കോഴിക്കോട്: കോഴിക്കോട് ട്രെയിനിൽ നിന്നും സ്‌ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പോപുലർ ഫ്രണ്ടും എസ് ഡി പി ഐയും രംഗത്ത്. ആർ എസ് എസിന്റെ പങ്ക് അന്വേഷിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാർ ആവശ്യപ്പെട്ടു. ആർഎസ്എസ് കേരളത്തിൽ വലിയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന റിപോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് വലിയ തോതിലുള്ള സ്‌ഫോടകവസ്തുക്കൾ കടത്തുന്നത്. അടുത്തിടെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് ഇത്തരത്തിൽ സ്‌ഫോടക വസ്തുക്കളും ബോംബുകളും ആയുധങ്ങളും കണ്ടെടുക്കുന്നുണ്ട്. ഇതിലേറെയും ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്നാണ്.

ആർഎസ്എസ് കേരളത്തിൽ നടത്തുന്ന ആയുധക്കടത്തിനും കലാപാഹ്വാനത്തിനും സ്‌ഫോടക വസ്തു കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. ഇത്തരം സംഭവങ്ങൾ നിസ്സാരമാക്കി തള്ളുന്നതിലൂടെ സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്താനുള്ള സംഘപരിവാർ പദ്ധതിക്ക് പൊലീസ് മൗനാനുവാദം നൽകുകയാണ്. 117 ജലാറ്റിൻ സ്റ്റിക്ക്, 350 ഡിറ്റനേറ്റർ തുടങ്ങി വൻസ്‌ഫോടക വസ്തു ശേഖരമാണ് പിടികൂടിയത്. കിണറിലെ പാറ പൊട്ടിക്കാൻ കൊണ്ടുവന്ന വസ്തുക്കളാണെന്ന നിലയിൽ സംഭവത്തെ നിസാരവൽക്കരിക്കാനാണ് പൊലീസ് ശ്രമം. സ്ത്രീകളെ കരുവാക്കി ആർഎസ്എസ് നടത്തുന്ന ഇടപാടാണോ ഇതെന്ന് അന്വേഷിക്കേണ്ടതുണ്ട്.

കഴിഞ്ഞദിവസം പിറവത്ത് തോക്കുമായി ആർഎസ്എസ് പ്രവർത്തകർ പിടിയിലായിരുന്നു. വയലാറിൽ എസ്ഡിപിഐ ജാഥയ്ക്ക് നേരെ ആയുധങ്ങളുമായി ആക്രമണത്തിനെത്തിയതും ആർഎസ്എസുകാരാണ്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാകേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുന്നു. ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്നും ആയുധങ്ങൾ കണ്ടെടുക്കുന്നതും ആർഎസ്എസ് നേതാക്കൾ പരസ്യമായി ആയുധപ്രദർശനം നടത്തുന്നതും സമീപകാലത്ത് വർധിച്ചിട്ടുണ്ട്. കേരളത്തിലെ സംഘപരിവാര നേതാക്കൾ തോക്കുകൾ വൻതോതിലുള്ള ആയുധങ്ങൾ പൂജയ്ക്ക് വയ്ക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിനേയെല്ലാം നിസാരവൽക്കരിച്ച് തള്ളുന്ന സമീപനമാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് കൈകൊണ്ടത്. ആർഎസ്എസ് ഭീകരതയോടുള്ള മൃദുസമീപനങ്ങൾ കേരളത്തിന്റെ ഭാവി അപകടത്തിലാക്കുമെന്നും എസ് നിസാർ പറഞ്ഞു.

സ്‌ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു. കേരളത്തിൽ സംഘപരിവാര സംഘടനകൾ വ്യാപക കലാപത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനകൾ പുറത്തുവരുന്ന ഈ സാഹചര്യത്തിൽ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്ന് വൻ സ്‌ഫോടക ശേഖരമാണ് കഴിഞ്ഞയിടെ പൊലീസ് പരിശോധനയിലുൾപ്പെടെ കണ്ടെത്തിയിട്ടുള്ളത്.

തലശ്ശേരിയിലേക്കുള്ള ട്രെയിൻ ടിക്കറ്റാണ് പ്രതിയുടെ കൈവശമുണ്ടായിരുന്നത് എന്നത് ദുരൂഹത വർധിപ്പിക്കുന്നു. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലവും ബന്ധങ്ങളും വ്യക്താമാവേണ്ടതുണ്ട്. കേവലം കിണറിലെ പാറ പൊട്ടിക്കാൻ കൊണ്ടുവന്ന വസ്തുക്കളാണെന്ന നിലയിൽ ഗുരുതരമായ സംഭവത്തെ ന്യായീകരിക്കാനും നിസ്സാരവൽക്കരിക്കാനുമുള്ള പൊലീസ് ഉൾപ്പെടെയുള്ളവരുടെ വിശദീകരണങ്ങൾ മുൻവിധിയോടെയുള്ളതും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ്. കൃത്യവും കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ നിജസ്ഥിതി പുറത്തുകൊണ്ടുവരേണ്ടതുണ്ട്.

ഇതിനു മുമ്പ് എത്രമാത്രം സ്‌ഫോടക വസ്തുക്കൾ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും അവ എവിടെയാണ് ശേഖരിച്ചിട്ടുള്ളതെന്നും കണ്ടെത്തേണ്ടത് ഇവിടെ സമാധാനം നിലനിർത്തുന്നതിന് അനിവാര്യമാണ്. കൂടാതെ ചെന്നൈയിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി വിവിധ സ്റ്റേഷനുകൾ പിന്നിട്ട് കോഴിക്കോട്ട് എത്തി എന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് വ്യക്തമാക്കുന്നത്. ഈ വീഴ്ചയ്ക്ക് ഉത്തരവാദിയായവരെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.

ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് ട്രെയിനിലെ യാത്രക്കാരിയുടെ ബാഗിൽ നിന്ന് ഇന്ന് രാവിലെ ഏഴരയോടെയാണ് 117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റണേറ്റർ എന്നിവ പിടികൂടിയത്. ഡി വൺ കംപാർട്ട്‌മെന്റിലെ സീറ്റിനടിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് പാലക്കാട് സ്‌ക്വാഡ് ആണ് പരിശോധനയിൽ ഇവ കണ്ടെത്തിയത്. തിരൂരിനും കോഴിക്കോടിനും ഇടയിലാണ് പരിശോധന നടന്നത്. തിരുവണ്ണാമലൈ സ്വദേശിനി രമണിയാണ് പിടിയിലായത്. ഇവർ ഇരുന്ന സീറ്റിനടയിൽ നിന്നാണ് സ്‌ഫോകടവസ്തുക്കൾ അടങ്ങിയ ബാഗ് കിട്ടിയത്. ചെന്നൈ കട്പാടിയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള ടിക്കറ്റാണ് ഇവർ എടുത്തിരുന്നത്. സ്‌ഫോടകവസ്തുക്കൾ കിണർ നിർമ്മാണത്തിനായി കൊണ്ടുവന്നതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കേസ് ആർ പി എഫ് റെയിൽവേ പൊലീസിന് കൈമാറി. അതിനു ശേഷമാണ് യാത്രക്കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.