തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗോവിന്ദൻ ചെയ്തത് ക്രിമിനൽ കുറ്റമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദേശാഭിമാനിക്കും എംവി ഗോവിന്ദനുമെതിരെ കേസെടുക്കണെമെന്നും അദ്ദേഹം പറഞ്ഞു.

'കെ. സുധാകരനെതിരെ ദേശാഭിമാനി എഴുതിയത് എംവി ഗോവിന്ദൻ ആവർത്തിച്ചു. ക്രൈംബ്രാഞ്ച് പറഞ്ഞെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത് എംവി ഗോവിന്ദൻ സൂപ്പർ ഡിജിപി ആകുന്നു. ദേശാഭിമാനി പറഞ്ഞത് പച്ചക്കള്ളമാണ്. ദേശാഭിമാനിക്കും എംവി ഗോവിന്ദനും എതിരെ കേസ് എടുക്കണം. കെ സുധാകരനെതിരെ ഹീനമായ മാർഗ്ഗങ്ങളുപയോഗിച്ച് കേസിൽ പെടുത്താൻ നീക്കം നടത്തുന്നു. കേരള രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണിത്.' പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എംവി ഗോവിന്ദൻ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും പൊലീസ് കേസെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. 'പ്രതിപക്ഷം നിയമ നടപടിക്ക് ഒരുങ്ങുകയാണ്. എസ്എഫ്‌ഐ നേതാക്കൾ ജനങ്ങളെ ചിരിപ്പിക്കരുത്. ആരാണ് വ്യാജ സർട്ടിഫിക്കറ്റ് വിവാദം പരിശോധിക്കുന്നത് വ്യാപക തട്ടിപ്പാണ് എസ്എഫ്‌ഐ നടത്തുന്നത്.' സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

'കെപിസിസി പ്രസിഡന്റിനെ അപകീർത്തിപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്ന് ഗൂഢാലോചന നടത്തുന്നു. അതിന് എംവി ഗോവിന്ദൻ കൂട്ടു നിൽക്കുന്നു. പാർട്ടി സെകട്ടറിക്കാണോ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചെയ്യുന്നത് മോദി രാഷ്ട്രീയ എതിരാളികളെ നേരിടും പോലെ കേരളത്തിലും. മോൻസൻ മാവുങ്കലിന്റെ ചെമ്പോലക്ക് വിശ്വാസ്യത ഉണ്ടാക്കിയത് ആരാണ് എംവി ഗോവിന്ദൻ യാദൃശ്ചികമായി പറഞ്ഞതല്ല ഗൂഢാലോചന എന്നും വിഡി സതീശൻ പറഞ്ഞു.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്‌സോ കേസുമായി ബന്ധപ്പെട്ടാണ് എംവി ഗോവിന്ദൻ കെ സുധാകരനെതിരെ ആരോപണം ഉന്നയിച്ചത്. പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ ഈ ആരോപണം പൂർണമായും സുധാകരൻ തള്ളി.

താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പ്രതികരിച്ചു. ഇര നൽകാത്ത മൊഴി സിപിഎമ്മിനെങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സിപിഎമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണമെന്നും സുധാകരൻ പറഞ്ഞു.