കണ്ണുർ: കോൺഗ്രസ് -ബിജെപി സഖ്യമുണ്ടെന്ന് ആവർത്തിച്ചു സിപിഎം നേതാവ് പ്രകാശ് കാരാട്ട്. തെരഞ്ഞെടുപ്പുകളിൽ വോട്ടുകച്ചവടം നടത്തുന്ന പാർട്ടിയായി ബിജെപി അധഃപതിച്ചുവെന്ന് സിപി എം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ പ്രകാശ് കാരാട്ട് പറഞ്ഞു. തലശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എൻ ഷംസീറിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതയുടെ പ്രത്യയശാസ്ത്രം പറഞ്ഞാണ് ലജ്ജയില്ലാത്ത വോട്ടുകച്ചവടം. ബിജെപിയിൽ അണിനിരന്നവർ ഇക്കാര്യം ചിന്തിക്കണം. ബിജെപിയുമായുള്ള അവസരവാദ സഖ്യത്തെക്കുറിച്ച് കോൺഗ്രസിലെ മതനിരപേക്ഷവാദികളും ചിന്തിക്കണം. ബിജെപിയും കോൺഗ്രസും തമ്മിലുള്ള അവസരവാദ കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തലശേരി. നാമനിർദേശപത്രിക തള്ളിയതിനാൽ ഗുരുവായൂരും ദേവികുളത്തും അവർക്ക് സ്ഥാനാർത്ഥികളില്ല.

കേന്ദ്ര ഭരണകക്ഷിയായ പാർട്ടിക്ക് എങ്ങനെയാണ് നാമനിർദേശപത്രിക സമർപ്പിക്കേണ്ടതെന്ന് അറിയില്ലേ. ഇതിനുപിന്നിൽ ചില തീരുമാനങ്ങളുണ്ട്. ഇത്തരം അവസരവാദസഖ്യം മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. കോൺഗ്രസിലെ മതനിരപേക്ഷവാദികൾ പുനരാലോചിക്കേണ്ട സമയമാണിത്.

തലശേരിയിലെ ജനങ്ങൾ ഈ അവസരവാദ സഖ്യത്തിന് വോട്ടിലൂടെ തക്കതായ മറുപടി നൽകുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. മഹത്തായ രാഷ്ട്രീയ പാരമ്പര്യവും പോരാട്ടചരിത്രവുമുള്ള ചെങ്കോട്ടയാണ് തലശേരി. മതനിരപേക്ഷത സംരക്ഷിക്കാൻ എന്നും മുന്നിൽനിന്ന് പ്രവർത്തിച്ച പാരമ്പര്യമുണ്ട്. ഭൂരിപക്ഷത്തിൽ റെക്കോഡ് സൃഷ്ടിച്ച് ഈ അവസരവാദ രാഷ്ട്രീയത്തിന് തിരിച്ചടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.