കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രതിഷേധം കടുപ്പിച്ച് മുസ്ലിം സംഘടനകൾ. ബിഷപ്പ് ഹൗസിലേക്ക് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയാണ് പ്രതിഷേധിച്ചത്. ഇരുന്നൂറോളം പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ഇത് മറികടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.

സംസ്ഥാനത്ത് ലൗ ജിഹാദിനൊപ്പം മയക്കുമരുന്ന് നൽകി വശീകരിക്കുന്ന നാർക്കോട്ടിക് ജിഹാദും സജീവമാണെന്നും. ഇതിനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നതിനാൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമുള്ള ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരേ പ്രതിഷേധം വ്യാപകമാവുകയാണ്. പി.ഡി.പിയും ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തുന്നുണ്ട്.

ബിഷപ്പിന്റെ പ്രസ്താവന സാമുദായിക ഐക്യം തകർക്കുമെന്നും മതേതര സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുമെന്നും കാണിച്ച് മുസ്ലിം ഐക്യവേദി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിലും പൊലീസിൽ പരാതി നൽകുന്നതുൾപ്പെടെയുള്ള നിയമനടപടികളുമായി മുസ്ലിം സംഘടനകൾ രംഗത്തുണ്ട്.

പാലാ ബിഷപ്പിനെതിരെ മുസ്ലിം യുവജന സംഘടനയായ എസ്വൈഎസ്. പരാമർശത്തിൽ ബിഷപ്പിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. കേവലം നാക്കു പിഴയായി കാണാൻ സാധിക്കില്ലെന്നും പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും സുന്നി യുവജന സംഘം പറഞ്ഞു.

സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സർക്കുലറിൽ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്. നാർക്കോടിക് ജിഹാദ് പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അതേസമയം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സാമുദങ്ങളെ ഭിന്നിപ്പിക്കുന്നതാണ് ഈ പ്രസ്താവനയെന്നും മത സൗഹാർദ്ദം ഇത് ഇല്ലാതാക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. അതേസമയം ബിഷപ്പ് ഉന്നയിച്ചതൊരു സാമൂഹിക ആശങ്ക മാത്രമാണ്. ബിഷപ്പിനെ വേട്ടയാടാൻ അനുവദിക്കില്ല.

വിഷയത്തിൽ നീതിയുക്തായ അന്വേഷണം നടത്തി യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് തോമസ് ആർവി പ്രതികരിച്ചത്.

എന്നാൽ പ്രാദേശിക യൂണിറ്റ് പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞത് യൂത്ത് കോൺഗ്രസ് നിലപാട് അല്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിവും യൂത്ത് കോൺഗ്രസ്സിന്റെ പിന്തുണയുണ്ടാവില്ല. എത് വിഷയത്തിലായാലും സംസ്ഥാന കമ്മിറ്റിയാണ് നിലപാട് വ്യക്തമാക്കുന്നതെന്നും യൂത്ത് കോൺഗ്രസ് തോമസിന്റെ പ്രസതാവനയെ തള്ളിക്കൊണ്ട് അറിയിച്ചു.

അതേസമയം ബിഷപ്പിനെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തി. സത്യം വിളിച്ചുപറയുന്ന ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.