ഭോപാൽ: ഇന്നും കൃത്യമായി ഗതാഗത സൗകര്യങ്ങൾ എത്താത്ത പ്രദേശങ്ങൾ രാജ്യത്തുണ്ട് എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല.മാത്രമല്ല അത്തരം വാദങ്ങളെ ശരിവെക്കുന്ന സംഭവങ്ങളാണ് സമീപകാലത്തുണ്ടാകുന്നത്.കഴിഞ്ഞ ദിവസം വനത്തിനുള്ളിലെ ഗ്രാമത്തിലേക്ക് വാഹനമെത്താത്തതിനാൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണികൊണ്ട് സ്ട്രച്ചറുണ്ടാക്കി എട്ടുകിലോമീറ്ററോളം ചുമന്ന്.

മധ്യപ്രദേശിലെ ബർവാനി ജില്ലയിലെ രാജ്പുര ഗ്രാമത്തിലാണ് സംഭവം. ബർവാനി ജില്ലയിലെ രാജ്പുര ഗ്രാമത്തിൽ താമസിക്കുന്ന സുനിതയ്ക്ക് വ്യാഴാഴ്ചയാണ് പ്രസവവേദന ആരംഭിച്ചത്. വനത്തിനുള്ളിലെ ഗ്രാമത്തിലേക്ക് ആംബുലൻസ് എത്തുന്നതിന് ടാർ ചെയ്ത റോഡില്ലായിരുന്നു. അതിനാൽത്തന്നെ, സുനിതയെ അടുത്തുള്ള ഗ്രാമത്തിലേക്ക് കാൽനടയായി ചുമന്നുകൊണ്ടുപോകുകയല്ലാതെ കുടുംബത്തിനും അയൽക്കാർക്കും മറ്റ് മാർഗങ്ങളില്ലായിരുന്നു.

മുളങ്കമ്പിൽ കെട്ടിയ ബെഡ്ഷീറ്റിൽ സുനിതയെ കിടത്തി, അവർ എട്ടു കിലോമീറ്റർ ദൂരെയുള്ള റാണി കാജൽ ഗ്രാമത്തിലേക്ക് കാൽനടയായി പോകുകയായിരുന്നു. അവിടെ കാത്തുകിടന്ന ആംബുലൻസിൽ 20 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് സുനിതയെ കൊണ്ടുപോയി.28 കിലോമീറ്റർ അകലെയുള്ള പാൻസെമലിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാണ് സുനിതയുടെ ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള ആശുപത്രി.

എന്നിട്ടും കാൽനടയായിട്ടല്ലാതെ അവിടെയെത്താൻ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് പ്രദേശവാസികൾ പറയുന്നു.ഒരു റോഡിനായുള്ള അപേക്ഷകൾ വർഷങ്ങളായി കോൺഗ്രസിന്റെയും ബിജെപിയുടെയും ജനപ്രതിനിധികൾക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് രാജ്പുര നിവാസികൾ പറയുന്നു.

വെള്ളിയാഴ്ച സുനിത പ്രസവിച്ചെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.