കൽപ്പറ്റ: രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലിയും കോൺഗ്രസിനുള്ളിൽ പ്രതിഷേധം. കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ടി.സിദ്ദീഖിനെതിരെയാണ് പുതിയ പ്രതിഷേധം. വയനാട്ടിലേക്ക് ഇറക്കുമതി സ്ഥാനാർത്ഥിയെ വേണ്ട എന്ന തരത്തിലുള്ള പോസ്റ്റർ പതിപ്പിച്ചാണ് പ്രതിഷേധം രൂപപ്പെട്ടിരിക്കുന്നത്. വയനാട് ഡി.സി.സിയെ അംഗീകരിക്കണമെന്നും ജില്ലയിൽ യോഗ്യരായ നിരവധി സ്ഥാനാർത്ഥികൾ ഉണ്ടെന്നും പോസ്റ്ററിൽ പറയുന്നു.

കൽപ്പറ്റ നിയമസഭാ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റർ. ചൊവ്വാഴ്ചയാണ് കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. ബാക്കിയുണ്ടായിരുന്ന 7 സീറ്റുകളിൽ ആറിടത്തേയ്ക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരുന്നത്. വട്ടിയൂർക്കാവിൽ വീണ എസ്.നായർ മത്സരിക്കും. പി.സി.വിഷ്ണുനാഥ് (കുണ്ടറ), വി.വി.പ്രകാശ് (നിലമ്പൂർ), ഫിറോസ് കുന്നംപറമ്പിൽ (തവനൂർ), റിയാസ് മുക്കോളി (പട്ടാമ്പി) എന്നിവരാണു മറ്റു സ്ഥാനാർത്ഥികൾ.

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പിണറായി വിജയനെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് യു.ഡി.എഫ് പിന്തുണ നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. യു.ഡി.എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ അറിയിച്ചിരുന്നു.

അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.സുധാകരൻ എംപി രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ.സുധാകരൻ പറഞ്ഞു. കെപിസിസി വർക്കിങ് പ്രസിഡന്റെന്ന സ്ഥാനത്ത് തുടരുന്നത് മനസോടെയല്ലെന്നും സുധാകരൻ തുറന്നടിച്ചു.