തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെതിരെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം കടുക്കുകയാണ്. കോൺഗ്രസ് നേതാക്കളെല്ലാം എം വി ഗോവിന്ദനെതിരെ തിരിഞ്ഞിട്ടുണ്ട്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും ഗോവിന്ദനെ തള്ളി രംഗത്തുവന്നിരുന്നു. ദേശാഭിമാനി വാർത്തയെ മുന്നിൽ നിർത്തിയായിരുന്നു ഗോവിന്ദന്റെ ആരോപണം. ഈ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി കെ സുധാകരൻ രംഗത്തെത്തി.

തലച്ചോറിൽ അശ്ലീലം നിറച്ചൊരു 'തനി' ദേശാഭിമാനി ലേഖകനായി താങ്കൾ അധഃപതിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് സുധാകരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശിച്ചു. ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, 'മാന്യമായി' ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് ഓർണമെന്നും സുധാകരൻ ഓർമ്മിപ്പിച്ചു. കേന്ദ്ര യജമാനന്റെ കാലിൽ വീഴുന്ന പിണറായിയുടെ തുലാസ്സു കൊണ്ട് മറ്റുള്ളവരെ അളക്കരുതെന്നും അദ്ദേഹം വിമർശിച്ചു.

സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സിപിഎമ്മിന്റെ 'അശ്ലീല' സെക്രട്ടറിയോടാണ്.. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് താങ്കളോട് പറയണമെന്നുണ്ട്. പക്ഷേ ഒന്നോർത്താൽ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് താങ്കൾ ഇപ്പോൾ കാണിക്കുന്നതും! ആന്തൂരിലെ സാജനെ 'കൊന്ന' ശേഷം, അയാളുടെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച ശ്യാമളയുടെ ഭർത്താവിനോട് 'മാന്യത' കാണിക്കണമെന്ന് പറയുന്നത് ഒരല്പം കടന്ന കൈയാണ്. എന്നാലും.... ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, 'മാന്യമായി' ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് വെറുതെയെങ്കിലുമൊക്കെ ഓർക്കുക.

തലച്ചോറിൽ അശ്ലീലം നിറച്ചൊരു 'തനി' ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്താണ് ഗോവിന്ദൻ? ഇതാണോ രാഷ്ട്രീയം? അല്പമെങ്കിലും സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ നിങ്ങൾക്കും സിപിഎമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?

നാട്ടിലെ മുഴുവൻ മാധ്യമങ്ങളെയും വിരട്ടി, ജനങ്ങളുടെ മുന്നിലൊരു കോമാളി പരിവേഷത്തിൽ സ്വയം നിൽക്കുമ്പോൾ, ഇത്ര വേഗം അടുത്ത വിഡ്ഢിത്തവുമായി ഇറങ്ങണമായിരുന്നോ? വിദൂഷക വേഷത്തിൽ കൺവീനർ സ്ഥാനത്തിരിക്കുന്ന ആളോട് മത്സരിക്കാനാണോ പാർട്ടി സെക്രട്ടറിയായി താങ്കളെ നിയമിച്ചിരിക്കുന്നതെന്ന് കേരളം സംശയിക്കുന്നുണ്ട്. പൊലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാൽ ഉടൻ തന്നെ കേന്ദ്രത്തിലെ യജമാനന്റെ കാലിൽ വീഴുന്നൊരു പിണറായി വിജയനെ താങ്കൾക്ക് പരിചയമുണ്ടാകും. ആ തുലാസ്സും കൊണ്ട് മറ്റുള്ളവരെ അളക്കാൻ വരരുത്, ഗോവിന്ദൻ.

അതേസമയം കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കുടുക്കാൻ പുതിയ നീക്കവും സജീവമാണ്. മോൺസൺ കേസിൽ കെ സുധാകരനെതിരെ മൊഴി കൊടുത്തതിന്റെ പേരിൽ വഴിയിൽ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി എത്തിയിട്ടുണ്ട്. ചേർത്തല പള്ളിപ്പുറം സ്വദേശിയും മോൺസന്റെ മുൻ ഡ്രൈവറുമായ ജയ്സനാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഉച്ചക്ക് രണ്ട് മണിയോടെ വീടിന് സമീപം വെച്ച് മുരളി എന്നയാൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ ചേർത്തല പൊലീസ് കേസെടുത്തു.

അതിനിടെ സുധാകരന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എബിൻ എബ്രഹാം പുരാവസ്തു തട്ടിപ്പുകാരൻ മോൻസണിന്റെ ജീവനക്കാരനിൽനിന്ന് പണം കൈപ്പറ്റിയതിന്റെ തെളിവുകൾ പുറത്തുവന്നെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു മോൻസണിന്റെ മേക്കപ്പ്മാനും പോക്‌സോ കേസിലെ ഒന്നാംപ്രതിയുമായ തൃശൂർ തിരുവില്വാമല കുന്നേൽവീട്ടിൽ കെ ജെ ജോഷിയിൽനിന്നാണ് എബിൻ പണം വാങ്ങിയത്. ജനുവരി ഇരുപതിനാണ് ജോഷിയുടെ പേരിൽ ഇൻഡസ് ഇൻഡ് ബാങ്ക് അക്കൗണ്ടിൽനിന്ന് എബിന്റെ അക്കൗണ്ടിലേക്ക് 26,000 രൂപ അയച്ചത്. ഇതിന്റെ രേഖകൾ പരാതിക്കാർ ക്രൈംബ്രാഞ്ചിന് കൈമാറി. യൂത്ത് കോൺഗ്രസ് നേതാവ് എബിൻ, മോൻസണുമായി പണമിടപാട് നടത്തിയെന്ന് തെളിയിക്കുന്ന രേഖകൾ കേസിൽ നിർണായകമാകുമെന്ന് ദേശാഭിമാനി പറയുന്നു.