കൊല്ലം: പൂണെയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ. കൊല്ലം വാളകം സ്വദേശിയായ പ്രീതി ഭർത്താവിന്റെ വീട്ടിൽ പീഡനം നേരിടുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശങ്ങൾ പുറത്ത്. ഒക്ടോബർ ആറിനാണ് പൂണെയിലെ ഭർത്താവിന്റെ വീട്ടിൽ മലയാളി യുവതിയായ പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഖിലും ഭർതൃമാതാവും ജോലി കഴിഞ്ഞ് എത്തുമ്പോൾ പ്രീതിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ പ്രീതി കൊല്ലപ്പെട്ടതാണെന്നും കൊലയ്ക്ക് പിന്നിൽ അഖിലും മാതാവും ആണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഭർത്താവിന്റെ വീട്ടിൽ സ്ത്രീധനത്തെ ചൊല്ലി മകൾക്ക് നിരന്തരം പീഡനം നേരിടേണ്ടിവന്നുവെന്ന് പിതാവ് മധുസൂദനൻ പിള്ള ആരോപിച്ചിരുന്നു.

വർഷങ്ങളായി പ്രീതിയെ ശാരീരികമായും മാനസികമായും ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിക്കുന്നു എന്നാണ് ആരോപണം. ഭർത്താവിനെ വീട്ടുകാർ മർദ്ദിച്ചത് ആണെന്ന് കാണിച്ച് പ്രീതി സുഹൃത്തിന് അയച്ച ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമം സാക്ഷ്യപ്പെടുത്തുന്ന തരത്തിൽ പ്രീതി സുഹൃത്തിന് അയച്ച വാട്സപ്പ് സന്ദേശങ്ങളും പുറത്തായി. താൻ സന്തോഷവതിയാണെന്ന് കാണിക്കാൻ പ്രീതിയുടെ ഫോണിൽനിന്ന് ഭർത്താവ് അച്ഛന് സന്ദേശങ്ങൾ അയക്കുമായിരുന്നുവെന്നും പുറത്തു വന്ന വാട്സ്ആപ്പ് സന്ദേശങ്ങളിലുണ്ട്.

ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശിയായ അഖിൽ വർഷങ്ങളായി പൂണെയിലാണ് താമസിക്കുന്നത്. അഖിലിനേയും അമ്മയേയും ഗാർഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം ചൂണ്ടിക്കാട്ടി പ്രീതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. മകളുടെ മരണവിവരം പോലും തങ്ങളെ അഖിലിന്റെ വീട്ടുകാർ അറിയിച്ചില്ലെന്നും മറ്റൊരാൾ വിളിച്ചുപറഞ്ഞാണ് അറിഞ്ഞതെന്നും പ്രീതിയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രീതിയുടേത് ആത്മഹത്യയല്ല. കൊലപാതകമാണ്. ശരീരത്തിൽ ക്ഷതമേറ്റ പാടുകളുണ്ടെന്നും ഇവർ പറഞ്ഞു.

അഞ്ചുവർഷം മുമ്പാണ് പ്രീതിയുടെയും അഖിലിന്റെയും വിവാഹം. 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ പിന്നെയും സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് അഖിലും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കൾ ആരാപിക്കുന്നുണ്ട്. അഖിലിന്റെ അമ്മയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രീതിയുടെ മൃതദേഹം വാളകത്തുള്ള വീട്ടിൽ എത്തിച്ച് സംസ്‌കരിച്ചു.