നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പോങ്ങിൽ നെട്ടതോട്ടം കോളനിക്കു സമീപം രാജൻ (47) ഭാര്യ അമ്പിളി (40) എന്നിവർക്ക് പൊള്ളലേറ്റ് പരിക്കേറ്റതിന് പിന്നിൽ പൊലീസിന്റെ ഇടപെടൽ തന്നെ. അതേസമയം, തങ്ങൾ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് ഒഴിപ്പിക്കാനായി പൊലീസ് എത്തിയതെന്നും അരമണിക്കൂർ സമയം തരണമെന്ന് ചോദിച്ചിട്ട് അനുവദിക്കാതെ ഉടൻ ഇറങ്ങാൻ പൊലീസ് ആക്രോശിച്ചെന്നും രാജന്റെ മകൻ രഞ്ജിത് പറഞ്ഞു. പ്ലസ്ടു വിദ്യാർത്ഥിയാണ് രഞ്ജിത്. രണ്ട് മക്കളാണ് ഇവർക്കുള്ളത്.

ഈ മാസം 22ന് ആണ് ദാരുണമായ സംഭവം ഉണ്ടായത്. രാജനും അമ്പിളിയും ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുടിയൊഴിപ്പിക്കാനെത്തിയവർക്ക് മുന്നിൽ രാജൻ അമ്പിളിയെ ചേർത്തുപിടിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതിനിടെ പൊലീസ് രാജന്റെ കൈയിലെ ലൈറ്റർ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തീ പടർന്നത്. ഗ്രേഡ് എസ്‌ഐ. അനിൽകുമാറിനും പൊള്ളലേറ്റിരുന്നു. എന്നാൽ ഇതിനെ ആത്മഹത്യാ ശ്രമമാക്കി മാറ്റാനാണ് ശ്രമിച്ചത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ തീ കത്തിയതിന് പിന്നിൽ പൊലീസിനുണ്ടായ വീഴ്ചയാണെന്ന് വ്യക്തമായി.

രാജൻ തന്റെ വസ്തു കൈയേറിയെന്ന് കാണിച്ച് ജനുവരി മാസത്തിൽ സമീപവാസിയായ വസന്ത പരാതിയുമായി നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുനിസിഫ് കോടതിയെ സമീപിച്ചിരുന്നു. കൈയേറ്റം നടത്തിയ വസ്തുവിൽ നിർമ്മാണപ്രവൃത്തികൾ നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ, കോവിഡ് വ്യാപനകാലത്ത് രാജൻ ഇവിടെ കുടിൽ കെട്ടി ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസമാക്കി. തന്റെ സ്ഥലത്താണ് കുടിൽകെട്ടിയതെന്നാണ് രാജന്റെ വാദം. ഇതിനെതിരേ വസന്ത വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന് കോടതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് അഭിഭാഷക കമ്മിഷനെ നിയമിച്ചു.

രണ്ടുമാസം മുൻപ് കമ്മിഷന്റെ നേതൃത്വത്തിൽ കുടിൽ ഒഴിപ്പിക്കാൻ എത്തിയെങ്കിലും രാജന്റെ എതിർപ്പിനെത്തുടർന്ന് ഒഴിപ്പിക്കൽ നടന്നില്ല. കൈയേറി കെട്ടിയ കുടിൽ പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കാനായി കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ അഭിഭാഷക കമ്മിഷനും പൊലീസും സ്ഥലത്തെത്തുകയായിരുന്നു. വീട് ഒഴിയാൻ ആവശ്യപ്പെടുന്നതിനിടെ രാജൻ വീടിനകത്തു കയറി കന്നാസിൽ കരുതിയ പെട്രോൾ ദേഹത്തൊഴിക്കുകയായിരുന്നു. പൊലീസിനെ അനുരഞ്ജനത്തിന്റെ ഭാഗത്തു കൊണ്ടു വരാനായിരുന്നു ശ്രമം. എന്നാൽ പൊലീസ് കത്തുകയായിരുന്ന ലൈറ്ററിനെ കൈ കൊണ്ടു തട്ടി. ഇതോടെ തീ ദേഹത്തേക്ക് പടർന്നു.

കോവിഡു കാലത്ത് കോടതിയിൽ നടന്ന കേസിന്റെ വിശദാംശങ്ങൾ രാജൻ അറിഞ്ഞിരുന്നില്ല. ഇവരുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായില്ലെന്നും മകൻ പറയുന്നു. ഇതാണ് കേസ് തോൽക്കാൻ കാരണം. ഇത് അറിഞ്ഞ് മറ്റൊരു അഭിഭാഷകനെ കേസ് എൽപ്പിച്ചു. അദ്ദേഹം ഹൈക്കോടതിയിൽ നിന്നും സ്‌റ്റേ വാങ്ങാൻ ശ്രമിക്കുന്നത് അറിഞ്ഞായിരുന്നു പൊലീസിന്റെ ഇടപെടൽ എന്നും മകൻ പറയുന്നു.

സംഭവത്തെത്തുടർന്ന് കോടതി ഉത്തരവ് നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. ജീവനൊടുക്കാൻ ശ്രമിച്ചതിനും കോടതി ഉത്തരവു നടപ്പിലാക്കാനെത്തിയവരെ തടസ്സപ്പെടുത്തിയതിനും രാജനെതിരേ നെയ്യാറ്റിൻകര പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ സത്യം മറ്റൊന്നായിരുന്നു. ഭീഷണി പെടുത്താൻ പെട്രോൾ ദേഹത്ത് ഒഴിച്ച രാജനും ഭാര്യയ്ക്കും വിനയായത് പൊലീസിന്റെ കൈ തട്ടൽ ആണെന്നതാണ് വസ്തുത.