ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടക്കം കടക്കാൻ പാടുപെടുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിജെപിയുടെ നേട്ടം രണ്ടക്കം കടന്നാൽ താൻ ട്വിറ്റർ ഉപേക്ഷിക്കുമെന്നും പ്രശാന്ത് കിഷോർ ട്വിറ്ററിലൂടെ പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ വൻനേട്ടം ലക്ഷ്യമാക്കി ബംഗാളിൽ ബിജെപി ശക്തമായ പ്രവർത്തനം നടത്തുന്നതിനിടെയാണ് വെല്ലുവിളിയുമായി പ്രശാന്ത് കിഷോർ രംഗത്തെത്തിയത്.

പാർട്ടിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം മാധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുന്ന നേട്ടത്തിന് വിപരീതമായി ബംഗാളിൽ രണ്ടക്കം കടക്കാൻ ബിജെപി കഷ്ടപ്പെടേണ്ടി വരും. ഒരു പക്ഷെ ബിജെപിക്ക് അത് സാധ്യമാകുന്നെങ്കിൽ താൻ ഇവിടം വിടും- പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. തന്റെ ഈ ട്വീറ്റ് ഓർമയിൽ സൂക്ഷിക്കണമെന്നും താൻ പറഞ്ഞതിന് വിപരീതമായി വലിയൊരു നേട്ടം ബിജെപിക്കുണ്ടായാൽ താൻ ട്വിറ്റർ ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2021 ലെ തിരഞ്ഞെടുപ്പിൽ നിയമസഭയിൽ 294 സീറ്റുകളിൽ 200 എണ്ണം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രആഭ്യന്ത്രമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാൾ സന്ദർശനത്തിന്റെ ഭാഗമായി മിഡ്നാപുരിൽ സംഘടിപ്പിച്ച റാലിയിൽ മുന്മന്ത്രി സുവേന്ദു അധികാരി ഉൾപ്പെടെ തൃണമൂൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ അംഗത്വം എടുത്തിരുന്നു. എട്ട് തൃണമൂൽ അംഗങ്ങളും ഒരു സിപിഎം അംഗവും ഉൾപ്പെടെ 11 എംഎൽഎമാരും ഒരു എംപിയുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്.

നന്ദിഗ്രാം പ്രക്ഷോഭത്തെ മമത ബാനർജിക്ക് അധികാരത്തിലേയ്ക്കുള്ള വഴിയാക്കി മാറ്റിയ സുവേന്ദു അധികാരിയടക്കമുള്ള തൃണമൂൽ നേതാക്കൾ ബിജെപിയിൽ അംഗത്വമെടുത്തത് ബംഗാളിൽ പാർട്ടിയുടെ കരുത്ത് വർദ്ധിപ്പിക്കുമെന്ന അവകാശവാദങ്ങൾക്കിടെയാണ് പ്രതീക്ഷിക്കുന്ന നേട്ടം കൈവരിക്കാനാവില്ലെന്ന് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.