ചെന്നൈ: യുവാവിനെ ഭാര്യ ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ഇറോഡിലാണ് സംഭവം. മൈഥിലി എന്ന യുവതിയാണ് ഭർത്താവ് എൻ നന്ദകുമാറിനെ വിഷം നൽകി കൊലപ്പെടുത്തിയത്. ജനുവരി 28ന് വിഷം ഉള്ളിൽ ചെന്ന് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നന്ദകുമാർ ഈ മാസം 15നാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ 21കാരി പൊലീസിന് മുന്നിൽ കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങുകയായിരുന്നു. ​ഗർഭിണിയായതിന് ശേഷവും ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചതിനാലാണ് ഭർത്താവിനെ കൊലപ്പെടുത്തിയത് എന്നാണ് യുവതി പറയുന്നത്.

പെരിയമോളപാളയം ഗ്രാമത്തിലെ എ മൈഥിലി എട്ട് മാസം മുമ്പാണ് ആന്ധിയൂരിനടുത്ത് കലിയാനൻ തോട്ടത്തിലെ എൻ നന്ദ കുമാറിനെ (33) വിവാഹം കഴിച്ചത്. കൃഷിക്കാരനായ നന്ദ കുമാർ രണ്ടുവർഷം മുമ്പ് ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും നാലുമാസത്തിനുള്ളിൽ വിവാഹമോചനം നേടുകയും ചെയ്തിരുന്നു.

"അഞ്ച് മാസം മുമ്പാണ് യുവതി ഗർഭിണിയായത്. ഇതിനുശേഷവും നന്ദകുമാർ തന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അതിനാൽ തന്നെ കൊല്ലാൻ മൈഥിലി തീരുമാനിക്കുകയും കീടനാശിനി അടങ്ങിയ ഭക്ഷണം ജനുവരി 28 ന് നൽകുകയും ചെയ്തു, "ആന്ധിയൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ഇൻസ്പെക്ടർ എസ് രവി മിഥിലിയെ ചോദ്യം ചെയ്ത ശേഷം പറഞ്ഞു.
ആരോഗ്യ കുഴപ്പങ്ങൾ ഉണ്ടായ നന്ദ കുമാറിനെ ജനുവരി 31 ന് ആന്ധിയൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. "ഫെബ്രുവരി 15 ന് ആശുപത്രിയിൽ ചികിത്സയോട് പ്രതികരിക്കാതെ അദ്ദേഹം മരിച്ചു," ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു.

യുവാവിന്റെ മരണശേഷം, ആശുപത്രി മാനേജ്‌മെന്റ് പൊലീസിനെ അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിലാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.