കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി മത്സരിക്കിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷനും നിലവിലെ എംപിയുമായ കെ. സുധാകരൻ. പകരക്കാരനായി കെപിസിസി ജനറൽ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമായ കെ. ജയന്തിന്റെ പേരാണ് നിർദേശിച്ചത്. എന്നാൽ, കെ. ജയന്ത് മത്സരിക്കുന്നതിൽ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും എതിർപ്പറിയിച്ചതായാണ് വിവരം. ജയന്തിന് വിജയസാധ്യതയില്ലെന്ന് ഇരുവരും സുധാകരനെ അറിയിച്ചു. കെ. ജയന്തിന് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഹൈകമാൻഡിന് വിടാനാണ് സാധ്യത.

ഇത്തവണ മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, കണ്ണൂരിലെ വിജയസാധ്യത മുൻനിർത്തി കെ. സുധാകരനോട് വീണ്ടും മത്സരിക്കാൻ എ.ഐ.സി.സി നിർദേശിക്കുകയായിരുന്നു. കണ്ണൂരിൽ സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജനെ നിശ്ചയിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. എം വി ജയരാജനോട് ഏറ്റുമുട്ടാനും മണ്ഡലം നിലനിർത്താനും ഏറ്റവും യോഗ്യൻ കെ. സുധാകരൻതന്നെയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

കെപിസിസി പ്രസിഡന്റും എംപി പദവിയും ഒന്നിച്ചുകൊണ്ടുപോവാൻ കഴിയില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കെ. സുധാകരൻ ആദ്യം മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നത്. 2019ൽ പി.കെ. ശ്രീമതിയായിരുന്നു കണ്ണൂരിൽ സുധാകരന്റെ എതിരാളി. 94,559 വോട്ടിനാണ് സുധാകരൻ വിജയിച്ചത്. ശ്രീമതി 4,35,182 വോട്ട് നോടിയപ്പോൾ സുധാകരൻ 5,29,741 വോട്ട് നേടി. ബിജെപിയുടെ സി.കെ. പത്മനാഭൻ 68,509 വോട്ട് നേടി.

അതേസമയം ഇക്കുറി വയനാട്ടിൽ രാഹുൽ ഗാന്ധി മത്സിക്കുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ തുടരുകയാണ്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതോടെ മണ്ഡലത്തിൽ ചർച്ചകൾ കൊഴുക്കുകയാണ്. ഏതെങ്കിലും സാഹചര്യത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ ആരാകും സ്ഥാനാർത്ഥിയായി എത്തുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വയനാട് ലോക്‌സഭാ മണ്ഡലം രൂപീകരിച്ചതിനു ശേഷം നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. ഏത് സമയത്ത് സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ചാലും തർക്കം മുറുകുന്ന കോൺഗ്രസിൽ രാഹുൽ എന്ന പേരിനെതിരെ മറ്റൊരു പേരും ഉയരില്ല. എന്നാൽ വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുമോ എന്നതാണ് എല്ലാവരും ഒറ്റു നോക്കുന്നത്. വയനാട്ടിൽ തന്നെ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് താൽപര്യവും ഉണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.

രാഹുൽ പിന്മാറിയാൽ മാത്രമാണ് മറ്റു സ്ഥാനാർത്ഥികളെക്കുറിച്ച് പാർട്ടിയിൽ ചർച്ച നടക്കുക. അങ്ങനെ ഒരു സാധ്യതയും ഉദിക്കുന്നില്ലെന്നാണ് കോൺഗ്രസിലെ ചില നേതാക്കൾ നൽകുന്ന വിവരം. നിരവധി പേരുകൾ രാഹുലിന് പകരം വയനാട്ടിൽ ചർച്ചകളിൽ വന്നിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പേര് ഷാനിമോൾ ഉസ്മാൻ ആണ്. നിലവിൽ കൽപ്പറ്റ എംഎൽഎ കൂടിയായ ടി സിദ്ദിഖ്, എംഎം ഹസ്സൻ, മലപ്പുറത്ത് നിന്നുള്ള കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി എന്നിവരാണ് സ്ഥാനാർത്ഥി സാധ്യത പട്ടികയിലുള്ളതായി രാഷ്ട്രീയ ചർച്ചകളിൽ നിറയുന്നത്.

ഇതിൽ ടി സിദ്ദീഖ് മത്സര രംഗത്തേക്ക് എത്തിയാൽ കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. എന്നാൽ മാറിയ സാഹചര്യത്തിൽ അങ്ങനെയൊരു ഉപതെരഞ്ഞെടുപ്പ് സുരക്ഷിതം ആകുമോ എന്ന് ചർച്ചകളും കോൺഗ്രസിലുണ്ട്. കൽപ്പറ്റ നിയമസഭാ മണ്ഡലം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അത്രകണ്ട് സുരക്ഷിതമല്ല എന്നാണ് വിലയിരുത്തൽ. അതിനാൽ ടി സിദ്ദീഖ് പരീക്ഷണത്തിന് തയ്യാറായേക്കില്ല.

രാഷ്ട്രീയ ചർച്ചകളിൽ രാഹുൽ ഗാന്ധിക്ക് പകരമായി ഇത്രയും പേരുകൾ വരുമ്പോഴും രാഹുൽ മത്സരിക്കില്ലെന്നോ പകരം സ്ഥാനാർത്ഥികളെ കണ്ടെത്തുമെന്നോ ഉള്ള കാര്യം കോൺഗ്രസ് സമ്മതിക്കുന്നില്ല. രാഹുൽ മത്സരിക്കാൻ ഇല്ലാത്ത പക്ഷം മുസ്ലിം സമുദായത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിക്ക് ആയിരിക്കും പ്രധാന പരിഗണന ലഭിക്കുക. അങ്ങനെ നോക്കുമ്പോൾ അത് ഷാനിമോൾ ഉസ്മാൻ, കെപി നൗഷാദ് അലി എന്നിവരിലേക്കാണ് പോവുക.

വയനാട്ടിൽ മുസ്ലിം സമുദായത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥിയെ പരിഗണിച്ചില്ലെങ്കിൽ കേരളത്തിൽ തന്നെ ഒരു ലോകസഭാ മണ്ഡലത്തിലും കോൺഗ്രസിന് മുസ്ലിം പ്രാതിനിധ്യം ഇല്ലാതെ പോകാനും സാധ്യത ഉണ്ട്. രാഹുൽ വരുന്നതിനു മുമ്പ് നടന്ന രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും എംഐ ഷാനവാസ് ആയിരുന്നു കോൺഗ്രസിൽനിന്ന് മത്സരിച്ചതും വിജയിച്ചു കയറിയതും. കഴിഞ്ഞതവണ മുസ്ലിം പ്രാതിനിധ്യം എന്ന കാര്യത്തിൽ മാറ്റം ഉണ്ടായെങ്കിലും രാഹുൽ ഗാന്ധി ആയതുകൊണ്ട് മാത്രമാണ് ഇത് പൊതുവിൽ അംഗീകരിക്കപ്പെട്ടത്. സാമുദായിക സമവാക്യങ്ങൾ മാറി മറയുന്നത് വിജയ സാധ്യത ഇല്ലാതെ ആക്കുമെന്നുള്ള അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉണ്ട്.

ഇടതുമുന്നണി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നേരത്തെ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചാരണ രംഗത്ത് സജീവമായതോടെ വയനാട്ടിൽ എങ്കിലും സ്ഥാനാർത്ഥിയെ തർക്കങ്ങൾ ഇല്ലാതെ പ്രഖ്യാപിക്കാൻ ആകുമോ എന്നതാണ് നേതൃത്വം നോക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ അണികൾക്കിടയിലും പ്രാദേശിക നേതാക്കൾക്കിടയിലും അതൃപ്തി ഉണ്ട്. ഘടക കക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനം പൂർത്തിയായതോടെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഒരാഴ്ചക്കുള്ളിൽ ഉണ്ടാകുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.