തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധയിൽ ആദ്യാവസാനം സർക്കാരും കെൽട്രോണും എസ്ആർഐടിയും ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. കൊള്ള നടന്നത് മുഖ്യമന്ത്രിയുടെ കാർമികത്വത്തിലാണ്. മറുപടി പറയാൻ മുഖ്യമന്ത്രിക്ക് നൽകുന്ന അവസാനത്തെ അവസരമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോടിക്കണക്കിന് രൂപ കൊള്ളയടിക്കാനുള്ള എസ്റ്റിമേറ്റ് രൂപീകരണമാണ് നടന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കിയതിൽ അഴിമതി നടന്നു. കെൽട്രോൺ അറിയാതെ എസ്ആർഐടി ഹൈദരാബാദ് കമ്പനിയുമായി സർവീസ് എഗ്രിമെന്റ് വച്ചു. പത്ത് ദിവസം കഴിഞ്ഞാണ് കെൽട്രോൺ ഇത് അറിയുന്നത്. കെൽട്രോൺ അറിഞ്ഞുകൊണ്ട് ടെൻഡർ ഡോക്യുമെന്റിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും ലംഘിക്കുകയാണ്. കെൽട്രോൺ എല്ലാ ഒത്താശയും ചെയ്തുകൊടുത്തുവെന്നും വി ഡി സതീശൻ ആരോപിച്ചു. ആരോപണ വിധേയൻ മുഖ്യമന്ത്രിയാണ്.

ആരോപണം നിഷേധിക്കാൻ പോലും മുഖ്യമന്ത്രിക്ക് ധൈര്യമില്ല. പ്രതിപക്ഷം രേഖകൾ പുറത്തുവിട്ടതിന് ശേഷമാണ് കെൽട്രോൺ രേഖകൾ പുറത്തുവിട്ടത്. പദ്ധതിയുടെ ആദ്യാവസാനം വലിയ തട്ടിപ്പാണ് നടന്നത്. അഴിമതിക്കെതിരെ സമരം നടത്തുമെന്നും വി ഡി സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തലയുമായി ആലോചിച്ച് തന്നെയാണ് വാർത്താസമ്മേളനം നടത്തുന്നതെന്നും എല്ലാവരും കൂടി ആലോചിച്ചെടുത്ത തീരുമാനമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ഐഎ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളുമായി ബിജെപി ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ രംഗത്തുവന്നിരുന്നു. എഐ ക്യാമറ കരാറിൽ ഉൾപ്പെട്ട പ്രസാഡിയോ ടെക്നോളജീസിന്റെ ഡയറക്റ്റർ രാംജിത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ കിരണിന്റെ ഭാര്യ ദീപയുടെ പിതാവ് പ്രകാശ് ബാബുവിന്റെ ബിനാമി ആണെന്നും ശോഭ പറഞ്ഞു. രാംജിത്തിനെ മുന്നിൽ നിർത്തി സർക്കാരിന്റെ പലകരാറുകളും സ്വന്തമാക്കുന്നത് പ്രകാശ് ബാബു ആണെന്നും ശോഭ ആരോപിച്ചിരുന്നു.

കേരളത്തിന്റെ പ്രതിപക്ഷ നേതാക്കൾ ഇദ്ദേഹം പേര് പറയാതിരിക്കുന്നത് സർക്കാരിനെ സഹായിക്കാനാണെന്നും ശോഭ. തീവെട്ടിക്കൊള്ളയാണ് എഐ ഇടപാടിലൂടെ നടന്നതെന്നും അതിനാൽ കേന്ദ്ര ഏജൻസികൾ വിഷയം അന്വേഷിക്കണമെന്നും ശോഭ ആരോപിച്ചിരുന്നു. നേരത്തേ, ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രനും കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.ഡി.സതീശൻ എന്നിവരും കണ്ണൂർ കേന്ദ്രീകരിച്ചു നടന്ന വൻ തട്ടിപ്പാണ് എഐ ക്യാറ ഇടപാടെന്ന് ആരോപിച്ചിരുന്നു.