കൊച്ചി: ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പള്ളിയിൽ ആദി കുർബാന ചടങ്ങ് നടത്തിയതിന് വൈദികൻ അറസ്റ്റിൽ. അങ്കമാലി പൂവത്തുശേരി സെന്റ് ജോസഫ് പള്ളിയിലാണ് സംഭവം. ഇടവക വികാരി കൂടിയായ ഫാദർ ജോർജ് പാലംതോട്ടത്തിലിനെതിരെയാണ് നടപടി.ഇന്നു രാവിലെ എട്ടുമണിയോടെയാണ് ആദ്യകുർബാന ചടങ്ങ് നടന്നത്.

രാവിലെ നാട്ടുകാരിൽ ആരോ ഒരാൾ ലോക്ഡൗൺ ലംഘിച്ച് ആദ്യകുർബാന സ്വീകരണത്തോടനുബന്ധിച്ച് സർക്കാർ ലംഘിച്ച് ആൾക്കൂട്ടത്തോടെ ദിവ്യബലി നടത്തുന്നതായി രഹസ്യവിവരം എസ് പി യ്ക്ക് നൽകിയതിനെ തുടർന്നാണ് പൊലിസ് അറിയുകയും നടപടി സ്വീകരിക്കുകയും ചെയ്തത്.കുട്ടികൾ, മാതാപിതാക്കൾ, പള്ളി വികാരി, സഹ വികാരി എന്നിവർ അടക്കം 28 ഓളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു.എപിഡെമിക് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ഫാ. ജോർജ് പാലമറ്റത്തെ ജാമ്യത്തിൽ വിട്ടു. കൂർബാനയിൽ പങ്കെടുത്ത മുഴുവൻ പേർക്കെതിരെയും നടപടിയുണ്ടാകുമെന്ന് എറണാകുളം റൂറൽ പൊലീസ് വ്യക്തമാക്കിയിരുന്നുഇതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനൊപ്പം പള്ളിയിലുണ്ടായിരുന്ന ഇരുപത്തിരണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒത്തുകൂടി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം.

ചടങ്ങ് നടത്തുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് വിവരം. ഈ മുന്നറിയിപ്പ് ലംഘിച്ചാണ് പള്ളിവികാരിയുടെ നേതൃത്വത്തിൽ ചടങ്ങ് നടത്തിയത്. വികാരി ചെങ്ങമനാട് സ്റ്റേഷനിൽ ഹാജരായി.28 പേരിൽ നിന്നായി 300 രൂപ വീതം പിഴ ഈടാക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളിയാണിത്.