തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിങ്ങ് പുകുതി പിന്നിടുമ്പോൾ കനത്ത ചൂടിനൊപ്പം ശക്തമായ പോളിങ്ങുമാണ് രേഖപ്പെടുത്തുന്നത്. ഉച്ചപിന്നിടുമ്പോൾ തന്നെ പോളിങ്ങ് ശതമാനം നാൽപ്പത് പിന്നിട്ട് കഴിഞ്ഞു.സ്ഥിതിഗതികൾ പൊതുവേ ശാന്തമാണെങ്കിലും വിവിധയിടങ്ങളിൽ അക്രസംഭവങ്ങളും റിപ്പോർട്ട് ചെയ്തു.സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിന് മുൻപെ പൊലീസ് എത്തി നിയന്ത്രണവിധേയമാക്കുന്ന റി്‌പ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ആന്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയർന്നു. പോളിങ് ഉദ്യോഗസ്ഥർ പക്ഷപാതമായി പെരുമാറുന്നുവെന്നും വോട്ടർമാരെ തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഇത് ചോദ്യം ചെയ്തപ്പോഴാണ് എൽഡിഎഫ് പ്രവർത്തകർ തന്നെ കൈയേറ്റം ശ്രമിച്ചെന്നും യുഡിഎഫ് സ്ഥാനാനാർഥി വി.പി.അബ്ദുൾ റഷീദ് പരാതിപ്പെട്ടു.എ്ന്നാൽ സ്ഥാനാർത്ഥി ബൂത്തിൽ നേരിട്ടെത്തി ഇടപെടുന്നത് ശരിയല്ലെന്ന് എൽഡിഎഫ് പ്രവർത്തകരും ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കം പിന്നീട് സിപിഎം-ലീഗ് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും മാറ്റിനിർത്തുകയായിരുന്നു.

കണ്ണൂർ താഴെചൊവ്വ എൽപി ബൂത്ത് 73ൽ വോട്ട് മാറി ചെയ്തതിന് ഒരാൾ കസ്റ്റഡിയിൽ. വോട്ടേഴ്സ്സ് ഹെൽപ്പ് ആപ്പ് വഴി ഡൗൺലോഡ് ചെയ്ത വോട്ടേഴ്‌സ് സ്ലിപ് മാറിപ്പോയതാണ് സംഭവം. യഥാർത്ഥ വോട്ടർക്ക് ഇവിടെ വോട്ട് ചെയ്യാനായില്ല. സംവത്തിൽ പ്രിസൈഡിങ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

കോഴിക്കോട് നാദാപുരത്ത് കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പ്രവീൺ കുമാർ. പത്താം നമ്പർ ബൂത്തിലെ 286-ാം ക്രമനമ്പറിലുള്ള ആയിഷയുടെ വോട്ടാണ് മറ്റൊരാൾ ചെയ്തതായി ആരോപണം ഉയർന്നിരിക്കുന്നത്. കള്ളവോട്ട് നടന്നെന്ന് കാണിച്ച് പ്രവീൺ കുമാർ ജില്ലാ കളക്ടർക്ക് പരാതി നൽകി.മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ താൻ സന്ദർശനം നടത്തിയെന്നും എന്നാൽ ചില ബൂത്തുകളിൽ തന്നെ സിപിഎം പ്രവർത്തകർ തടഞ്ഞെന്നും പ്രവീൺ കുമാർ ആരോപിക്കുന്നു.തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ബൂത്തുകളിൽ എത്തി തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ഥാനാർത്ഥിക്ക് അവകാശമുണ്ടെന്ന കാര്യവും പ്രവീൺ ചൂണ്ടിക്കാണിക്കുന്നു. നാദാപുരത്ത് ആറായിരത്തിലേറെ ഇരട്ടവോട്ടുകളുണ്ടെന്ന് നേരത്തെ യുഡിഎഫ് ആരോപിച്ചിരുന്നു.

കോഴിക്കോട് രാവിലെ തന്നെ ബൂത്തിൽ കൈയേറ്റം ചെയ്യാൻ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടി ആരോപിച്ചു. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ ഡിവൈഎഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്നാണ് ധർമജന്റെ ആരോപണം.

നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വയനാട്ടിൽ വോട്ടിങ് യന്ത്രത്തിനെതിരെ പരാതി. രണ്ട് വോട്ടുകൾ ചിഹ്നം മാറി പതിഞ്ഞെന്നാണ് പരാതി. കമ്പളക്കാട് ബൂത്തിലാണ് സംഭവം. ഇതേത്തുടർന്ന് പോളിങ് അരമണിക്കൂറോളം വൈകി.

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി പ്രവർത്തകർ തടഞ്ഞുവെച്ചു. തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബിജെപി-കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി. മറ്റൊരു വാഹനം തകർത്തു.

ആലപ്പുഴയിൽ ഇരട്ടവോട്ടുള്ളയാളുടെ വോട്ട് ചെയ്യാൻ ഹെൽമെറ്റ് ധരിച്ചെത്തിയയാളെ തിരിച്ചയച്ചു. പോളിങ് ബൂത്തിനുള്ളിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഹെൽമെറ്റ് ഊരാൻ തയ്യാറാകാതെ വന്നപ്പോഴാണ് ഇയാളെ തിരിച്ചയച്ചത്. കളർകോട് എൽ പി എസിലെ 67-ആം നമ്പർ ബൂത്തിൽ ആയിരുന്നു സംഭവം.

പത്തനംതിട്ട ആറന്മുള മണ്ഡലത്തിൽ 233 ബൂത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം. പോളിങ് ബൂത്തിന് മുന്നിൽ സിപിഎം ഏജന്റ് എൽഡിഎഫ് ചിഹ്നമുള്ള കൊടിയുമായി നിന്നതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതോടെ പ്രശ്‌നം സംഘർഷത്തിലേക്കെത്തുകയും ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയുമായിരുന്നു.

തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘർഷമുണ്ടായി. നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.