കണ്ണൂർ: സിപിഎമ്മിൽ പി.ജയരാജൻ ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ കണ്ണൂർ സി.പി എമ്മിൽ നേതാക്കളുടെ മൗനം തുടരുന്നു. വെള്ളിയാഴ്‌ച്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയാവുന്ന സാഹചര്യത്തിൽ അതു കഴിഞ്ഞ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ വിഷയത്തിൽ നിലപാട് വ്യക്തമാക്കുമെന്നാണ് ഈ കാര്യത്തിൽ കണ്ണൂരിലെ ചില നേതാക്കളുടെ പ്രതികരണം. ഇതിനിടെ ആരോപണ വിധേയനായ ഇ.പി ജയരജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. മൗനം തുടരുന്ന ഇ.പി ജയരാജൻ വെള്ളിയാഴ്‌ച്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നാണ് സൂചന.

ഇതിനിടെ ഇപിയെ അനുകൂലിക്കുന്ന നേതാക്കൾ കണ്ണൂരിൽ വിരലിൽ എണ്ണാവുന്ന നേതാക്കൾ മാത്രമേയുള്ളുവെന്നത് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഭാര്യാ സഹോദരിയും കേന്ദ്ര കമ്മിറ്റിയംഗവുമായപി.കെ ശ്രീമതിയടക്കമുള്ള ചില നേതാക്കളാണ് ഇ.പിയെ അനുകൂലിക്കുന്ന വർ. എന്നാൽ ഇതിനിടെ പാർട്ടി പി.ബി ആന്തരിലെ ആയുർവേദ റിസോർട്ടിൽ ഇ.പി ജയരാജനുള്ള പങ്കിനെ കുറിച്ചു അന്വേഷണമാരംഭിച്ചാൽ ഇ.പി എൽഡിഎഫ് കൺവീനർ സ്ഥാനം രാജി വയ്ക്കുമെന്നാണ് സൂചന. ഈ നീക്കമുണ്ടായാൽ പകരം തോമസ് ഐസക്കിനെ കൺവീനറാക്കാനുള്ള നീക്കമാണ് സംസ്ഥാന നേതൃത്വം നടത്തുന്നത്.

ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും ഒഴിവാക്കാൻ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപെടെയുള്ളവർ അണിയറയിൽ കരു നീക്കങ്ങൾ നടത്തുന്നുവെന്ന ആരോപണം കണ്ണൂരിലെ പാർട്ടിയിൽ ശക്തിയാണ് 'പാർട്ടിയിലെ സർവ ശക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ മൗനം പാലിക്കുന്നതും ഇതു തിരിച്ചറിഞ്ഞതു കൊണ്ടാണെന്നാണ് സൂചന. എന്നാൽ തനിക്കെതിരെയുള്ള സാമ്പത്തിക വിവാദ ആരോപണം പി.ജയരാജൻ ഉന്നയിക്കുകയും പിന്നീട് രേഖാമൂലം പരാതി നൽകുകയും ചെയ്തത് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പിൻതുണയോടെയാണെന്നാണ് ഇ.പി ജയരാജൻ കരുതുന്നത്.

തന്നെ ലക്ഷ്യം വെച്ചുള്ള നീക്കം കൊണ്ടു പിടിച്ചു നടക്കുന്നതിനിടെ യിൽ പാർട്ടിയിലെ മറ്റു നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അനധികൃത സ്വത്തു സമ്പാദനവും പുറത്തുവിടാനുള്ള നീക്കവും ഇ.പിയെ അനുകൂലിക്കുന്നവർ രഹസ്യമായി നടത്തുന്നുണ്ട്. പാർട്ടിയുമായി അകന്നു നിൽക്കുന്നവരെ അടുപ്പിക്കുന്നതിനാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തെറ്റുതിരുത്തൽ മാർഗരേഖ കൊണ്ടുവന്നത്. പുറമേക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനാണ് മാർഗരേഖ ചർച്ചയ്‌ക്കെടുത്തുവെങ്കിലും ഫലത്തിൽ മുതിർന്ന നേതാവായ ഇ.പി ജയരാജനെതിരെയാണ് ആരോപണങ്ങൾ തിരിഞ്ഞത്.

മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തനായ ആനാവൂർ നാഗപ്പൻ നടപടിയിൽ നിന്നും ഒഴിവാക്കുകയും മുഖ്യമന്ത്രിയുമായി അകന്നു കഴിയുന്ന ഇ.പി ജയരാജൻ ആരോപണങ്ങളെന്ന വാരിക്കുഴിയിൽ വീഴുകയും ചെയ്തു. ഇതിനിടെ പി.ജയരാജന്റെ കണ്ണുരിലെ സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധവും ക്വട്ടേഷൻ സംഘങ്ങളുമായി തുടരുന്ന രഹസ്യ ബന്ധങ്ങളും നാലുവർഷം മുൻപ് വടകരയിൽ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പിരിച്ച സംഖ്യയുടെ കണക്ക് അവതരിപ്പിക്കാത്തതും ഇ.പിയെ അനുകൂലിക്കുന്ന വർ കേന്ദ്ര നേതൃത്വത്തിത് പരാതിയായി നൽകിയിട്ടുണ്ടെന്നാണ് സൂചന.

എന്നാൽ ഇ.പിക്കെതിരെയുള്ള ആരോപണം ശക്തമാക്കി കൊണ്ടു സിപിഎം കേന്ദ്ര കമിറ്റി അംഗം ഇ പി ജയരാജന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർടിന്റെ നിർമ്മാണം ചട്ടം ലംഘിച്ചെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രസാഹിത്യ പരിഷത്ത് അംഗം സജിൻ രംഗത്തുവന്നത് കണ്ണൂർ പാർട്ടിയിൽ വിവാദങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പാർട്ടി ശക്തികേന്ദ്രമായ മൊറാഴയിലെ വൈദേകം റിസോർട് നിർമ്മാണത്തിന് വേണ്ടത്ര അനുമതിയില്ലെന്ന് പറഞ്ഞ സജിൻ നിർമ്മാണഘട്ടത്തിൽ പ്രതിഷേധമുയർത്തിയിട്ടും കലക്ടർ അനുകൂല റിപോർട് നൽകിയെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

റിസോർടിനെതിരെ പ്രതിഷേധിച്ചതിനാൽ പാർട്ടി അംഗത്വം പുതുക്കി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു. റിസോർട് നിർമ്മാണത്തിന്റെ ആദ്യഘട്ടം മുതൽതന്നെ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധം ഉയർത്തിയിരുന്നു. ഉടുപ്പുകുന്നുമലയിലെ മണ്ണ് എടുത്താണ് റിസോർട് പണിതതെന്നാണ് ആക്ഷേപം. എന്നാൽ എടുത്ത മണ്ണ് അവിടെ തന്നെ ഇട്ടെന്നും മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെന്നുമായിരുന്നു ഇതുസംബന്ധിച്ചുള്ള കലക്ടറുടെ റിപോർട്. തുടർന്ന് വീണ്ടും റിസോർടിന്റെ പണി ആരംഭിച്ചു. കുഴൽക്കിണറിനും മറ്റ് അനുബന്ധ കാര്യങ്ങൾക്കൊന്നും അനുമതി നേടാതെയായിരുന്നു നിർമ്മാണം. നിർമ്മാണഘട്ടത്തിൽ ഉടനീളം രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായതായി ശാസ്ത്രസാഹിത്യ പരിഷത്ത് ആരോപിച്ചിരുന്നു.