കണ്ണൂർ: വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കണ്ണൂർ നഗരത്തിൽ ഫ്ളക്സ് ബോർഡ്, പോസ്റ്റർ പ്രചരണം. ഡി.സി.സി ഓഫിസിന്റെ മുൻപിലെ റോഡിലാണ് ഇന്ന് രാവിലെ യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററും ബോർഡുകളും പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസിനെ ആർ. എസ്. എസിൽ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക, ഗാന്ധി ഘാതകരെ സംരക്ഷിച്ച സുധാകരൻ കോൺഗ്രസിന്റെ ശാപം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിലുള്ളത്.

കണ്ണൂർ ഡി.സി.സി ഓഫീസിനു മുൻപിലാണ് കെ.സുധാകരനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ.സുധാകരനെ അിതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന മുദ്രാവാക്യങ്ങളാണ് പോസ്റ്ററിലുള്ളത്. നെഹ്രുവിനെ തള്ളി പറഞ്ഞ് ആർ. എസ്. എസിനെ ന്യായീകരിക്കുന്ന സുധാകരൻ കോൺഗ്രസിന്റെ അന്തകൻ, കോൺഗ്രസിനെ ആർ. എസ്. എസിൽ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്.

ഗാന്ധി ഘാതകരെ സംരകഞ്ഞഷിച്ച സുധാകരൻ, കോൺഗ്രസിന്റെ ശാപം, ആർ. എസ്. എസ് ശാഖയ്ക്ക് കാവൽ നിന്ന പാരമ്പര്യം അപമാനകരം, തുടങ്ങിയ വിമർശനങ്ങളും പോസ്റ്ററിലുണ്ട്. മുൻഡി.സി.സി പ്രസിഡന്റായിരുന്ന പി. രാമകൃഷ്ണന്റെ സുധാകരനെതിരായ വിമർശനങ്ങൾ ശരിയായിരുന്നുവെന്നും ഡി.സി.സി ഓഫീസിനു മുൻപിലെ തളാപ്പ് റോഡിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡിൽ ചൂണ്ടിക്കാട്ടുന്നു. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകളും ഫ്ളക്സ് ബോർഡും പ്രത്യക്ഷപ്പെട്ടത്.

കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന നെഹ്രു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ഹിന്ദുമഹാസഭ നേതാവ് ശ്യാമപ്രസാദ് മുഖർജിയെ നെഹ്രു ആദ്യ മന്ത്രിയിൽ ഉൾപ്പെടുത്താനുള്ള വിശാലമായ ജനാധിപത്യ ബോധം ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവർഹർലാൽ നെഹ്രുകാണിച്ചുവെന്നു സുധാകരൻ പ്രസംഗിച്ചത്. എന്നാൽ പിന്നീടത് വർഗീയവാദികളെ നെഹ്രുസംരക്ഷിച്ചുവെന്ന് വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.

ഇതു വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ സുധാകരന്റെ പ്രസംഗത്തെ വിമർശിച്ചു രംഗത്തുവന്നു. കോൺഗ്രസ് നേതാക്കളായ വി.ഡി.സതീശൻ, കെ.മുരളീധരൻ എന്നിവരും സുധാകരന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിരുന്നു. യു.ഡി. എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗും സുധാകരനെവിമർശിച്ചതോടെ സംഭവം കത്തിപടരുകയായിരുന്നു. ഇതിനിടെയിൽ ആരോഗ്യപരമായ കാരണങ്ങളാൽ കെ. സുധാകരൻ ചാല മിംമ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യം കാരണം കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗം മാറ്റിവെച്ചിട്ടുണ്ട്.