ആലപ്പുഴ: ന​ഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി പരസ്യ പ്രകടനം നടത്തിയ മുഴുവൻ പാർട്ടി പ്രവർത്തകർക്കും എതിരെ പാർട്ടിയുടെ അച്ചടക്ക നടപടിയുണ്ടാകും. പ്രകടനത്തിൽ പങ്കെടുക്ക പാർട്ടി മെമ്പർമാരോടും പോഷക സംഘടനാ ഭാരവാ​ഹികളോടും വിശദീകരണം ചോദിക്കാനൊരുങ്ങി സിപിഎം ജില്ലാ നേതൃത്വം. നേരത്തെ, പ്രകടനത്തിന് നേതൃത്വം കൊടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കിയിരുന്നു. പി പ്രദീപ്, സുകേഷ്, പി പി മനോജ് എന്നിവരെയാണ് പുറത്താക്കിയത്.

കീഴ്ഘടകങ്ങളോടും പ്രകടനത്തിൽ പങ്കെടുത്ത മുഴുവൻ പേരോടും വിശദീകരണം ചോദിക്കും. രണ്ട് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. സംഭവം കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി. അന്വേഷണ കമ്മീഷനെ വയ്ക്കണോ എന്ന കാര്യത്തിൽ പിന്നീട് തീരൂമാനമെടുക്കും.

നഗരസഭാ അധ്യക്ഷ പദവിയെ ചൊല്ലി സിപിഎമ്മിനുള്ളിൽ ഉടലെടുത്ത തർക്കമാണ് ഒടുവിൽ പൊട്ടിത്തെറിയിൽ എത്തിയത്. പരിചയ സമ്പന്നയായ കെ കെ ജയമ്മയെ തഴഞ്ഞതാണ് അണികളെ പ്രകോപിപ്പിച്ചത്. നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം പാർട്ടി പ്രവർത്തകർ രംഗത്തെത്തി. പാർട്ടിയിൽ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗൺസിലർ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഈ നിയമനം നേതാക്കളുടെ താൽപ്പര്യം മുൻനിർത്തി ആണെന്നാണ് ആക്ഷേപം.

പാർട്ടി ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയ്ക്ക് പകരം സൗമ്യ രാജിനെ തിരഞ്ഞെടുത്തത് കോഴവാങ്ങിയാണെന്നാരോപിച്ച് നേതൃത്വത്തിനെതിരേ നൂറോളം പ്രവർത്തകരാണ് പാർട്ടികൊടിയും മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ഒരു സ്വകാര്യ സ്‌കൂളിന്റെ നടത്തിപ്പുകാരിയായതു കൊണ്ടാണ് ഈ തീരുമാനമെന്നുമാണ് ഉയർന്നിരിക്കുന്ന വിമർശനം.

പി.പി ചിത്തരഞ്ജൻ അടക്കമുള്ള നേതാക്കൾക്കെതിരേയാണ് പ്രധാനമായും മുദ്രാവാക്യം ഉയരുന്നത്. വലിയ മേധാവിത്വത്തിലായിരുന്നു ഇത്തവണ എൽ.ഡി.എഫ് യു.ഡി.എഫിൽ നിന്ന് നഗരസഭാ അധികാരം പിടിച്ചെടുത്തിരുന്നത്. അതുകൊണ്ട് തന്നെ പാർട്ടിയുടേതായ ഒരു മുഖം ഉണ്ടാവണമെന്നും നിർദ്ദേശം ഉയർന്നിരുന്നു.

അധ്യക്ഷ പദവയിലേക്ക് കെ.കെ ജയമ്മയുടേയും സൗമ്യ രാജിന്റേയും പേര് ഉയർന്ന് വന്നുവെങ്കിലും ഏറെ പേർക്കും താത്പര്യം കെ.കെ ജയമ്മയോടായിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ നേതൃത്വം സൗമ്യ രാജിനെ അധ്യക്ഷയാക്കി. പ്രശ്ന പരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗൺസിലർമാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പ്രശ്നം പരിഹരിച്ചിരുന്നില്ല. തുടർന്നാണ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.