കണ്ണൂർ: കെടിഡിഎഫ്‌സിയിലെ വായ്പാ തട്ടിപ്പിന് ഉപയോഗിച്ച് രാഷ്ട്രപതിയുടെ വ്യാജ ഡിക്രിയാണ്. ഈ കുബുദ്ധിയിൽ കേരളത്തിൽ ഉടനീളം തട്ടിപ്പിന് ശ്രമം നടന്നുവെന്ന് സൂചന. രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ചു തട്ടിപ്പ് നടത്താൻ ശ്രമിച്ചയാളെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തു.കോടതി റിമാൻഡ് ചെയത ഇയാളെ നെഞ്ചുവേദനയെ തുടർന്ന് കണ്ണൂർ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ്.ബി.ടി.യിലെ റിട്ട. ഉദ്യോഗസ്ഥൻ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പി.പി. എം അഷ്റഫാ(71)ണ് അറസ്റ്റിലായത്. അ്ഷ്റഫിന്റെ സഹോദരൻ പയ്യാമ്പലം റാഹത്ത് മൻസിലിൽ പി.പി എം ഉമ്മർകുട്ടിയാണ് രണ്ടാം പ്രതി ഇദ്ദേഹം ഒളിവിലാണ്. കെടിഡിഎഫ്‌സിയെ പറ്റിച്ച കേസിലെ എഫ് ഐ ആറിലും ഒരു പിപിഎം അഷ്‌റഫ് പ്രതിയാണ്. ഈ പ്രതിയെയാണ് കണ്ണൂരിലും അറസ്റ്റു ചെയ്തതെന്നാണ് സൂചന. കെടിഡിഎഫ് സി തട്ടിപ്പിൽ തിരുവനന്തപുരത്തെ പ്രമുഖ ബിൽഡറായ സലിം എം കബീറായിരുന്നു പ്രധാന പ്രതി. കണ്ണൂരിലും സമാന തട്ടിപ്പ് നടന്നതോടെ സംസ്ഥാനത്തുട നീളം ഇത്തരം തട്ടിപ്പ് ശ്രമം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

കണ്ണൂർ ഫോർട്ട് റോഡിൽ പി. എം ഉമ്മർ കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നിർമ്മാണചട്ടങ്ങൾ ലംഘി്ച്ചുള്ളതാണെന്നും പൊളിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. എന്നാൽ നടപടി ചട്ടവിരുദ്ധമാണെന്നും കോർപറേഷന് ഇത്തരമൊരു നോട്ടീസ നൽകാൻ അധികാരമില്ലെന്നും നിർദ്ദേശിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഉമ്മർകുട്ടി മുൻസിപ്പൽ സെക്രട്ടറി നൽകി. രാഷ്ട്രപതിയുടെ ഉത്തരവ് വായിച്ചു അമ്പരന്ന സെക്രട്ടറി ഒറ്റനോട്ടത്തിൽ തന്നെ ഉത്തരവ് വ്യാജമാണെന്നു തിരിച്ചറിയുകയും വിവരം പൊലിസിനെ അറിയിക്കുകയുമായിരുന്നു.

ഉമ്മർകുട്ടി നേരത്തെ ഉത്തരവിന്റെ പകർപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, ഗവ. സെക്രട്ടറി കലക്ടർ എന്നിവർക്കും അയച്ചിരുന്നു. പ്രസിഡൻഷ്യൽ ഡിക്രി എന്ന പേരിൽ വളരെ വിശദമായി രാഷ്ട്രപതി നൽകിയ ഉത്തരവിൽ മന്ത്രിസഭയുടെ അധികാരമില്ലാതെ പാസാക്കിയ മുൻസിപ്പൽ ചട്ടങ്ങൾ നിയമവിരുദ്ധമാണെന്നും അതു നിലനിൽക്കില്ലെന്നും പറയുന്നു. രാഷ്ട്രപതിയുടെ ഉത്തരവിൽ സംശയം തോന്നിയതിനെ തുടർന്ന് ഉമ്മർകുട്ടിയുടെ സഹോദരൻ എസി.പി പി.പി സദാനന്ദൻ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പു വ്യക്തമായത്.

പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള രാഷ്ട്രപതിയുടെ സിറ്റിസൺ പോർട്ടലിൽ കയറി പരാതി നൽകിയ അഷ്റഫ് അതിൽ രാഷ്ട്രപതിയുടെതെന്ന മട്ടിൽ വ്യാജമറുപടിയും സ്‌ക്വാൻ ചെയ്തു കയറ്റുകയായിരുന്നു. ഇതോടെ ഈ വെബ് സൈറ്റ് പരിശോധിക്കുന്ന ആർക്കും മറുപടിയും കാണാൻ കഴിയും. ഇതിന്റെ പകർപ്പെടുത്തു കോർപറേഷൻ സെക്രട്ടറിക്ക് നൽകിയാണ് ഇയാൾ തട്ടിപ്പിനു ശ്രമിച്ചത്. താൻ ഭരണഘടനാവിരുദ്ധനാണെന്നാണ് പൊലിസ് അന്വേഷണത്തിന്റെ തുടക്കത്തിൽ അഷ്റഫ് പറഞ്ഞിരുന്നത്.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊതുമേഖലാബാങ്ക് ജീവനക്കാരനാണെന്നു പൊലിസിന് വ്യക്തമായത്. കേസിലെ കൂട്ടുപ്രതിയായ ഉമ്മർകുട്ടിയെയ ഉടൻ അറസ്റ്റു ചെയ്യുമെന്ന് കണ്ണൂർ ടൗൺ എസ്. എച്ച്. ഒ ശ്രീജിത്ത് കോടെരി പറഞ്ഞു. സമാനമായ തട്ടിപ്പാണ് തിരുവനന്തപുരത്തും നടന്നത്. കെടിഡി എഫ് സിയിൽ നിന്ന് പണം തട്ടാൻ രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ് ചമച്ച കേസിൽ എഫ് ഐ ആർ ഇട്ട് അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രധാന ബിൽഡർക്കെതിരെ ജാമ്യമില്ലാ കേസാണാണ് മ്യൂസിയം പൊലീസ് ചുമത്തിയിട്ടുള്ളത്. കെ എസ് ഇ ബി ചെയർമാൻ കൂടിയായ കെ ടി ഡി എഫ് സി എംഡി ബി അശോക് ഐഎഎസാണ് പരാതിക്കാരൻ. കേസിൽ അശോകിന്റെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.

കെടിഡിഎഫ് സിയിൽ നിന്നും ഗ്രാന്റ് ടെക് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തിന്റെ പേയാടുള്ള ഗ്രീൻ സിറ്റി എന്ന പ്രോജക്ടിലേക്ക് 10 കോടി രൂപ ലോൺ എടുത്തതിൽ കൂടുതൽ രൂപ പ്രതി അടച്ചു എന്നു പറഞ്ഞ് കൂടുതലായി അടച്ച തുക തിരികെ ഭിക്കുന്നതിന് പ്രസിഡന്റിന്റെ ഡിക്രി ഹാജരാക്കിയതിനാണ് കേസെന്ന് എഫ് ഐ ആർ പറയുന്നു. പ്രസിഡന്റിന്റെ വ്യാജ ഉത്തരവ് ആവലാതിക്കാരന് മുന്നിൽ ഹാജരാക്കി പ്രതിക്ക് അന്യായ ലാഭം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. സലിം എം കബീറാണ് ഒന്നാം പ്രതി. പിപിഎം അഷറഫ് രണ്ടാം പ്രതിയും. ഐപിസി 465, 468, 471, 34 വകുപ്പുകൾ പ്രകാരമാണ് കേസ്.

ശ്രീകാര്യത്തെ മോട്ടോർ പ്ലാസ എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് ഇയാൾ. ഇയാൾക്കെതിരെ നിരവധി പരാതികൾ പല സ്റ്റേഷനുകളിലും ഉണ്ട്. വ്യാജ സർട്ടിഫിക്കറ്റിൽ അടക്കം സംശയങ്ങൾ നേരിടുന്നുണ്ട്. ഉന്നത രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമാണ് സലിമിനുള്ളതെന്നും സൂചനകളുണ്ട്. മറ്റൊരു മോൻസൺ മാവുങ്കലാണ് ഇയാളെന്ന സംശയവും ശക്തമാണ്. ഈ ബന്ധത്തിന്റെ മറവിലാണ് കെടിഡിഎഫ്‌സിയിൽ നിന്ന് പണം തട്ടാൻ രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ് കൈക്കലാക്കിയതെന്നാണ് സംശയം.

കേന്ദ്ര ഏജൻസികൾ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. വ്യാജ ഉത്തരവടക്കമുള്ള രേഖകൾ ഐബി ശേഖരിച്ചു. പണം തട്ടാൻ ഉപയോഗിച്ച വ്യാജ രേഖ അടക്കം കെടിഡിഎഫ്‌സി എംഡി ബി അശോക് ഡിജിപിക്ക് പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇക്കാര്യത്തിൽ ആദ്യ വിശദ റിപ്പോർട്ട് നൽകിയത് മറുനാടൻ മലയാളിയാണ്. പാലോടുകാരനായ ചായക്കടക്കാരന്റെ മകനാണ് പ്രതിക്കൂട്ടിലുള്ള സലിം. ഇദ്ദേഹത്തിന്റെ സ്വത്തിലും മറ്റും എൻഫോഴ്‌സ്‌മെന്റ് അന്വേഷണവും ഉടൻ തുടങ്ങും. രാഷ്ട്രപതിക്കും ഡിക്രിയിൽ പരാതി നൽകാനാണ് തീരുമാനം. ഏറെ സങ്കീർണ്ണ സാഹചര്യങ്ങളിലാണ് പ്രസിഡന്റ് ഡിക്രി പുറത്തിറക്കാറുള്ളത്.

കാശ്മീരിൽ 370-ാം വകുപ്പ് നടപ്പാനും മറ്റും പ്രസിഡന്റിന്റെ പ്രത്യേക അധികാരത്തിലുള്ള ഡിക്രിയാണ് ഉപയോഗിച്ചത്. വധശിക്ഷ പ്രതീക്ഷിച്ച് കിടക്കുന്ന കുറ്റവാളികളുടെ ദയാഹർജിയിൽ ഇറങ്ങുന്നതും ഡിക്രിയാണ്. ഇങ്ങനെ രാഷ്ട്രപതി ഡിക്രി ഇറക്കിയാൽ അത് നടപ്പാക്കാൻ എല്ലാ ഭരണകൂടവും ബാധ്യസ്ഥമാണ്. ഇതിന് ഏറെ നടപടിക്രമങ്ങളുണ്ട്. ഇതൊന്നും പാലിക്കാത്ത ഡിക്രിയാണ് സിലം കബീറിന് വേണ്ടി കെടിഡിഎഫ് സിയിൽ എത്തിയത്. ഔദ്യോഗിക ചാനലിലൂടെയാണ് ഇതെല്ലാം കെടിഡിഎഫ് സി എം ബി അശോകിന് കിട്ടിയതെന്നതും ഞെട്ടിക്കുന്നതാണ്.

ജില്ലാ കളക്ടറുടെ ഓഫീസിലും മുഖ്യമന്ത്രിയുടെ ഓഫിസീലും എല്ലാം ഈ ഡിക്രി എത്തേണ്ടതുണ്ട്. അങ്ങനെ കൈമാറിയാണ് കെടിഡിഎഫ് സിയിൽ എത്തിയത്. വ്യവസായിയായ സലിം കബീർ കെടിഡിഎഫ്‌സിയിൽ നിന്ന് 10 കോടി വായ്പയെടുത്തിരുന്നു. പലിശ സഹിതം സലീം 11 കോടിയിലധികം തിരിച്ചടച്ചു. പലിശ നിരക്ക് കൂട്ടി തന്നിൽ നിന്ന് കൂടുതൽ തുക പിടിച്ചുവെന്നായിരുന്നു സലിമിന്റെ പരാതി. അധികമായി പിടിച്ച പണം തിരികെ നൽകണമെന്ന് രാഷ്ട്രപതി ഉത്തരവിട്ടതിന്റെ രേഖകളാണ് കെടിഡിഎഫ്‌സി എംഡിയായ ഡോ.അശോകിന് കിട്ടിയത്. രാംനാഥ് ഗോവിന്ദിന്റെ പേരിലുള്ള ഈ ഉത്തരവിൽ പറയുന്നത് 50 ദിവസത്തിനുള്ളിൽ തുക തിരികെ നൽകണമെന്നാണ്. ഇതും വ്യാജമായി തയ്യാറാക്കിയതാണ്.