തിരുവനന്തപുരം: മലബാർ കലാപത്തെ ആസ്പദമാക്കി പ്രഖ്യാപിച്ച 'വാരിയംകുന്നൻ' എന്ന സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറിയെന്ന വാർത്തകൾക്ക് പിന്നാലെ പരിഹാസവുമായി കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. ഇരുവർക്കും വാഴപ്പിണ്ടി ജ്യൂസ് നിർദ്ദേശിക്കുന്നു എന്നായിരുന്നു സിദ്ദിഖിന്റെ പരിഹാസം.

നിർമ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് പിന്മാറ്റമെന്ന് സൂചന. 2020 ജൂണിൽ സിനിമ പ്രഖ്യാപിച്ചത് മുതൽ വിവാദം ശക്തമായിരുന്നു. ഇരുവർക്കും എതിരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്.

മലബാർ ലഹളയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്. 'ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്തു മലയാള രാജ്യം' എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു' എന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവചരിത്രത്തിന്റെ നൂറാംവാർഷികത്തിൽ (2021) ചിത്രീകരണം തുടങ്ങുമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

തുടർന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയം കുന്നൻ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്.

പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകൾ രംഗത്ത് വരികയും പൃഥ്വിക്കെതിരേ ശക്തമായ സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇത് സ്വാതന്ത്രൃസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടന്നത്.

ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസിന്റെ മുൻകാല ഫേസ്‌ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളും ചർച്ചയായി. തുടർന്ന് റമീസ് താൽക്കാലികമായി സിനിമയിൽ നിന്ന് പിന്മാറിയിരുന്നു. ആഷിഖ് അബു വാരിയംകുന്നൻ പ്രഖ്യാപിച്ചതിന് പിന്നാലെ പി.ടി. കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും അലി അക്‌ബറും സമാനപ്രമേയവുമായി സിനിമ പ്രഖ്യാപിച്ചിരുന്നു.

ടി സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

വാഴപ്പിണ്ടി കഴിക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയിൽ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കിൽ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിഖ് അബുവിനും ഈ ജ്യൂസ് നിർദ്ദേശിക്കുന്നു...