തിരുവനന്തപുരം: ഫാക്ട് ചെക്കിലെ വിരോധാഭാസം സർക്കാർ വകുപ്പായ പിആർഡിയെ വെട്ടിലാക്കിയിരുന്നു. മാധ്യമത്തിലെ സത്യസന്ധമായ വാർത്തയെ ഫാക്ട് ചെക്കിലൂടെ വ്യാജമെന്ന് പറഞ്ഞ പിആർഡി നടപടിയാണ് വിവാദത്തിന് പുതിയ തലം നൽകിയത്. ഇതിന് പിന്നാലെ മറ്റൊരു വിഷയവും ചർച്ചയാകുന്നു. പിഎസ് എസിയുമായി ബന്ധപ്പെട്ട് സർക്കാർ പ്രസിലെ രേഖ നഷ്ടമാകലിലെ വാർത്തയിൽ ഫാക്ട് ചെക്കിംഗിലെ കള്ളത്തരം പൊളിഞ്ഞു വീണിരുന്നു. പ്രസ് വകുപ്പ് ഡയറക്ടറുടെ വിശദീകരണം മാത്രമാണ് ഫാക്ട് ചെക്കിന് ആധാരമായത്. പിന്നീട് രേഖ മോഷണത്തിൽ ഇതേ വ്യക്തി തന്നെ പൊലീസിലും പരാതി കൊടുത്തു. ഇതിന് പിന്നാലെ മറ്റൊരു ബാനറും വിവാദത്തിലാകുന്നു.

ആന്റി ഫെയ്ക് ന്യൂസ് ഡിവിഷൻ കേരള എന്ന പേരിൽ വരുന്ന ബാനറാണ് ഇതിന് കാരണം. വ്യാജനെ വീഴ്‌ത്താം.. ആധികാരികത ഉറപ്പാക്കുക.. കൃത്യമായ ഉറവിടം ലേഖകൻ നൽകിയിട്ടുണ്ടോ എന്ന് നോക്കുകയും അവ പരിശോധിക്കുകയും ചെയ്യുകയാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. ഉറവിടം തിരിച്ചറിയാത്ത വാർത്തകളെല്ലാം വ്യാജമായി മാറുന്ന കേരളാ സർക്കാരിന്റെ പുതിയ രീതി. ഇതിനെതിരെ അതിരൂക്ഷമായ വിമർശനാണ് അനിരു അശോകൻ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. ഈ വിഷയത്തിൽ പത്രപ്രവർത്തക യൂണിയൻ മൗനം തുടരുകയുമാണ്. പ്രചരിക്കുന്ന ബാനറിലെ കണ്ടെന്റ് വച്ച് ലേഖകർ ഉറവിടം കൃത്യമായി പറയണം. അല്ലെങ്കിൽ ആ വാർത്ത വ്യാജമാകും. ഇതിനെയാണ് അനിരു അശോകൻ വിമർശിക്കുന്നത്.

പ്രസിലെ രേഖ ചോർച്ചയിലെ വാർത്ത ശരിയാണെന്ന് ഏവർക്കും ബോധ്യമായിട്ടുണ്ട്. എങ്കിലും മാധ്യമം പത്രത്തിനെതിരെ നൽകിയ ഫാക്ട് ചെക്കിൽ പിഴവു പറ്റിയവർക്കെതിരെ ആരും നടപടി എടുത്തിട്ടില്ല. ഇതിനിടെയാണ് പുതിയ ഉറവിട ആവശ്യപ്പെടൽ ബാനറും ചർച്ചയാകുന്നത്. അനിരു അശോകൻ തന്നെയാണ് ഈ ബാനർ സഹിതം വിമർശന പോസ്റ്റിട്ടത്. വ്യാജ വാർത്തകളും പ്രചാരണങ്ങളും വർദ്ധിക്കുന്ന കാലഘട്ടമാണ് ഇത്. അച്ചടി മാധ്യമങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും അത്തരം വ്യാജ വാർത്തകൾ ധാരാളമായി വരുന്നുണ്ട്. അതിലെ യഥാർത്ഥ വസ്തുതകൾ കണ്ടെത്തുന്നതിനായി ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഫാക്ട് ചെക്ക് ഡിവിഷൻ ആരംഭിച്ചതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

സർക്കാരിന്റെ പ്രവർത്തനങ്ങളെയും പൊതുജന ജീവിതത്തെയും ബാധിക്കുന്ന വ്യാജവാർത്തകൾ, സന്ദേശങ്ങൾ പിആർഡി ഫാക്ട് ചെക്ക് വിഭാഗത്തിന്റെ ശ്രദ്ധയിൽ പെടുത്താവുന്നതാണ്. +91 - 9496003234 എന്ന നമ്പറിൽ വാട്സപ്പ് സന്ദേശമായി വ്യാജ വാർത്തകൾ നിങ്ങൾക്ക് നേരിട്ട് അറിയിക്കാമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ചില മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ നൽകിയാലും ഫാക്ട് ചെക് വിഭാഗം ഇടപെടൽ നടത്തുന്നില്ലെന്നതാണ് വസ്തുത.

അനിരു അശോകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

'ഉറവിടം' കണ്ടുപിടിക്കാനിറങ്ങിയവന്മാരോട്
....................................................................................

ഒരു മാധ്യമപ്രവർത്തക െന്റ വളർച്ചയും തളർച്ചയും അയാളുടെ 'സോഴ്‌സു'കളാണ്. പിണറായി സർക്കാരിന്റെ ഭാഷയിൽ പറഞ്ഞാൽ 'ഉറവിടം'. നമ്മെ വിശ്വസിച്ച് രഹസ്യ വിവരങ്ങൾ നൽകുന്നവരെ സംരക്ഷിക്കുക എന്നത് ഓരോ മാധ്യമപ്രവർത്തക െന്റയും ധർമമാണ്. വാർത്ത തെറ്റായാലും ശരിയായാലും അവരുടെ പേരുവിവരം പുറത്ത് വിടാതിരിക്കുക എന്നത് ചെയ്യുന്ന തൊഴിലിനോടുള്ള മാന്യതകൂടിയാണ് . ജീവൻപോയാലും ജോലിതന്നെ നഷ്ടപ്പെട്ടാലും എനിക്ക് വിവരങ്ങൾ നൽകുന്നവരുടെ യാതൊന്നും ഒരുത്തനോടും പറയില്ല എന്നത് എ െന്റ നിലപാടാണ്. ഭൂരിപക്ഷം വരുന്ന മാധ്യമസുഹൃത്തുകളും അത്തരം നിലപാടുകളിൽ ഉറച്ചുനിൽക്കുന്നവർ തന്നെന്നാണ് വിശ്വാസം.

പത്രപ്രവർത്തനമേഖലയിൽ പരിചയ സമ്പത്തുകൊണ്ട് തുടക്കകാരനായ എന്നെ സംബന്ധിച്ച് കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ഇടത് സർക്കാരിൽ നിന്നും അവരുടെ കിങ്കരന്മാരിൽ നിന്നും നേരിടേണ്ടിവന്ന വെല്ലുവിളികൾ ഏറെയാണ്.സർക്കാരിനും പൊലീസിനും പി.എസ്.സിക്കുമെതിരെ നിരവധി വാർത്തകൾ നൽകിയതിനെ തുടർന്ന് ഫോൺ ചോർത്തൽ മുതൽ മന്ത്രി ഓഫീസിൽ നിന്ന് ഞാനെന്ന വ്യാജേന 'മാധ്യമ'ത്തിന്റെ പേരുപറഞ്ഞ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് കുടുക്കിയ സംഭവങ്ങൾ വരെയുണ്ടായി. കെ.എ.എസുമായി ബന്ധപ്പെട്ട് ഒ.എം.ആർ ഷീറ്റിന്റെ നിലവാരം പുറംലോകത്തെ അറിയിച്ചതിന് ഇപ്പോഴും പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണം നടക്കുകയാണ്. എനിക്ക് വിവരം നൽകുന്നവർ ആരാണെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. പക്ഷേ നാളിതുവരെ ഒരുതുമ്പും കിട്ടിയിട്ടില്ലെന്നുമാത്രം. അപ്പോഴാണ് പി.ആർ.ഡിയുടെ ഫാക്ട് ചെക്ക് കേരള പുതിയ ഉഡായിപ്പും കൊണ്ട് വന്നിട്ടുള്ളത്.

വാർത്തകൾ ഇനിമുതൽ 'FAKE NEWS ' ആണെന്ന് ചാപ്പകുത്തി സൈബർ സഖാക്കൾക്ക് എറിഞ്ഞുകൊടുക്കാതിരിക്കാൻ ഉറവിടം ബന്ധപ്പെട്ട ലേഖകൻ മുഖ്യമന്ത്രിയുടെ കീഴിലുള്ള പബ്ലിക് റിലേഷൻസ് വകുപ്പിനെ ബോധ്യപ്പെടുത്തണമത്രേ. ലേഖകന്റെ ഉറവിട ആധികാരികത പരിശോധിച്ചായിരിക്കും വാർത്ത വ്യാജനാണോ ഒറിജിനലാണോയെന്ന് പി.ആർ.ഡി അഥവാ മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുക. ഒന്ന് പോടാ ഉവ്വേ,,, നീയൊക്കെ ഈ ജീവിതകാലം മുഴുവൻ എ െന്റ എല്ലാ വാർത്തകളും ചാപ്പകുത്തി ഇറക്കിയാലും എനിക്ക് വാർത്ത തരുന്നവരുടെ ഒരു മുടിയും ഒരിടത്തും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. സ്വതന്ത്രമാധ്യമപ്രവർത്തനം ഹനിക്കപ്പെടുന്നത് ഒരുജനതയുടെ വായ്മൂടിക്കെട്ടുന്നതിന് തുല്യമാണെന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ ഇത്തരം ഇണ്ടാസുമായി വരുന്നവന്മാരോട് എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ 'കടക്ക് പുറത്ത്'

‘ഉറവിടം'...

Posted by Aniru Ashokan on Wednesday, August 19, 2020