കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ഇത് വിവിധ തരത്തിലുള്ള കുത്തിപ്പൊക്കലുകളുടെ കാലം ആണല്ലോ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിനിൽക്കുന്ന സമയത്ത് ഇങ്ങനെ പുലിവാല് പിടിച്ചത് പോപ്പുലർ ഫ്രണ്ടാണ്. തുർക്കിയിലെ വിവാദ ചാരിറ്റി സംഘടനയായ ഐഎച്ച്എച്ചുമായി പോപ്പുലർഫ്രണ്ട് നേതാക്കൾ 2018ൽ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തായത്. പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ.എം അബ്ദുറഹ്മാൻ, ദേശീയ കമ്മിറ്റി അംഗം പി. കോയ എന്നിവരാണ് ഐ.എച്ച്.എച്ച് നേതാക്കളുമായി തുർക്കി തലസ്ഥാനമായ ഇസ്താംബുളിൽ കൂടിക്കാഴ്ച നടത്തിയത്. ന്യൂസ് 18 മലയാളം ഓൺലൈൻ പോർട്ടൽ ആണ് വാർത്ത പുറത്തിവിട്ടത്. പോപ്പുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയുമൊക്കെ യഥാർഥ മുഖം എന്ന് പറഞ്ഞാണ് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഇതുസംബന്ധിച്ച ന്യൂസ് 18 വാർത്ത ഇങ്ങനെ:

2018 ഒക്ടോബർ 20ന് ഇസ്താംബുളിലെ ഐ.എച്ച്.എച്ച് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ഇ.എം അബ്ദുറഹ്മാൻ, ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കോയ, ഐ.എച്ച്.എച്ച് സെക്രട്ടറി ദംറുസ് ഐദിൻ, വൈസ് പ്രസിഡന്റ് ഹുസൈൻ ഒറുക് എന്നിവരുമായായിരുന്നു കൂടിക്കാഴ്ച.തുർക്കി പ്രസിഡണ്ട് ത്വയ്യിബ് എർദോഗാന്റെ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ഐ.എച്ച്.എച്ച്. സന്നദ്ധ, മനുഷ്യാവകാശ മേഖലകളിൽ ഇടപെടുന്ന ഈ സംഘടനയ്ക്ക് അൽ ഖ്വായിദയുമായും ഐഎസുമായും ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മേഖലയിലെ ഭീകരസംഘടനകൾക്ക് ഐ.എച്ച്.എച്ച് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നാണ് ആരോപണം.

ഇസ്ലാമിക സാമ്രാജ്യം സ്വപ്നം കാണുന്ന എർദോഗാനുമായുള്ള ബന്ധം അപകടകരമാണെന്ന് വിവിധ മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 'തുർക്കി കേന്ദ്രമായി പഴയ ഓട്ടോമൻ സാമ്രാജ്യം പുനഃസ്ഥാപിക്കുകയാണ് എർദോഗാന്റെ ലക്ഷ്യം. അതിന് ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ കൂട്ടുപിടിക്കുകയാണ്. മുസ്ലിം ബ്രദർഹുഡിന്റെ അപകടകരമായ ആശയങ്ങളാണ് എർദോഗാനെ നയിക്കുന്നത്. മത ദേശീയതയിലൂന്നിയ രാഷ്ട്രമാണ് അവരുടെ സ്വപ്നം. ബ്രദർഹുഡ് ഭീകരസംഘടനയാണെന്ന് അടുത്തിടെയാണ് സൗദി പണ്ഡിത സഭ പ്രഖ്യാപിച്ചത്. കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കും പോപ്പുലർ ഫ്രണ്ടിനുമെല്ലാം ആശയ ലോകമൊരുക്കുന്നത് ബ്രദർ ഹുഡാണ്. ഇന്ത്യ പോലുള്ള രാജ്യത്ത ഇത് അപകടകരമാണ്'- കെൻ.എം നേതാവ് മജീദ് സ്വലാഹി ന്യൂസ് ഇങ്ങനെയാണ് പ്രതികരിക്കുന്നത്.

അതേസമയം ഐ.എച്ച്.എച്ച് ഒരു സന്നദ്ധ സംഘടനയാണെന്നും കൂടിക്കാഴ്ചയെ വിവാദമാക്കുന്നത് എർദോഗാൻ വിരുദ്ധ രാഷ്ട്രീയ ചേരിയാണെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. തുർക്കി സന്ദർശന വേളയിൽ അവിടത്തെ ജീവകാരുണ്യ സംഘടനയുടെ ഓഫീസ് സന്ദർശിക്കുകയാണ് ചെയ്തതെന്ന് കൂടിക്കാഴ്ച നടത്തിയവരിലൊരാളായ ഇ.എം അബ്ദുറഹ്മാൻ ന്യൂസ് 18 നോടു പറഞ്ഞു.

'കൂടിക്കാഴ്ച അനാവശ്യ വിവാദമാക്കുകയാണ്. യിലെ ഏഷ്യാ മിഡിൽ ഈസ്റ്റ് ഫോറം വിളിച്ചു ചേർത്ത ഫലസ്തീൻ കോൺഫൻസിൽ പങ്കെടുക്കാനാണ് തുർക്കിയിൽ പോയത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ സമ്മേളന ഐ.എച്ച്.എച്ച് പ്രതിനിധികൾ ഓഫീസ് സന്ദർശിക്കാൻ ക്ഷണിക്കുകയാണ് ചെയ്തത്. നടന്നത് സുഹൃദ് സന്ദർശനം മാത്രമാണ്. ഈ സംഘടനയെ ഭീകര മുദ്രചാർത്തി നിരോധിച്ചത് ഇസ്രയേലാണ്. ഗസയിലെ പോരാളികളെ ഈ സംഘടന സഹായിക്കുന്നുണ്ട്. ഇതുകൊണ്ടാണ് ഇസ്രയേൽ ഭീകര സംഘടനയാക്കി ചിത്രീകരിച്ചത്. നോഡിക് മോണിറ്റർ എന്ന പേരിൽ നോർവെയിലെ ഒരു ന്യൂസ് പോർട്ടലിലാണ് ഈ വാർത്ത ആദ്യം വന്നത്. ഇന്ത്യലിൽ ഇത് ഏറ്റുപിടിക്കുന്നത് ആർ.എസ്.എസാണ്' - പോപ്പുലർ ഫ്രണ്ട് വൈസ് ചെയർമാൻ ഇ.എം അബ്ദുറഹ്മാൻ വിശദീകരിച്ചു.