തിരുവനന്തപുരം: കോൺഗ്രസ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതെന്ന് പിണറായി വിജയൻ പഠിപ്പിക്കാൻ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആറുമണി പത്രസമ്മേളനത്തിനുള്ള വിഷയങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകിയ പി.ആർ. ഏജൻസിയെക്കുറിച്ച് തന്നോട് പറയിപ്പിക്കരുതെന്നും സതീശൻ പറഞ്ഞു. എ.കെ.ജി. സെന്ററിൽ അറിയിച്ചിട്ടല്ല കോൺഗ്രസ് ആളുകളെ ക്ഷണിക്കുന്നതെന്നും സതീശൻ പ്രതികരിച്ചു. കെപിസിസി യോഗത്തിൽ പിആർ ഏജൻസികളുമുണ്ടെന്ന മുഖ്യമന്ത്രി വിമർശനത്തിനാണ് സതീശന്റെ മറുപടി. പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തോടെ 'പി ആർ ഇടപെടലുകൾ' വീണ്ടും ചർച്ചയാവുകയാണ്.

'സുനിൽ കനഗോലു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി രൂപവത്കരിച്ച ടാസ്‌ക് ഫോഴ്സിലെ അംഗവും കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ഏഴ് കോൺഗ്രസ് നേതാക്കളുടെ കമ്മിറ്റിയിലെ അംഗവുമാണ്. കോവിഡ് കാലത്തെ പത്രസമ്മേളനത്തിനുള്ള വിഷയങ്ങൾ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത പി.ആർ. ഏജൻസി ഏതെന്നത് തന്നോട് പറയിപ്പിക്കേണ്ട. കുരങ്ങിന് ഭക്ഷണം കൊടുക്കണം, നായക്ക് ഭക്ഷണം കൊടുക്കണം എന്നൊക്കെയുള്ള ഒരു മണിക്കൂർ പ്രസംഗം മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്ത ഏജൻസി ഏതെന്ന് പറയിപ്പിക്കേണ്ട. ഏജൻസിക്കുള്ള പബ്ലിസിറ്റി എന്റെ നാവിൽക്കൂടി വരണ്ട', സതീശൻ പറഞ്ഞു.

ബോംബെയിൽനിന്നുവന്ന ഏജൻസിയുടെ ആളുകൾ ഇവിടെ ഇപ്പോൾ എത്രയുണ്ട്? തിരഞ്ഞെടുപ്പിന് രണ്ടുവർഷം മുൻപ് അസംബ്ലിയുടെ ഗ്യാലറിയിൽവരെ മുഖ്യമന്ത്രിയും പാർട്ടിക്കാരും കൊണ്ടുവന്ന പി.ആർ. ഏജൻസിയുടെ ആളുകൾ ഉണ്ടായിരുന്നു. പിണറായി വിജയനെ മേക്ക് ഓവർ നടത്തിയ കമ്പനിയെ കുറിച്ച് എന്റെ നാവ് കൊണ്ട് പറയിപ്പിക്കേണ്ട.രണ്ട് കണ്ണിലും തിമിരം ബാധിച്ചൊരാൾ മറ്റുള്ളവരെ നോക്കി അവർക്ക് കാഴ്ചയില്ലെന്നു പറയുന്നു' സതീശൻ വിമർശിച്ചു. കോൺഗ്രസ് ഇനി പി.ആർ. ഏജൻസികളെ ഉപയോഗിച്ചെങ്കിൽ തന്നെ എന്താണ് തെറ്റ്? പി.ആർ. ഏജൻസി ഉപയോഗിക്കാത്ത ഏത് രാഷ്ട്രീയപ്പാർട്ടിയാണ് ഇന്ത്യയിലുള്ളത്? സുനിൽ കനഗോലും കോൺഗ്രസ് അംഗമാണ്. ടാസ്‌ക് ഫോഴ്സിൽ അംഗമായി. ക്ലിഫ് ഹൗസിൽ എത്ര പി.ആർ. ഏജൻസികളെ മുഖ്യമന്ത്രി കയറ്റിയിരുത്തിയെന്നും സതീശൻ ചോദിച്ചു.

പി.ആർ ഏജൻസി പ്രതിനിധികളെ ക്ലിഫ് ഹൗസിൽ വിളിച്ച് വരുത്തി രണ്ട് വർഷം മുഴുവൻ ചർച്ച നടത്തിയ ആളല്ലേ മുഖ്യമന്ത്രി. എന്തും പറയാമെന്ന അവസ്ഥയിലേക്ക് മുഖ്യമന്ത്രി എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്താൻ പ്രാപ്തമായ നേതൃത്വം യു.ഡി.എഫും കോൺഗ്രസിലും ഉണ്ടെന്ന് രണ്ട് ഉപതെരഞ്ഞെടുപ്പുകളിലൂടെ മുഖ്യമന്ത്രിക്ക് ബോധ്യമായിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടത്താൻ പ്രാപ്തമായ ഒരു നേതൃത്വം യു.ഡി.എഫിനും കോൺഗ്രസിനുമുണ്ട്. ചിലപ്പോൾ പി.ആർ. ഏജൻസിയുടെ സഹായം തേടിയെന്നിരിക്കും. കരുവന്നൂർ തട്ടിപ്പുകേസിലെ ഒന്നാംപ്രതി സതീഷ്‌കുമാർ വി.ഡി. സതീശനാണെന്ന് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാരെന്നും സതീശൻ കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങളിലൂടെ എന്തും പറയാൻ മടിക്കാത്തവരാണ് സിപിഎമ്മുകാർ. കരുവന്നൂർ തട്ടിപ്പിലെ പ്രതിയായ സതീശൻ വി.ഡി സതീശനാണെന്ന് വരെ പ്രചരിപ്പിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നേതാക്കളുടെ അക്കൗണ്ടുകളിലൂടെ എന്ത് വൃത്തികേടുകളും പറയുകയാണ്. വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ പോലും കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ പ്രചരണം നടത്തിയതും മുഖ്യമന്ത്രിയുടെ അറിവോടെയാണ്. എന്നിട്ടാണ് കോൺഗ്രസിനെതിരെ സംസാരിക്കുന്നത്. എന്തൊരു തൊലിക്കട്ടിയാണ്? എന്ത് പറയാനും ഒരു മടിയുമില്ല. എല്ലാ ചെയ്തിട്ട് അത് മറ്റുള്ളവരുടെ തലയിൽ ആരോപിക്കുകയാണ്. കൊല്ലങ്ങള്ളായി മുഖ്യമന്ത്രി നടക്കുന്നത് തന്നെ പി.ആർ ഏജൻസിയെ കെട്ടിപ്പിടിച്ചാണ്. അവർ നൽകുന്ന ക്യാപ്സ്യൂൾ വിതരണം ചെയ്താണ് നിലനിൽക്കുന്നത്.

സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നത്. എ.ഐ ക്യാമറ, കെഫോൺ അഴിമതികളും മാസപ്പടി വിവാദവും അന്തരീക്ഷത്തിൽ നിൽക്കുമ്പോഴാണ് കരുവന്നൂർ ബാങ്ക് കൊള്ളയിലെ ഒന്നാം പ്രതി സിപിഎമ്മാണെന്ന് ഇ.ഡിയുടെ പ്രൊവിഷണൽ അറ്റാച്ച്മെന്റ് ഓർഡറിൽ പറയുന്നത്. സിപിഎം ഉപസമിതിയുടെ നേതൃത്വത്തിലാണ് കരുവന്നൂരിൽ കൊള്ള നടത്തിയത്. ഉപസമിതിയുടെ അംഗീകാരത്തോടെയാണ് ബിനാമികൾക്ക് 188 കോടിയുടെ വായ്പ നൽകി 344 കോടിയുടെ ബാധ്യത വരുത്തിവച്ചത്.

ഭരണത്തിന്റെ മറവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും കൊള്ളയാണ് നടത്തുന്നതെന്ന യു.ഡി.എഫ് ആരോപണം അടിവരയിടുന്ന കാര്യങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കമിഴ്ന്നുവീണാൽ കാൽപ്പണവുമായി പൊങ്ങുമെന്നതു പോലെ അഴിമതിക്കുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുന്ന കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നത്. കരുവന്നൂരിൽ ഉൾപ്പെടെ അഴിമതി മൂടിവയ്ക്കാനാണ് സിപിഎം ശ്രമിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ സിപിഎം ജില്ലാ കമ്മിറ്റിയാണ് കരുവന്നൂരിലെ കൊള്ളയ്ക്ക് നേതൃത്വം നൽകിയത്.

ഭരണപരമായ കെടുകാര്യസ്ഥതയിൽ ഇത്രയും നിഷ്‌ക്രിയമായൊരു സർക്കാരിനെ കേരളം ഇതുവരെ കണ്ടിട്ടില്ല. ഗുരുതര ധനപ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നു പോകുന്നത്. വികസന, ക്ഷേമ പ്രവർത്തനങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. ശമ്പളം കൊടുക്കാനുള്ള പണം പോലും ഇല്ലാത്ത അവസ്ഥയാണ്. നികുതി പിരിവിലും ദയനീയമായി പരാജയപ്പെട്ടു. നികുതിവെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയിരിക്കുകയാണ്.

ധനപ്രതിസന്ധിയുടെ ആഘാതം സാധാരണക്കാരുടെ തലയിൽ കെട്ടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ തകർന്നു. കെ.എസ്.ഇ.ബി.യിൽ അഴിമതി നടത്തുന്നതിന് വേണ്ട് റെഗുലേറ്ററി കമ്മിഷനും സർക്കാരും ഒത്തുകളിച്ച് യു.ഡി.എഫ് കാലത്തുണ്ടാക്കിയ വൈദ്യുത കരാർ റദ്ദാക്കി. ഇതിലൂടെ 750 കോടിയുടെ നഷ്ടമാണുണ്ടായത്. കരാർ റദ്ദാക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്ത കാലയളവിൽ ആയിരം കോടി രൂപയുടെയെങ്കിലും നഷ്ടം കെ.എസ്.ഇ.ബിക്ക് ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാരവും ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പുക്കുകയാണ്.

അഴിമതിയും ഭരണപരമായ കെടുകാര്യസ്ഥതയുമാണ് സർക്കാരിന്റെ മുഖമുദ്ര. കിട്ടാവുന്ന സ്ഥലങ്ങളിലൊക്കെ പിൻവാതിൽ നിയമനം നടത്തുകയാണ്. കിലെയിലെ നിയമനത്തിന് പിന്നാലെ ഡയറ്റിൽ ഡെപ്യൂട്ടേഷന് വന്ന അദ്ധ്യാപകരെയും സ്ഥിരപ്പെടുത്തുകയാണ്. കോടതി വിധികളെയും സർക്കാർ ഉത്തരവുകളെയും കാറ്റിൽപ്പറത്തി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കിയാണ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വന്തക്കാരെ കുത്തിനിറയ്ക്കുന്നത്.

സർക്കാർ ചെലവിൽ സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനുള്ള പരിപാടിയാണ് കേരളീയം. അത് സിപിഎമ്മിന്റെ ചെലവിലാണ് നടത്തേണ്ടത്. കോക്ലിയാർ ഇംപ്ലാന്റേഷനും ഉച്ചഭക്ഷണത്തിനും ഉൾപ്പെടെ പണമില്ലാത്ത സർക്കാരാണ് കേരളീയത്തിന്റെ പേരിൽ ധൂർത്തടിക്കുന്നത്. ഡിസംബറിൽ 140 നിയോജകമണ്ഡലങ്ങളിലും കൊള്ളക്കാരുടെ സർക്കാരിനെ യു.ഡി.എഫ് ജനകീയ കോടതിയിൽ വിചാരണ ചെയ്യും. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സമരവുമാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്.

മന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിലെ പ്രതികളെല്ലാം സിപിഎം- സിപിഐ നേതാക്കളാണ്. എന്നിട്ടും മുഖ്യമന്ത്രി വായിൽേേ താന്നിയത് വിളിച്ച് പറയരുത്. കൈക്കൂലി ആരോപണത്തിലല്ല, ആരോപണവിധേയൻ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. അതുകൊണ്ടു തന്നെ അന്വേഷണത്തിൽ ദുരൂഹതയുണ്ട്. ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയത് സിപിഎം നേതാവാണ്. മന്ത്രിയുടെ പി.എ നിരപരാധിയാണെങ്കിൽ പ്രതികൾ മന്ത്രിയുടെ ഓഫീസിൽ എന്തിനാണ് പരാതി നൽകിയത്? എന്തുകൊണ്ടാണ് ഈ പരാതിയിൽ അന്വേഷണം നടത്താത്തത്? മന്ത്രിയുടെ പി.എസിന് പരാതി നൽകുമെന്ന് കേസിലെ പ്രതിയായ ബാസിത് മന്ത്രിയുടെ പി.എ അഖിൽ മാത്യുവിന്റെ ഫോണിലേക്ക് അയച്ച മെസേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നിട്ടും ഇക്കാര്യം അഖിൽ മാത്യു എന്തുകൊണ്ടാണ് മന്ത്രിയെ അറിയിക്കാതിരുന്നത്? ബാസിത് ആണ് തട്ടിപ്പ് നടത്തിയതെങ്കിൽ അയാൾ എന്തിനാണ് പി.എയ്ക്ക് മെസേജ് അയച്ചത്? ഈ ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. പ്രതികളെല്ലാം താമസിച്ചത് സിപിഐ എംഎ‍ൽഎയുടെ മുറിയിലാണ്. മന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്താൻ സിപിഎമ്മുകാരും സിപിഐക്കാരും ഗൂഢാലോചന നടത്തിയെങ്കിൽ അത് അന്വേഷിക്കണം. ഇക്കാര്യങ്ങളിലൊന്നും അന്വേഷണമില്ല. കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണോ അന്വേഷണത്തിലാണോ ഗൂഢാലോചന നടന്നതെന്നാണ് അന്വേഷിക്കേണ്ടത്. പ്രതിപ്പട്ടികയിൽ ഒരു കോൺഗ്രസുകാരൻ പോലുമില്ല. ഒരു ബിജെപിക്കാരനുണ്ട്. എന്നിട്ടാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിച്ചത്?

എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ യു.ഡി.എഫ് ആരംഭിച്ച സമരത്തിന്റെ ഭാഗമായി ഈ മാസം 18-ന് പതിനായിരക്കണക്കിന് പ്രവർത്തകർ സെക്രട്ടേറിയറ്റ് ഉപരോധിക്കും. റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ എന്ന സമരത്തിന്റെ ഭാഗമായാണ് ഉപരോധം. എല്ലാ മണ്ഡലങ്ങളിൽ നിന്നുമുള്ള വോളന്റിയർമാർ ചൊവ്വാഴ്ച അർധരാത്രിയോടെ തന്നെ തിരുവനന്തപുരത്തെത്തും.

വന്ദേഭാരത് വന്നതോടെ കെ. റെയിലിന്റെ പ്രസക്തി നഷ്ടമായി. ഒരു രാത്രി മുഴുവൻ മഴ പെയ്ത് തിരുവനന്തപുരം വെള്ളത്തിന് അടിയിലായ അതേ ദിവസമാണ് എം.വി ഗോവിന്ദൻ കെ റെയിൽ വരുമെന്ന് പറഞ്ഞത്. കേരള ബാങ്ക് ഉണ്ടാക്കരുതെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയതാണ്. സഹകരണ ബാങ്കുകളെ ലയിപ്പിച്ച് റിസർവ് ബാങ്കിന്റെ കക്ഷത്തിൽ കൊണ്ടുവച്ചിരിക്കുകയാണ്. അതുകൊണ്ടാണ് കേരള ബാങ്കിന് കരുവന്നൂരിൽ തട്ടിപ്പിന് ഇരയായവരെ സഹായിക്കാൻ കഴിയാതെ പോയത്.

ഗുണ്ടായിസം നടത്തിയാണ് പത്തനംതിട്ടയിലെ കാർഷിക ബാങ്ക് സിപിഎം പിടിച്ചെടുത്തത്. ജില്ലയിൽ പതിനഞ്ചാമത്തെ ബാങ്കാണ് സിപിഎം പടിച്ചെടുക്കുന്നത്. സഹകരണ പ്രസ്ഥാനത്തെ സർക്കാർ തകർക്കുകയാണ്. മുന്നൂരോളം ബാങ്കുകൾ കുഴപ്പത്തിലാണെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ പറയുകയാണ്. സഹകരണ ബാങ്കുകൾ പ്രതിസന്ധിയിലായിട്ടും സർവകക്ഷി യോഗം വിളിക്കാൻ പോലും മുഖ്യമന്ത്രി തയാറായില്ല. സർക്കാർ കൊള്ളക്കാരെ സംരക്ഷിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ജയിച്ച് വന്നവരെ അകത്ത് കയറ്റാതെ കണ്ടല ബാങ്കിൽ കൊള്ള നടത്തിയ ഭാസുരാങ്കനെയാണ് മിൽമയിൽ അഡിമിനിസ്ട്രേറ്റീവ് കൺവീനറാക്കിയിരിക്കുന്നത്.

ബിജെപി പിന്തുണയിൽ കേരള കോൺഗ്രസ് അംഗം പഞ്ചായത്ത് പ്രസിഡന്റായെന്ന് പുതുപ്പള്ളി തെരഞ്ഞെടുപ്പ് കാലത്ത് ആക്ഷേപിച്ച ആളാണ് പിണറായി വിജയൻ. അതേ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലാണ് എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസ് അംഗം മന്ത്രിയായി ഇരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. എൻ.ഡി.എ പ്ലസ് എൽ.ഡി.എഫ് മുന്നണിയാണ് പിണറായി സർക്കാർ. എല്ലാ കാര്യങ്ങളിലും നാണമുണ്ടോയെന്ന് മുഖ്യമന്ത്രിയോട് എങ്ങനെ ചോദിക്കും?

കായിക മന്ത്രിക്കും വകുപ്പിനും സ്പോർട്സ് കൗൺസിലും കായികതാരങ്ങളുടെ കാര്യത്തിലല്ല മറ്റു പല കാര്യങ്ങളിലുമാണ് ശ്രദ്ധ. അതുകൊണ്ടാണ് മെഡൽ നേടിയ കായികതാരങ്ങൾ സംസ്ഥാനം വിട്ടുപോകുന്നത്. ഫോണിൽ വിളിച്ച് അഭിന്ദിക്കാൻ പോലും തയാറാകാത്തത് കഷ്ടമാണ്.

ഫലസ്തീൻ- ഇസ്രയേൽ യുദ്ധത്തിൽ ഗോവിന്ദനും ഐസക്കും കെ.കെ ശൈലജയും ജി. സുധാകരനും ഇ.പി ജയരാജനും വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിന് ഒറ്റ നിലപാട് മാത്രമെയുള്ളൂ. അത് ദേശീയ നേതൃത്വം പ്രമേയത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

എൻഡോസൾഫാൻ വിഷയത്തിൽ സർക്കാർ ഒരു ഉറപ്പും പാലിക്കുന്നില്ല. കൂടുതൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്താമെന്ന് പറഞ്ഞിട്ടും പരിശോധനകൾ നടക്കുന്നില്ല. ആരോഗ്യവകുപ്പും എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടില്ല. കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളോട് ആരോഗ്യമേഖലയിൽ കാട്ടുന്ന അവഗണനയ്ക്കെതിരെ പ്രാദേശികമായി പ്രതിഷേധം ഉയർന്ന് വരുന്നുണ്ട്. യു.ഡി.എഫ് കാലത്ത് തുടങ്ങിയ മെഡിക്കൽ കോളജുകൾ പാതിവഴിയിൽ എത്തിനിൽക്കുകയാണ്.