ലണ്ടൻ: കോവിഡ് വന്നപ്പോൾ ലോകരാജ്യങ്ങളിലെ വിവിധ എംബസി പ്രവർത്തനങ്ങൾ തകരാറിൽ ആയതിന്റെ കഷ്ടത ഏറ്റവും അധികം അനുഭവിക്കേണ്ടി വരുന്നതും മലയാളികൾ തന്നെ. ഡൽഹിയിലെയും ചെന്നൈയിലെയും ബ്രിട്ടീഷ് ഹൈ കമ്മീഷൻ പ്രവർത്തനങ്ങൾ അമ്പേ അവതാളത്തിൽ ആയതോടെ നൂറു കണക്കിന് മലയാളി കുടുംബങ്ങൾ ഇരു രാജ്യത്തുമായി ഒറ്റപ്പെട്ടിരിക്കുന്നു.

സ്വതവേ വിരലിൽ എണ്ണാവുന്ന ജീവനക്കാരുമായി പ്രവൃത്തിക്കുന്ന ചെന്നൈയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷൻ ഓഫീസിനു കോവിഡ് വന്നതോടെ ഓഫിസ് തുറക്കാൻ പോലും ജീവനക്കാരെ കിട്ടുന്നില്ല എന്നാണ് ലഭ്യമായ വിവരം. ഇക്കഴിഞ്ഞ ആറുമാസത്തിനിടയിൽ അനുവദിച്ച വിസ കാലാവധി തീർന്നതോടെ ആയിരക്കണക്കിന് അപേക്ഷകളാണ് ഇപ്പോൾ ഹൈ കമ്മീഷൻ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്.

ഇതേതുടർന്ന് ഇരു രാജ്യത്തുമായി ഒറ്റപ്പെട്ടു പോയ മലയാളി കുടുംബങ്ങൾ കേരളത്തിലും യുകെയിലും സമ്മർദ്ദ ഗ്രൂപ്പായി രംഗത്തു വന്നിരിക്കുകയാണ്. സോമർസെറ്റിലെ സാമൂഹ്യ പ്രവർത്തകൻ സുധാകരൻ പാലാ മുൻകൈ എടുത്തു രൂപം നൽകിയ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ അനേകം ആളുകൾ തങ്ങളുടെ പ്രശ്‌നങ്ങൾ വിവരിച്ചു രംഗത്ത് വന്നതോടെ വിഷയം കേന്ദ്ര വിദേശ കാര്യാ സഹമന്ത്രി വി മുരളിധരന്റെ ശ്രദ്ധയിലും എത്തിയിട്ടുണ്ട്.

എന്നാൽ ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷൻ ഓഫിസ് പ്രവർത്തനം കോവിഡിന് മുൻപുള്ള വിധം സാധാരണ നിലയിലാകും വരെ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായത്തിനൊക്കെ പരിമിതി ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. ചെന്നൈ ഓഫീസ് ഏറ്റവും വേഗത്തിൽ സാധാരണ ഗതിയിൽ പ്രവർത്തിക്കാൻ ബ്രിട്ടീഷ് ഹോം ഓഫീസ് മുൻകൈ എടുക്കും വരെ ഈ വിഷയത്തിൽ അകപ്പെട്ടുപോയ മലയാളി കുടുംബങ്ങൾ കാത്തിരിക്കേണ്ടി വരും എന്ന ചിന്തയാണ് സജീവമാകുന്നത്.

എന്നാൽ ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം വളരെ പ്രതീക്ഷഭരമായ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകാണ്. ഹാംഷെയറിൽ താമസിക്കുന്ന റിച്ചാർഡ് ഹാമിൽട്ടന്റെയും ഭാര്യ പ്രിയ ജേക്കബിന്റെയും അനുഭവം ബ്രിട്ടീഷ് മാധ്യമങ്ങൾ ഉൾപ്പെടെ വലിയ ചർച്ചക്ക് കാരണമാക്കിയതോടെ ഹോം ഓഫീസ് സമ്മർദ്ദത്തിലായിരിക്കുകയാണ്. ഈ ഘട്ടത്തിൽ പ്രശ്നത്തിൽ അകപ്പെട്ട മലയാളികൾ കൂടി സജീവമായി രംഗത്ത് എത്തിയാൽ അനേകം കുടുംബങ്ങൾക്ക് വീണ്ടും ഒന്നിക്കാൻ അവസരം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങളും വിമാന സർവീസ് നിർത്തിവയ്ക്കലും ഭാഗികമായി ഇരു രാജ്യങ്ങളും പിൻവലിച്ചതോടെയാണ് ആയിരക്കണക്കിനാളുകളുടെ വിസ അപേക്ഷകൾ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷൻ ഓഫിസുകളിൽ കുമിഞ്ഞു കൂടാൻ കാരണമായത്.

ഇതേതുടർന്ന് തങ്ങളുടെ കുടുംബം ഇരു രാജ്യങ്ങളിലുമായി വേർപെട്ട അവസ്ഥയിലാണെന്ന് ഹാംഷെയറിലെ പ്രിയ ജേക്കബും ബ്രിട്ടീഷുകാരനായ ഭർത്താവ് റിച്ചാർഡ് ഹാമിൽട്ടണും നൽകിയ പരാതിയാണ് ഇപ്പോൾ മാധ്യമ ശ്രദ്ധ നേടുന്നത്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായി നാട്ടിൽ എത്തിയ പ്രിയക്ക് കുഞ്ഞിന്റെ പാസ്‌പോർട്ട് ലഭിക്കാത്തതിനാൽ യുകെയിൽ മടങ്ങി എത്താൻ കഴിയുന്നില്ല എന്നത് ഹോം ഓഫിസിന്റെ ഗുരുതര വീഴ്ചയായി മാറുകയാണ്.

ചിലപ്പോൾ ബ്രിട്ടീഷ് പാസ്‌പോർട്ട് അപേക്ഷകർക്ക് മുഖാമുഖം കാണേണ്ട സാഹചര്യം വരുമെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഇത്തരം കൂടിക്കാഴ്ചകൾ ഒഴിവാക്കിയിരുന്നു. എന്നാൽ പ്രിയയുടെ കാര്യത്തിൽ ഹോം ഓഫിസ് മുഖാമുഖം കൂടിക്കാഴ്ചയുടെ കാര്യമാണ് അവർത്തിക്കുന്നത്. പക്ഷെ എന്ന്, എപ്പോൾ എന്നതിൽ വ്യക്തതയില്ല.

ഹാംഷെയറിൽ താമസിക്കുന്ന പ്രിയയ്ക്കും റിച്ചാർഡിനും രണ്ടു കുട്ടികൾ ആണുള്ളത്. മനുഷ്യാവകാശ പ്രവർത്തകനായ റിച്ചാർഡിനു പലപ്പോഴും രാജ്യത്തിന് വെളിയിൽ സഞ്ചരിക്കേണ്ടി വരുന്നതിനാൽ പ്രിയയുടെ സാന്നിധ്യം വീട്ടിൽ അനിവാര്യമാണ്. ഈ സാഹചര്യം ഒക്കെ വിശദമാക്കി ഹോം ഓഫീസിനു കത്തെഴുതിയെങ്കിലും നിരാശയായിരുന്നു ഫലം. മ്യാന്മറിൽ പ്രോജക്ട് ഡയറക്ടർ ആയി റോഹിങ്കൻ അഭയാർത്ഥികൾക്ക് വേണ്ടി ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ട പ്രിയക്കും മകന്റെ പാസ്‌പോർട്ട് ലഭിക്കാത്തതിനാൽ യാത്ര ചെയ്യാൻ സാധിക്കാത്ത നിലയിലാണ് കാര്യങ്ങൾ.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയ അപേക്ഷയിൽ ഇനിയും കാലതാമസം എന്തെന്ന് വക്തമാക്കാൻ ഹോം ഓഫീസിനും കഴിയുന്നില്ല. ഇക്കഴിഞ്ഞ ഏഴു മാസത്തിനിടയിൽ 67 ഇമെയിലുകൾ, 16 ഫോൺകോളുകൾ, എംപി ഡാമിയൻ ഹിന്റിന് അയച്ച അഞ്ചു കത്തുകൾ, ഹോം സെക്രട്ടറി പ്രീതി പട്ടേലിന് എഴുതിയ രണ്ടു കത്തുകൾ എന്നിവയൊന്നും പാസ്‌പോർട് ലഭിക്കുന്നതിൽ സഹായമായില്ലെന്നാണ് പ്രിയക്ക് പറയാനുള്ളത്.

അകാരണമായി ഉണ്ടായ ഈ കാലതാമസം കാരണം പ്രിയക്ക് ലഭിച്ച ജോലി വാഗ്ദാനം ഇപ്പോൾ നിരസിക്കപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. തുടർച്ചയായ സമ്മർദങ്ങൾക്ക് ഒടുവിൽ ഏറ്റവും വേഗത്തിൽ പാസ്‌പോർട്ട് ലഭ്യമാകാൻ ഉള്ള നടപടി ഉണ്ടാകും എന്നാണിപ്പോൾ ഹോം ഓഫിസ് വ്യക്തമാക്കുന്നത്.