തിരുവനന്തപുരം: എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ താനൊരു ചിത്രം സംവിധാനം ചെയ്യുമെന്ന് പ്രയദർശൻ അറിയിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിടാത്തതിനാൽ ചിത്രം രണ്ടാമുഴമായിരിക്കുമോ എന്നുപോലും പ്രേക്ഷകർ പ്രതീക്ഷകൾ പങ്കുവെച്ചിരുന്നു.എന്നാലിപ്പോഴിത ചിത്രത്തെക്കുറിച്ച് സൂചനകൾ നൽകി രംഗത്തെത്തിയിരിക്കുകയാണ് ബിജുമേനോൻ.ഒരു അഭിമുഖത്തിൽ ഈ ചിത്രത്തെക്കുറിച്ച് താരം പറഞ്ഞിരിക്കുന്നത്.

എം ടി വാസുദേവൻ നായരുടെ ആറ് കഥകൾ കോർത്തിണക്കിയ ആന്തോളജിയിയുടെ ഭാഗമായ ഒരു ലഘുചിത്രമാണ് പ്രിയൻ സംവിധാനം ചെയ്യുന്നത്. 'ശിലാലിഖിതം' എന്ന കഥയാണ് പ്രിയദർശൻ സംവിധാനം ചെയ്യുക. ബിജു മേനോനാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുക. മലയാളത്തിലെ മുൻനിര സംവിധായകരാണ് മറ്റു ഭാഗങ്ങളും സംവിധാനം ചെയ്യുക. കോവിഡ് നിയന്ത്രണങ്ങൾ മാറിയാൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ബിജു മേനോൻ പറഞ്ഞു.

എംടിയുടെ കഥകൾ കോർത്തിണക്കി നെറ്റ്ഫ്‌ളിക്‌സിനു വേണ്ടി ആന്തോളജി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ സാധുകരിക്കുന്ന വെളിപ്പെടുത്തലുകൾ സന്തോഷ് ശിവനും പങ്കുവെച്ചിരുന്നു.'എന്റെ അടുത്ത പ്രോജക്റ്റ് എം ടി വാസുദേവൻ നായരുടെ അഭയം തേടി.. നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി ചെയ്യാൻ പോവുകയാണ് ഇപ്പോൾ. അമൂർത്തമായ ഒരു ആശയമാണ് ചിത്രത്തിന്. സിദ്ദിഖിനെയാണ് ഞാൻ അഭിനയിക്കാൻ വിളിക്കുന്നത്. വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും അത്. ഇതിനകത്ത് അങ്ങനെ കഥയായിട്ടൊന്നുമില്ല.

മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ്. ഇത് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. ആ ചലഞ്ച് ഏറെ ആവേശപ്പെടുത്തുന്ന ഒന്നാണ്. നെറ്റ്ഫ്‌ളിക്‌സ് പോലെ ഒരു ഒടിടി പ്ലാറ്റ്‌ഫോമിൽ ഒരുപാട് എക്‌സ്‌പ്ലോർ ചെയ്യാനുണ്ട്. അന്തർദേശീയ പ്രേക്ഷകരിലേക്ക് എത്തിച്ചേരാം എന്നതാണ് ഒടിടിയുടെ ഏറ്റവും വലിയ നേട്ടം', ജൂൺ മാസത്തിലെ ഒരു ക്ലബ്ബ് ഹൗസ് ചർച്ചയ്ക്കിടെ ആയിരുന്നു സന്തോഷ് ശിവന്റെ വെളിപ്പെടുത്തൽ.