ന്യൂഡൽഹി: ഇന്റീരിയൽ ഡിസൈനറുടെ ആത്മഹത്യാ പ്രേരണാ കേസിൽ അറസ്റ്റിലായ റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്‌ഴാമിക്ക് ജാമ്യം നൽകിയ സുപ്രീം കോടതി നടപടിക്കെതിരെ വിമർശനവുമായി പ്രശാന്ത് ഭൂഷൺ. 'ജുഡീഷ്യറിയുടെ കാരുണ്യത്തിന് വേണ്ടി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകൾ, എഴുത്തുകാർ, വിദ്യാർത്ഥികൾ എന്നിവരുടെ പട്ടിക' എന്ന പേരിൽ 'ദ വയർ' നവംബർ 13ന് പ്രസിദ്ധീകരിച്ച ലേഖനം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അർണബിന് ജാമ്യം നൽകിയ സുപ്രീംകോടതി നടപടിയെ പ്രശാന്ത് ഭൂഷൺ വിമർശിച്ചത്.

അർണബ് ഗോസ്വാമിയെ കേൾക്കാനും അയാൾക്ക് ജാമ്യം നൽകാനും ആവേശം കാണിച്ച സുപ്രീംകോടതിക്ക് മുന്നിൽ, ജുഡീഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകളുടെയും വിദ്യാർത്ഥികളുടെയും എഴുത്തുകാരുടെയും ലിസ്റ്റാണിത്, സാധാരണ രീതിയിൽ വിചാരണ നടക്കുന്നതിനും, മനുഷ്യാവകാശ ലംഘനങ്ങൾ സംരക്ഷിക്കുന്നതിനും, ഒപ്പം രണ്ടിനും കൂടിയാണ് ഇവർ പ്രയാസമനുഭവിക്കുന്നത്', പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.

ഹാത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ, ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ആനന്ദ് തെൽതുംദെ, വരവരറാവു, ഗൗതം നവ്‌ലാഖ് തുടങ്ങിയവർ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാർത്ഥി നേതാക്കളും മുൻ വിദ്യാർത്ഥികളും എന്നിങ്ങനെ സമീപ കാലത്തായി അറസ്റ്റിലായവരുടെ വിവരങ്ങളാണ് വയർ ലേഖനത്തിൽ പറയുന്നത്.