തിരൂർ: നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരൂരിൽ നടന്ന പ്രഭാത സദസിൽ ഹൈദരലി തങ്ങളുടെ മരുമകനും മുൻ ലീഗ് നേതാവും ഡി.സി.സി മുൻ അംഗവും ഉൾപ്പെടെ പങ്കെടുത്തത് രാഷ്ട്രീയമായി യുഡിഎഫിന് ക്ഷീണമായിട്ടുണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ, താനാളൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും ലീഗ് മുൻ മണ്ഡലം സെക്രട്ടറിയും, ജില്ല പ്രവർത്തക സമിതി മുൻ അംഗവുമായ പി.പി ഇബ്രാഹിം, ഡി.സി.സി മുൻ അംഗം സി. മൊയ്തീൻ എന്നിവരാണ് പ്രഭാത സദസിൽ പങ്കെടുത്തത്.

വികസന കാര്യങ്ങളാണ് ഇവർ മുഖ്യമന്ത്രിക്ക് മുന്നിൽ ധരിപ്പിച്ചതെന്നാണ് പറയുന്നത്. അതിവേഗ പാത വേഗം നടപ്പിലാക്കണമെന്നായിരുന്നു ഹസീബ് സഖാഫ് തങ്ങളുടെ ആവശ്യം. അതിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കണമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരുൾപടെ ജനപ്രതിനിധികൾക്ക് പെൻഷൻ ഏർപെടുത്തണമെന്നായിരുന്നു പി. പി ഇബ്രാഹിമിന്റെ ആവശ്യം. അത് നടക്കുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് ചോദ്യങ്ങളും മറുപടികളും സദസിൽ ശ്രദ്ധേയമായി. നവ കേരള സദസ് ഇന്ന് മുതൽ മലപ്പുറത്താണ് പര്യടനം നടക്കുന്നത്. അതേസമയം നവ കേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ്-ലീഗ് നേതാക്കൾക്ക് കഴിഞ്ഞ ദിവസം സസ്പെൻഷൻ നടപടി നേരിടേണ്ടി വന്നിരുന്നു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും മുൻ പെരുവയൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമായ എൻ അബൂബക്കർ, താമരശേരിയിൽ നവ കേരള സദസ്സിൽ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കൊടുവള്ളി മണ്ഡലം സെക്രട്ടറി യുകെ ഹുസൈൻ, മൊയ്തു മുട്ടായി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംസ്ഥാന കമ്മറ്റിയാണ് നടപടി എടുത്തത്.

യുഡിഎഫ് ബഹിഷ്‌ക്കരണം മറികടന്നാണ് കോൺഗ്രസ്-ലീഗ് പ്രാദേശിക നേതാക്കൾ നവകേരള സദസ് വേദിയിലെത്തിയത്. കുന്ദമംഗലത്തെ നവകേരള സദസ്സ് പ്രഭാത ഭക്ഷണ യോഗത്തിലാണ് നേതാക്കൾ എത്തിയത്. വികസനത്തിനും പുരോഗതിക്കും വേണ്ടി ഒന്നിച്ച് നിൽക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

രാഷ്ട്രീയം നോക്കാതെയാണ് നവകേരള സദസ്സിലേക്കെത്തിയതെന്നാണ് ലീഗ് നേതാവ് മൊയ്തു പറഞ്ഞത്. യുഡിഎഫ് ബഹിഷ്‌ക്കരണത്തിനും വിമർശനത്തിനും അവരുടെ നേതാക്കളെ തന്നെ നവകേരള സദസിന്റെ ഭാഗമാക്കിയാണ് എൽഡിഎഫ് പ്രതിരോധം.