തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ പ്രതികൾക്കെതിരെ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട്. ഉന്നത സ്വാധീനവും അധോലോക ബന്ധവുമുള്ള ഒരു കൂട്ടം തടവുകാർ പൂജപ്പുരയിൽ ഉണ്ടെന്ന് എറണാകുളം എൻഐഎ കോടതിക്കു നൽകിയ റിപ്പോർട്ടിൽ ജയിൽ സൂപ്രണ്ട് എൻ.എസ്.നിർമലാനന്ദൻ അറിയിച്ചു. ഇവരുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതു കൊണ്ടാണ് ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നാണ് നിർമലാനന്ദൻ പറയുന്നത്.

സമ്പത്തും നിഗൂഢ ഉന്നത, അധോലോക ബന്ധങ്ങളുമുള്ള പ്രതികളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കു വഴങ്ങി ജയിലിലെ അച്ചടക്കത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. സ്വർണക്കടത്തു കേസ് പ്രതി സരിത്തിനെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാൻ നിർബന്ധിച്ചെന്ന പരാതിയിൽ കോടതിക്കു നൽകിയ വിശദീകരണ റിപ്പോർട്ടിലാണ് ഇതു പറയുന്നത്. ജയിൽ ഉദ്യോഗസ്ഥരെ വെട്ടിലാക്കും വിധത്തിൽ സ്വർണ്ണക്കടത്തു കേസ് പ്രതികൾ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് ഈ വിശദീകരണം.

വിശദീകരണത്തിൽ പറയുന്നത് ഇങ്ങനെ: പൂജപ്പുര സെൻട്രൽ ജയിലിൽ സ്വർണക്കടത്തു കേസിലെ 6 പ്രതികളടക്കം 7 പേരാണു കോഫെപോസ പ്രകാരം കരുതൽ തടങ്കലിൽ കഴിയുന്നത്. സരിത്ത്, റമീസ് എന്നിവർ യുടിഎ ബ്ലോക്കിലെ രണ്ടാമത്തെ സെല്ലിലാണ്. സരിത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. റമീസിന്റെ പേരിൽ ഈ മാസം 3 ന് ജയിലിൽ എത്തിയ പാഴ്‌സലിലെ വസ്ത്രങ്ങൾ നൽകി. ബ്ലേഡും സൗന്ദര്യവർധക സാധനങ്ങളും നൽകിയില്ല.

5 ന് രാവിലെ സെല്ലുകളിലെ പരിശോധനയ്ക്കിടെ കണ്ടപ്പോൾ പാഴ്‌സലായി വന്നതെല്ലാം നൽകണമെന്നു റമീസ് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്നു രാത്രി ജോയിന്റ് സൂപ്രണ്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ റമീസ് സെല്ലിനകത്ത് എന്തോ കത്തിച്ചു വലിക്കുന്നതായും സരിത്ത് പുറത്തേക്കു നോക്കി നിൽക്കുന്നതായും കണ്ടു.

ഉദ്യോഗസ്ഥർ ഉടൻ സെൽ തുറന്നു പരിശോധിച്ചപ്പോൾ 2 കത്രിക, ബീഡി, ലൈറ്റർ എന്നിവ കണ്ടെത്തി. സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അടുത്ത ദിവസം വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയപ്പോൾ സ്വർണക്കടത്തു കേസിൽ കോൺഗ്രസ്, ബിജെപി നേതാക്കളുടെ പേരു പറയാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി സരിത്ത് പരാതിപ്പെട്ടു. ബന്ധുക്കളോടും വിഡിയോ കോൾ വഴി അങ്ങനെ പറഞ്ഞു. ഇതെല്ലാം 8 ന് കോടതിയെ അറിയിച്ചിട്ടുണ്ട്.

ഏതെങ്കിലും ഉദ്യോഗസ്ഥൻ ഇവരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവി പരിശോധനയിൽ കണ്ടില്ല. 7 മാസമായി ഈ ജയിലിൽ കഴിയുന്ന പ്രതിയുടെ ചട്ടവിരുദ്ധ പ്രവർത്തനം ചൂണ്ടികാട്ടിയപ്പോഴാണു പരാതിയുമായി രംഗത്തെത്തിയത്. ജയിലിൽ കഴിയുന്ന പ്രതിയുമായി നടത്തിയ ഫോൺ സംഭാഷണം ബന്ധുക്കൾ റെക്കോർഡ് ചെയ്തു സൂക്ഷിച്ചതു ജയിൽ സുരക്ഷയെ ബാധിക്കുന്നതാണെന്നും റിപ്പോർട്ടിൽ സൂപ്രണ്ട് വ്യക്തമാക്കി.

അതേസമയം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നടപടികളും സ്വീകരിക്കുന്നുണ്ട്. സ്വർണക്കടത്തു കേസ് പ്രതികൾക്കു ജയിലിൽ ലഹരി വസ്തുക്കളും പുകവലി ഉൽപന്നങ്ങളും കൈമാറുന്നതായി ആക്ഷേപം ഉയർന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് അസി.പ്രിസൺ ഓഫിസർ ബോസിനെ ഈ മാസം ഒന്നു മുതൽ ജോലിയിൽ നിന്നു മാറ്റി നിർത്തിയിരുന്നു. തൃശൂർ ഹൈ സെക്യൂരിറ്റി ജയിലിലേക്കു 7 ന് ഡിജിപി ഇദ്ദേഹത്തെ മാറ്റി. ജയിൽ ഉദ്യോഗസ്ഥർ വിശ്രമിക്കുന്ന ക്വാർട്ടേഴ്‌സിൽ ഒരു തടവുകാരൻ നൽകിയ വിവരമനുസരിച്ച് 29 ന് നടത്തിയ മിന്നൽ പരിശോധനയിൽ ബോസിന്റെ ബാഗിൽ നിന്ന് 25 ബീഡിക്കെട്ടുകൾ വീതമുള്ള 9 പാക്കറ്റുകൾ കണ്ടെടുത്തതായി ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.