സുധാകരനും സതീശനും അറിയില്ലേ എന്നത് അവരോട് ചോദിക്കണം. പാർട്ടിക്ക് ഉള്ളിൽ ഇതേക്കുറിച്ച് ചർച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.

പുറത്താക്കി പകരം വി സിമാരെ വെക്കുന്നതിൽ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർമാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം യുഡിഎഫിന് ഇല്ല. ഗവർണർമാരിലൂടെ കാവിവത്കരണം നടത്താൻ ശ്രമം നടക്കുന്നു.ഗവർണറെ വെച്ച് കളിക്കുന്ന ഒരു കളിയോടും യോജിക്കില്ല. എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവർണർ തന്നെയാണ്.

അന്ന് എന്തിന് അംഗീകരിച്ചുവെന്ന് കെ മുരളീധരൻ എംപി ചോദിച്ചു. വിസിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ്, എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. ഗവർണർ രാജാവ് ആണോ? ഈ ഗവർണറെ അംഗീകരിക്കില്ല. പാർട്ടിക്ക് ഇന്ത്യയിൽ ഒരു നയമെ ഉള്ളൂ. ചെപ്പിടവിദ്യയും പിപ്പിടിവിദ്യയും മാറ്റി പ്രശ്‌നം പരിഹരിക്കണം. ഇരുകൂട്ടരും തെറ്റ് ചെയ്തു.സുപ്രിം കോടതി വിധിയുടെ മറവിൽ എല്ലാ വി സിമാർക്കും എതിരെ നടപടി എടുത്തുവെന്ന് മുരളീധരൻ വ്യക്തമാക്കി.

അതേലമയം ഗവർണറുടെ നടപടികളെ പിന്തുണക്കാനില്ലെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുനന്നു. ഗവർണറുടെ എല്ലാ നടപടികളെയും പിന്തുണയ്ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംവിധാനത്തെ മാനിച്ച് വേണം ഗവർണർ പ്രവർത്തിക്കാനെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഗവർണറുടെ നിലപാടിനെ ചൊല്ലി മുസ്ലിം ലീഗിലും യുഡിഎഫിലും അഭിപ്രായ വ്യത്യാസമില്ല. പ്രതിപക്ഷ നേതാവ് മുൻപും ഗവർണറുടെ നിലപാടിനെതിരെ രംഗത്തുവന്നിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യൂണിവേഴ്‌സിറ്റി ഭരണവുമായി ബന്ധപ്പെട്ട് ഇടതുസർക്കാർ സ്വീകരിക്കുന്ന നിലപാടുകളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്. അതിനെതിരെ ജനാധിപത്യരീതിയിലുള്ള പോരാട്ടം തുടരും. സംസ്ഥാനത്ത് ഗവർണറുടെ ഭരണം സ്വന്തം നിലയിൽ നടപ്പാക്കുന്നതിനോട് യോജിക്കാനാകില്ല. ഭരണപക്ഷത്തെ മാനിക്കാത്തയാൾ പ്രതിപക്ഷത്തെയും മാനിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്തെ ഗവർണറുടെ നടപടിയെ വിമർശിച്ച മുസ്ലിം ലീഗിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. കോൺഗ്രസിന്റെ അഭിപ്രായത്തിൽ നിന്നുമാറി ഗവർണറുടെ സംഘപരിവാർ അജണ്ട തിരിച്ചറിഞ്ഞ് പ്രതികരിച്ച മുസ്ലിം ലീഗ് നിലപാടാണ് പിണറായിയുടെ പ്രശംസയ്ക്ക് ഇടയാക്കിയത്. ഗവർണറുടെ അജണ്ട മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെങ്കിലും മുസ്ലിം ലീഗിന് കഴിയുന്നുണ്ടെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. വിസിമാർ രാജി വെക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലീഗിനെ പ്രശംസിച്ചത്.