ലണ്ടൻ: ബ്രിട്ടനിലെ ദിനങ്ങൾ എന്നും തന്നെ വേട്ടയാടിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ഓരോ തവണ ലണ്ടനിലേക്ക് പറക്കുന്നതിനു മുൻപായി താൻ ചികിത്സതേടാറുണ്ടായിരുന്നു എന്ന് ഹാരി പറയുന്നു. കണ്ണുകൾ അടച്ചുപിടിച്ച്, ശ്വാസം അടക്കിയുള്ള ''ഐ മൂവ്മെന്റ് ഡിസെൻസിറ്റൈസേഷൻ ആൻഡ് റീപ്രൊസസ്സിങ്'' എന്ന ചികിത്സാരീതി കാമറകൾക്ക് മുന്നിൽ കാണിക്കുകയും ചെയ്തു. ഓപ്ര വിൻഫ്രിയുമൊന്നിച്ചുള്ള, മാനസികാരോഗ്യ പരിപാടിയിലായിരുന്നു ഹാരി ഇക്കാര്യം വെളിപ്പെടുത്തിയത്. ഓരോ തവണ ലണ്ടനിലേക്ക് മടങ്ങും മുൻപ് താൻ ഇത് ചെയ്യാറുണ്ടായിരുന്നു എന്ന് ഹാരി പറഞ്ഞു.

തന്റെ അമ്മയുടെ വിധിയും, അതുപോലെ തന്റെ അനുഭവങ്ങളും, ചുറ്റുപാടും താൻ കണ്ടതുമെല്ലാം എന്നും തന്നിൽ ഭയം വിതറിയിരുന്നു എന്ന് ഹാരി പറയുന്നു. കുട്ടിക്കാലത്ത് മനസ്സിൽ ഭയത്തിന്റെ പൊട്ടുകൾ ജനിപ്പിച്ച അമ്മയുടെ മരണത്തെ കുറിച്ചും, തന്നെയും ഭാര്യ മേഗനെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ പരക്കുന്ന വാർത്തകളെ കുറിച്ചുമൊക്കെ ഹാരി വിശദമായി സംസാരിച്ചു. ഹാരി ഇ ഡി എം ആർ ചികിത്സയ്ക്ക് വിധേയനാകുന്നതും കാമറയിൽ പകർത്തി.

ലണ്ടനിലുള്ള സഞ്ച ഓക്ലെയുടെ നിർദ്ദേശപ്രകാരം വീഡിയോ ലിങ്ക് ഉപയോഗിച്ചാണ് താൻ ഇത് ചെയ്യാറുണ്ടായിരുന്നതെന്നും ഹാരി വെളിപ്പെടുത്തി. കുട്ടിക്കാലം മുതൽ തന്നെ ഉള്ളിൽ ഭയവുമായി ജീവിച്ച വ്യക്തിയായിരുന്നു താൻ എന്ന് വെളിപ്പെടുത്തിയ ഹാരി, തന്റെ അമ്മയുടെ മരണശേഷമുണ്ടായ മാനസിക ആഘാതവും മറ്റും ഒറ്റക്ക് കൈകാര്യം ചെയ്യുവാൻ കുടുംബം തന്നെ വിട്ടുകൊടുക്കുകയായിരുന്നു എന്നും പറഞ്ഞു. പൽരോടും സഹായം അഭ്യർത്ഥിച്ചിരുന്നെങ്കിലും ആരുമുണ്ടായിരുന്നില്ല.

ഹാരിക്ക് കേവലം 12 വയസ്സുള്ളപ്പോഴാണ് അമ്മ ഡയാനാ രാജകുമാരിയുടെ ദാരുണ അന്ത്യം ഉണ്ടാകുന്നത്. വേട്ടയാടുന്ന ഓർമ്മകളിൽ നിന്നും രക്ഷനേടാൻ മദ്യവും മയക്കുമരുന്നുമായിരുന്നു ആശ്രയം. അതോടൊപ്പം, 20 വയസ്സായതോടെ രാജകുടുംബാംഗം എന്ന നിലയിൽ ചുമലിൽ വന്നുവീണ ഉത്തരവാദിത്തങ്ങളും തന്നെ തളർത്തിയതായി ഹാരി പറഞ്ഞു. ഏകദേശം 32 വയസ്സുവരെ ഇതെല്ലാം തിങ്ങിനിറഞ്ഞ് ഭാരം കൂടിയ മനസ്സുമായാണ് ജീവിച്ചത്. ആ സമയത്താണ് മേഗനെ കണ്ടുമുട്ടുന്നത്.

മേഗന്റെ നിർദ്ദേശപ്രകാരമായിരുന്നു പിന്നീട് അമിത ഉത്കണ്ഠയ്ക്കുള്ള ചികിത്സയാരംഭിച്ചത്. ഇന്ന് അത്തരം പ്രശ്നങ്ങളിൽ നിന്നെല്ലാം മുക്തി നേടിയിരിക്കുന്നു,. ഇന്ന് തന്നെ അലട്ടുന്ന ഏക പ്രശ്നം മേഗനെ നഷ്ടപ്പെടുമോ എന്നതുമാത്രമാണെന്നും ഹാരി പറഞ്ഞു.