ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ വിമാനമാർഗം ജമ്മു കശ്മീരിലെത്തിയ പ്രധാനമന്ത്രി നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെത്തി. കരസേനാ മേധാവി എം എം നരവനെയും ഒപ്പമുണ്ടായിരുന്നു.

നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. ഭാരത മാതാവിന്റെ സുരക്ഷാ കവചമാണ് ഇന്ത്യൻ സൈനികരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാനും ആഘോഷങ്ങളിൽ സന്തോഷത്തോടെ പങ്കെടുക്കാനും സാധിക്കുന്നത് സൈനികർ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

'പ്രധാനമന്ത്രിയായിട്ടല്ല, സൈനിക കുടുംബത്തിലെ ഒരംഗമായാണ് താനെത്തിയത്. സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതാണ് തനിക്ക് സന്തോഷം. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് ഇവിടെ എത്തിയിരിക്കുന്നത്. രാജ്യം സൈനികരെ ഓർത്ത് അഭിമാനിക്കുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ചുമതല എല്ലാ ഇന്ത്യക്കാർക്കുമുണ്ടെന്നും മോദി അറിയിച്ചു.

 

''രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടല്ല കുടുംബാംഗമായിട്ടാണ് എത്തിയിരിക്കുന്നത്. എല്ലാ വർഷവും അതിർത്തി കാക്കുന്ന സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കറുള്ളത്. ഇത്തവണ രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ അനുഗ്രവുമായാണ് ഞാൻ എത്തിയത്. രാജ്യം സൈനികരെ ഓർത്ത് ഓരോ നിമിഷും അഭിമാനിക്കുന്നു''- മോദി പറഞ്ഞു.

സുരക്ഷാ സേനയ്ക്ക് വേണ്ടി ഉപകരണങ്ങൾ ശേഖരിക്കാൻ വർഷങ്ങളോളം പ്രവർത്തിക്കേണ്ടിവന്നിരുന്നു. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുക എന്നത് മാത്രമാണ് ഇത്തരം പുരാതന രീതികളെ മറികടക്കാനുള്ള പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

സൈനികമേഖലയിലും ആത്മനിർഭർഭാരത് ആശയമാണ് നടപ്പാക്കുന്നത്. സ്വന്തമായി ആയുധങ്ങളും യുദ്ധ ടാങ്കുകളും രാജ്യം നിർമ്മിക്കുന്നു. വനിതകൾക്ക് സൈന്യത്തിൽ പ്രവേശനം നൽകുകയാണ്. നമ്മുടെ പെൺകുട്ടികൾ സൈന്യത്തിന്റെ ഭാഗമാകുകയാണ്. സൈന്യത്തിൽ ചേരുന്നത് ഒരു ജോലിയല്ല, അത് ഒരു സേവനമാണ്. പിറന്ന മണ്ണിനെ സേവിക്കലാണ്. രാജ്യസുരക്ഷയാണ് നമുക്ക് പ്രധാനം. അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും നമ്മൾ തയ്യാറാകില്ല. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴും സൈന്യമാണ് രക്ഷയ്ക്ക് എത്തുന്നത്.

സർജിക്കൽ സ്ട്രൈക്ക് രാജ്യത്തിന് നൽകിയ സംഭാവന വലുതാണ്. ഈ മിന്നലാക്രമണത്തിന് ശേഷം കശ്മീരിൽ അശാന്തിയുണ്ടാക്കാൻ ശ്രമം നടന്നു. ഭീകരതയെ ചെറുത്ത് തോൽപിക്കാൻ രാജ്യത്തിനാകുമെന്നും മോദി കൂട്ടിച്ചേർത്തു.

 

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ജമ്മു കശ്മീരിൽ എത്തുന്നത്. ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച സൈനികർക്ക് നൗഷേരയിലെ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. സൈനികർക്കൊപ്പം ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ച ശേഷമാകും മോദി മടങ്ങുക. ഇതിന് ശേഷം മോദി വെള്ളിയാഴ്ച കേദാർനാഥ് സന്ദർശിക്കും.

2019-ലാണ് ഇതിന് മുമ്പ് പ്രധാനമന്ത്രി രജൗരിയിലെ ആർമി ഡിവിഷനിലെത്തിയത്. ഇത്തവണ നൗഷേരയിലാണ് പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറൽ എം എം നരവനെ ഇന്നലെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതൽ മോദി സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്.

അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 11 സൈനികർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 ദിവസമായി പൂഞ്ച്-രജൗരി വനമേഖലയിൽ സൈന്യം ഏറ്റവും ദൈർഘ്യമേറിയ ഭീകര വിരുദ്ധ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുകയാണ്.